കണ്ണൂര്‍പെരുമ

സി. പി. അബൂബക്കര്‍

കണ്ണൂര്‍പൊലിമയും തെയ്യവും
ഗ്രന്ഥകര്‍ത്താവ്- കീച്ചേരിരാഘവന്‍
പ്രസാധകര്‍- ഹരിതംബുക്‌സ്
വില 110രൂപ

എന്താണ് ചരിത്രം? ഭൂതകാലത്തിന്റെ വിവരണമോ ? കുറെക്കൂടി ക്ലുപ്തമായി പറഞ്ഞാല്‍ ഭൂതകാലപരിവര്‍ത്തനങ്ങളുടെ വിവരണമാണ് ചരിത്രം. ഇവിടെ നാം ചരിത്രത്തോട് മാറ്റത്തെ കൂടി ചേര്‍ത്തിരിക്കുകയാണ്. പരിവര്‍ത്തനങ്ങളുണ്ടായിരുന്നില്ലെങ്കില്‍ എഴുതാനൊരു ചരിത്രമുണ്ടാവുമായിരുന്നില്ലെന്ന് ജവഹര്‍ലാല്‍ നെഹറു പറയുന്നുണ്ട്. കണ്ണൂരിന് വലിയൊരു ചരിത്രമുണ്ട് . കണ്ണൂരിന്റെ പ്രാക്തനസമൂഹത്തില്‍നിന്ന് ഇന്നത്തെ സമൂഹചത്തിലേ ക്കുള്ള പരിവര്‍ത്തനമാണ് ആ ചരിത്രം രേഖപ്പെടുത്തുന്നത്. സമൂഹരൂപീകരണത്തിന്റെ പേറ്റുനോവുകള്‍ കണ്ണൂര്‍ചരിത്രത്തിലുടനീളമുണ്ട് . ആ ചരിത്രം ദൃഢമായി സ്ഥാപിക്കുകയാണ് ശ്രീ കീച്ചേരിരാഘവന്‍ തന്റെ കണ്ണൂര്‍ പൊലിമയും തെയ്യവും എന്ന പുതിയ പുസ്തകത്തിലൂടെ ചെയ്യുന്നത്. കണ്ണൂരിന്റെ കഥയെന്ന പ്രാരംഭലേഖനത്തിലും ഇതുതന്നെയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്.

' തികഞ്ഞ മതസൗഹാര്‍ദ്ദമാണ് കണ്ണൂരിന്റെ മുഖമുദ്ര. ചരിത്രത്തിലുടനീളം അതിന്റെ അടയാളങ്ങള്‍ കാണാം. കണ്ണൂരില്‍ എല്ലാമതക്കാരും ഭരണം നടത്തിയിട്ടുണ്ട്. ചുരുക്കം ചിലഘട്ടങ്ങളിലൊഴിച്ചാല്‍ മറ്റുമതസ് ഥര്‍ക്കു വേണ്ടത്രസംരക് ഷണം എല്ലാകാലയളവിലും ലഭിച്ചിരുന്നു. എന്നാല്‍ വിവിധമതങ്ങളിലെ ന്യൂനപക് ഷം മതതീവ്രവാദം വളര്‍ത്താനും ജാതായതയെ പുനര്‍ജീവിപ്പിക്കാനും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. അത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കണ്ണൂരില്‍ വേരോട്ടമുണ്ടാവുകയില്ല. നേരിന്റേയും നേരിനുവേണ്ടിയുള്ള പോരിന്റേയും വീറ് ഇന്നും നിലനിര്‍ത്തുന്ന കണ്ണൂര്‍ജനത ശരിയായ രാഷ് ട്രീയദിശയിലേക്കുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും'.

ചരിത്രവുമായി കേവലമായ മമതയല്ല കീച്ചേരിക്കുള്ളത്, അഗാധമായ പ്രണയം തന്നെയാണ്. ചരിത്രത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഒന്നും ഈ കൃതിയില്‍ പരിശോധിക്കപ്പെടുന്നില്ല. ചരിത്രമാണിവിടെ എല്ലാത്തിനും പരിഹാരം, പ്രശ്‌നങ്ങളും ചരിത്രത്തില്‍നിന്നു തന്നെയാണുണ്ടാവുന്നത്. കണ്ണൂരിന്റെ യശോധാവള്യവും കണ്ണൂരിനെതിരായ കന്മഷം കലര്‍ന്ന പ്രചാരവേലയുമെല്ലാം ചരിത്രത്തിന്റെ തന്നെ സൃഷ്ടികളാണ്. ചരിത്രത്തെ സ്വന്തം വികാരവും വിചാരവുമായി ഗ്രന്ഥകാരന്‍ കാണുന്നു. എന്നാല്‍ ഇതുകൊണ്ട് ചരിത്രത്തിന്റെ സര്‍ഗ്ഗാത്മകത നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. പുസ്തകത്തിലെ ഇരുപത്തിയഞ്ചുലേഖനങ്ങളും ഇക്കാര്യം സംശയലേശമില്ലാതെ തെളിയിക്കുന്നുണ്ട്.

മറ്റൊരു പ്രധാനസംഗതി ചരിത്രത്തെ എങ്ങിനെ വര്‍ത്തമാനജീവിതവുമായി ബന്ധപ്പെടുത്തുന്നു എന്നതാണ്. ഇവിടെ നാം പരിശോധിക്കുന്നത് പൊതുചരിത്രത്തിന്റെ വിശേഷമായ പ്രയോഗമാണ്. വലിയൊരു പ്രശ്‌നംതന്നെയാണത്. പ്രഫഷണല്‍ ചരിത്രകാരന്മാര്‍ക്കു ഏറെ ദുഷ്‌കരമായ ഈ കാര്യം കീച്ചേരി അയത്‌നലളിതമായി ഈ കൃതിയില്‍ സാക്ഷാത്കരിക്കുന്നുണ്ട്. പൊതുചരിത്രത്തിലെ ആര്യാഗമനമെന്ന സംഗതിയെ കണ്ണൂരിന്റെ വിശേഷചരിത്രത്തില്‍ ബ്രാഹ്മണാഗമനമായി അദ്ദേഹം രേഖപ്പെടുത്തുന്നു. യോജിക്കാം, വിയോജിക്കാം, പക്ഷേ, അദ്ദേഹത്തിന്റെ യുക്തിയെ അവഗണിച്ചുകടന്നുപോവാന്‍നമുക്ക് സാധ്യമാവില്ല. ദ്രാവിഡരായബ്രാഹ്മണന്മാരും ഉണ്ടല്ലോയെന്ന് നാം ശഠിക്കുമ്പോള്‍ ആര്യസഞ്ചികയില്‍ പെട്ടുപോയ ദ്രാവിഡജനതയുടെ സ്ഥിതിയെന്ന മറുപടി കീച്ചേരി പറയുമെന്നതില്‍ സംശയമൊന്നുംവേണ്ട. അതായത് സ്വന്തം മതം പൂര്‍ണമായ ബോധ്യത്തോടെയാണ് കീച്ചേരി അവതരിപ്പിക്കുന്നത്.

ചരിത്രമായാലും അനുസ്മരണമായാലും അവലോകനമായാലും ഓരോ ലേഖനത്തിലും ഈ ചരിത്രസാന്നിധ്യം ആര്‍ദ്രമധുരമായി പ്രകടമാവുന്നുണ്ട്; ഒപ്പം ശക്തമായ രാഷ്ട്രീയബോധവും. നിയതമായ കക്ഷിരാഷ്ട്രീയമുണ്ട്, കീച്ചേരിക്ക്. അതേസമയം ഗ്രന്ഥത്തിലാവിഷ്‌കൃതമാവുന്ന രാഷ്ട്രീയബോധം കരേവലമായ കക്ഷിരാഷ്ടീ്രയമല്ല. സ്വന്തം ജനങ്ങളെ പറ്റിയുള്ള ബോധം, അവരുമായുള്ള താദാത്മ്യം, അവരുടെ ശക്തിദൗര്‍ബല്യങ്ങളെകുറിച്ചുള്ള ഉള്‍ക്കാഴ്ച, പ്രശ്‌നങ്ങളുടെ അനാവരണം, അവ പരിഹരിക്കാനുള്ള അറിവ് നേടല്‍, പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും സംഘടിപ്പിക്കല്‍ എന്നിവയാണ് പൊതുരാഷ്ട്രീയത്തിനുവേണ്ടത്. ഈ ബോധം കീച്ചരിയുടെ എല്ലാരചനകളിലും ലയിച്ചിരിക്കുന്നു. കല്യാശ്ശേരിയെയുംകുറുമാത്തൂരിനെയും പെരിഞ്ചെല്ലൂരിനെയും പറ്റിയുള്ള അനുസ്മരണങ്ങളും കുടിയാന്മലയേയും പൈതല്‍മലയേയുംപറ്റിയുള്ള അവലോകനങ്ങളും ഇവ്വിധം ചരിത്രവും രാഷ്ട്രീയവും സര്‍ഗ്ഗാത്മകമായി ലയിച്ചുചേര്‍ന്ന രചനകളാണ്.

പൂരത്തെയും തെയ്യത്തെയും പറ്റിയുള്ള ചെറുപഠനങ്ങള്‍ ഇപ്പുസ്തകത്തിന് കേവലമായ അലങ്കാരങ്ങള്‍ മാത്രമല്ല, ഇതിന്റെ അവിഭാജ്യഘടകങ്ങളും കൂടിയാണ്. രണ്ടും ദൈവാരാധനയെന്നതിനേക്കാള്‍ ഭൗതികജീവിതാവശ്യങ്ങളുടെ സ്പഷ്ടമായ ആവിഷ്‌കാരങ്ങളാണ്. ജീവികളിലന്തര്‍ലീനമായ കാമനയുടെ സൃഷ്ട്യുന്മുഖമായ വ്യാഖ്യാനമാണ് പൂരത്തിലൂടെ അവതീര്‍ണമാവുന്നത്. ഈ വ്യാഖ്യാനം വഴി അത് ഉര്‍വരതാരാധനയായി വികസിക്കുന്നു. ഋഗ്വേദംപോലും ഭൗതികശ്രേയസ്സിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളുള്ള കൃതിയാവുമ്പോള്‍ ജനങ്ങളുടെ ആത്മാവിഷ്‌കാരങ്ങളില്‍ അതൊന്നും പാടില്ലെന്ന് അനുശാസിക്കാനാര്‍ക്കാണ് കഴിയുക?

അവര്‍ണജനവിഭാഗങ്ങളുടെ , തികച്ചും സെക്യുലറായ കലാരൂപമായിട്ടാണ് തെയ്യത്തെ ഗ്രന്ഥകാരന്‍ കാണുന്നത്. നമ്മുടെ ഫോക്ക് ലോറില്‍ വര്‍ഗ്ഗീയതയുടെ ഹീനമായ കടന്നുകയറ്റം നടക്കുന്ന കാലമാണിത്. പുത്തൂരം പാട്ടുകളിലും തച്ചോളിപ്പാട്ടുകളിലും ആവിഷ്‌കൃതമായ ചരിത്രത്തെ ഒരു തെളിവുമില്ലാതെ മാറ്റിയെഴുതാനും പരിശ്രമം നടക്കുന്നുണ്ട്. ഇല്ലാത്തചരിത്രം ഉണ്ടാക്കുവാനും അതുവഴി പുതിയൊരു വര്‍ഗ്ഗീയധ്രുവീകരണം ഉണ്ടാക്കുവാനുമുള്ള യത്‌നമാണത്. അത്തരമൊരവസ്ഥയില്‍ പല അനുഷ്ഠാനകലകളുടേയും അടിസ്ഥാനപരമായ സെക്യുലര്‍സ്വഭാവം ഉയര്‍ത്തിപ്പിടിക്കേണ്ടത് ആവശ്യമാണ്.

പുസ്തകത്തിലെ ഓരോപ്രബന്ധവും ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. കണ്ണൂരിന്റെ വാമൊഴിചരിത്രവും തെയ്യങ്ങളുടെ ഭാവവൈകാരികതകളും പൂരക്കളിയുടെ താളവട്ടങ്ങളും കണ്ണൂരിന്റെ ഉത്സവപ്രസക്തികളും ജനകീയവീക്ഷമത്തിലവതരിപ്പിക്കുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. പ്രസാധകര്‍ അവകാശപ്പെടുന്നതുപോലെ അതുകൊണ്ടുതന്നെ വേറിട്ടചൊരുവായനയ്ക്ക് അവസരമൊരുക്കുന്നൊരു ഗ്രന്ഥമാണിത്.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, കണ്ണൂര്‍പെരുമ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക