വല്മീകം

അനില്‍ ജിയേ

എഴുതിത്തീര്‍ത്ത്
അടിവരയിട്ടു.
ചിറകുകള്‍ വിരിച്ച് പക്ഷികളെ പോലെ
എല്ലാം ഇപ്പോള്‍ പറന്നു പോകുമെന്ന് നിനച്ചു .
ഇല്ല
തിളച്ചു തൂവുന്ന കടലേ
ഉറക്കമില്ലാത്തൊരുടലേ
നക്ഷത്രങ്ങള്‍ നിറഞ്ഞതോ
കൊഴിഞ്ഞതോ ആയ ആകാശമേ
ഇടനെഞ്ചിലെ കാട്ടുതീയേ
കരിഞ്ഞു പോയ കാനനമേ
എന്നെല്ലാം കരഞ്ഞും
ഒരു ചുംബനം കൊണ്ട്
ഉടലാകെ പൂത്തൊരു വാകമരമേ
ഒരു ഭൂതകാല രാത്രിയുടെ കൈതപ്പൂ മണമേ
മാറാല പുരണ്ടൊരു മഞ്ചാടി ചെപ്പേ
എന്നെല്ലാം സ്മരിച്ചും
എല്ലാം ഇപ്പോഴും
എന്റെ അരികെ തന്നെ!
വാതിലുകളെല്ലാം
അടഞ്ഞു കാണണം!
വിളക്കുകള്‍ എല്ലാം
അണഞ്ഞു കാണണം!
ചിറകുകള്‍ ഒതുക്കി
ഇനി മൌനത്തിലേക്ക് ചേക്കേറുക
എല്ലാമുള്ള ,
ഒന്നുമില്ലാത്ത
ഒരു മൌനത്തിലല്ലാതെ
വാക്കുകള്‍ മറ്റെവിടെയാണ് അവസാനിക്കുക!

    

അനില്‍ ജിയേ - അനില്‍ ജിയേ  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature അനില്‍ ജിയേ, വല്മീകം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക