ജയിലെത്രധന്യ

സി. പി. അബൂബക്കര്‍

ജയിലെത്രധന്യ
അവളിലനുരക്തരല്ലെങ്കിലുമെത്രപേര്‍
പുകള്‍പെറ്റവര്‍
വാളേന്തിവാണവര്‍ 
ഭരണകര്‍ത്താക്കളായൊരുപാട് കാലം 
വിരാജിച്ചുനിന്നവര്‍
ജയിലെത്രധന്യ

അവളിലുന്മത്തരല്ലെങ്കിലും 
രാജാക്കള്‍യോദ്ധാക്കളെത്രപേര്‍
നാടിന്‍ചരിത്രം തിരുത്തിക്കുറിക്കുവാന്‍ 
നായരും നരിയുമായ്
മത്സരിച്ചേറെ നാള്‍ 
വീട്ടിനു ചുറ്റും കറങ്ങിനടന്നവര്‍
ജലപാതമെല്ലാം കുടിച്ചഭഗീരഥര്‍
സ്വര്‍ണ്ണം വിളയുന്ന ഖനികളില്‍കുടിയേറി
വെള്ളം കുടിച്ചെന്ന് പാവം നടിച്ചവര്‍
നുരയും സുരാപാത്രമൊരുമിച്ചെടുത്തവര്‍
തുള്ളിയായ്തുള്ളിയായ് വീതിച്ചെടുത്തവര്‍
ജയിലെത്രധന്യ. 

പേരെന്തുതന്നെയാവട്ടെ, 
ജയിലെത്രധന്യ

സമാനരായെത്രപേരവളില്‍വസിക്കുന്നു
അവളുടെ തിരുമുമ്പിലാരെന്നുമെന്തെന്നുമറിയാതെ
മന്ദഹസിക്കുന്നു, 
ചിലസമയങ്ങളില്‍പതിയെ വിതുമ്മുന്നു
ഗദ്ഗദകണ്ഠരായ് 
ഓരോന്നുമോരോന്നുമോര്‍മ്മിച്ചുപോവുന്നു
എല്ലാം ശ്രവിക്കുന്നു 
ജയിലെത്രധന്യ

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ജയിലെത്രധന്യ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക