വാല്യം 7 | ലക്കം 1 | ഫെബ്രുവരി - മാര്‍ച്ച്  2013 |

ഡി.വിനയചന്ദ്രന്‍

ജി ഹിരണ്‍

ഡി വിനയചന്ദ്രനെ ഓര്‍മ്മിക്കാന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജില്‍ 18-02-2013 തിങ്കളാഴ്ച,വൈകീട്ട് അഞ്ചിനു , എണ്‍പതുകളില്‍ അവിടെയുണ്ടായിരുന്നവര്‍ ഒത്തുചേരുമെന്ന് കൂട്ടുകാര്‍ അറിയിച്ചു .പോകാന്‍ കഴിയില്ല .പോയിരുന്നെങ്കില്‍ പറയുമായിരുന്ന കാര്യങ്ങളില്‍ ചിലത് ഒരു കുറിപ്പാക്കി പോസ്റ്റു ചെയ്യുന്നു

കവിതയുടെ ഉറവുകളും സമരതീക്ഷ്ണതയും നിറഞ്ഞ അന്നത്തെ കാമ്പസില്‍ പ്രതിഭാധനരായ അധ്യാപകര്‍ ഏറെയുണ്ടായിരുന്നു .എഴുത്തിലും ചിന്തയിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഊര്‍ജം പകരാന്‍ കഴിഞ്ഞ വഴിവിളക്കുകള്‍ .എഴുത്തുകാരായി അറിയപ്പെടുന്ന അധ്യാപകര്‍ അനവധി .വിഷ്ണുനാരായണന്‍ നമ്പൂതിരി, ജി.എന്‍. പണിക്കര്‍, നരേന്ദ്രപ്രസാദ്, ബി.രാജീവന്‍. ഡി.വിനയചന്ദ്രന്‍. ദേശമംഗലം രാമകൃഷ്ണന്‍ , വി,പി,ശിവകുമാര്‍ തുടങ്ങിയവരുടെ ഒരു നീണ്ട നിര ! നാട്ടിന്‍റപുറത്തെ കോളേജില്‍ നിന്ന് നല്ല മാര്‍ക്കോടെ ഡിഗ്രി പാസ്സായ എനിക്ക് കേരളത്തിലെ ഏതു കോളേജിലും പി ജി പ്രവേശനം ഉറപ്പായിരുന്നിട്ടും യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുക്കാന്‍ പ്രചോദനമായത് അറിയപ്പെടുന്ന എഴുത്തുകാരായ ഇവരുടെയും ,എഴുത്തില്‍ അറിയപ്പെടുന്നവരല്ലെങ്കിലും പല മേഖലകളില്‍ പ്രശസ്തി നേടിയവരായ മറ്റു അധ്യാപകരുടെയും പ്രകാശ ഗോപുര സമാനമായ സാന്നിധ്യമാണ് .ഇവരില്‍ കുട്ടികളുമായി ഏറ്റവും അടുത്തിടപഴകിയത് വിനയചന്ദ്രനായിരുന്നു. കവി അദ്ധ്യാപകന്‍ കൂട്ടുകാരന്‍ എന്നീ മൂന്നു നിലയ്ക്കും ഒരേ സമയം ഞങ്ങളെ മോഹിപ്പിക്കുകയും കൂടെ നടത്തുകയും ചെയ്തു അദ്ദേഹം .

അധ്യാപക നിരയില്‍ മാത്രമല്ല വിദ്യാര്‍ ഥികളുടെ ഇടയിലും ഉണ്ടായിരുന്നു എഴുത്തില്‍ അന്നേ വരവറിയിച്ചവര്‍ . കവിതയില്‍ അന്‍വര്‍ അലി. ജി ഹരി,ഗിരീഷ്‌ പുലിയൂര്‍ ,വാള്‍ട്ടര്‍ ,ജി എസ് ജയചന്ദ്രന്‍ ,കെ എസ ശ്രീദേവി (ഇന്ന് ശ്രീദേവി എസ്‌ കര്‍ത്ത ), പുല്ലുവിള ബാലചന്ദ്രന്‍,ടി കെ മനോജന്‍ , മംഗളാംബാള്‍ , ഡിക്സന്‍,....... കഥയില്‍ എം രാജീവ്കുമാര്‍ ,പി കെ രാജശേഖരന്‍ ,ടി അനിതകുമാരി, വി വിനയകുമാര്‍ ,ഷുജാദ്,ആലീസ്, ......കൂടാതെ ടി കെ രാജീവ് കുമാര്‍ , എ എസ് ജോബി ,എസ് ജനാര്‍ദ്ദനന്‍ ,റൂബിന്‍ ഡിക്രൂസ് ,പി വി അശോകന്‍,ലാല്‍ കുമാര്‍ , കെ ബാലചന്ദ്രന്‍ ,മാഹിന്‍ ഷാ ,പുല്ലുവിള ബാലചന്ദ്രന്‍,ജി എസ് ലാല്‍ എന്നിങ്ങനെ സിനിമയിലും അരങ്ങിലും വരയിലും ഫൊറ്റൊഗ്രഫിയിലും രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലുമൊക്കെ അന്നും ഇന്നും തിളങ്ങുന്ന ഒട്ടേറെപ്പേര്‍ അന്ന് യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ ഥികളുടെ നിരയിലുണ്ട് .കവികളുടെ പെരുക്കം കണ്ടു പകച്ചു മാറി നിന്ന എസ് ജോസഫിനെ പോലെ അന്ന് അറിയ പ്പെടാതിരുന്ന ,പിന്നീട് ശ്രദ്ധേയരായ പലരുടെയും പട്ടികയുമുണ്ട് പുറമെ. ഇവരില്‍ ചിലര്‍ ഞാന്‍ അവിടെയെത്തുമ്പോള്‍ കലാലയം വിട്ടിരുന്നു മറ്റിടങ്ങളില്‍ പഠിക്കുമ്പോഴും യൂണിവേഴ്സിറ്റി കോളേജ് എന്ന വികാരം ഇവരില്‍ പലരുമായും എന്നെ കൂട്ടിയിണക്കുന്നുണ്ട്, എന്നും
കവിയരങ്ങുകളിലൂടെയാണ് വിനയചന്ദ്രന്‍ കുട്ടികളുടെ മനസ്സി ലേയ്ക്ക് പാലമിട്ടത്‌.. കടമ്മനിട്ടക്കാലം തൊട്ടേ ചൊല്ലരങ്ങുകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കോളേജിലും പുറത്തുമുള്ള ചെറുപ്രായക്കാരായ എഴുത്തുകാര്‍ക്ക് കവിയരങ്ങുകളില്‍ ഇടം നേടിക്കൊടുക്കാന്‍ എന്നും ഉത്സാഹിച്ചു .എറണാകുളം മുതല്‍ തെക്കോട്ട്‌ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ എത്രയോ അരങ്ങുകള്‍ ....വിനയചന്ദ്രന് കവിയരങ്ങിലേയ്ക്ക് വന്ന ക്ഷണങ്ങളിലെല്ലാം അദ്ദേഹം യുവകവികളെ കൂടെ കൂട്ടി .വിനയചന്ദ്രനും ഒരു വണ്ടി കവികളും എന്നൊരു പ്രയോഗം തന്നെ അക്കാലത്ത് കലാലയങ്ങളില്‍ പരന്നിരുന്നു .ജീപ്പ് ട്രക്കര്‍ വാന്‍...... ............,...കവികളുടെ എണ്ണമനുസരിച്ചാണ് വാഹനം തീരുമാനിച്ചിരുന്നത് . നിരന്തരയാത്രികനായിരുന്ന വിനയചന്ദ്രന് കവിയരങ്ങുകള്‍ക്കായുള്ള യാത്രകളും ആവേശമായിരുന്നു ചെന്നെത്തുന്ന കോളേജിലോ വേദിയിലോ അവസാനിച്ചില്ല ആ യാത്രകള്‍ .ചെന്നെത്തുന്ന ഏതിടത്തും അടുത്തുള്ള ചരിത്രസ്മാരകമോ പ്രാധാന്യമുള്ള ഇടമോ തേടിപ്പിടിച്ചു സന്ദര്‍ശിച്ചിട്ടേ മടക്കമുള്ളൂ അക്കാര്യം സംഘാടകരെ മുന്‍കൂട്ടി അറിയിച്ചു യാത്രചെലവില്‍ വക കൊള്ളിച്ചിരിക്കും.ഇത്തരം സന്ദര്‍ ശനാനുഭവങ്ങള്‍ മാത്രമായിരുന്നു 'വിനയചന്ദ്രനും ഒരു വണ്ടി കവിക'ള്‍ക്കുമുള്ള പ്രതിഫലം .
അരങ്ങില്‍ കവിത ചൊല്ലുന്ന വിനയചന്ദ്രനെ പിന്നില്‍ സ്റ്റേജില്‍ ഇരുന്നുകൊണ്ടു കാണുന്നത് വലിയൊ രനുഭാവമായിരുന്നു ഒരു മന്ത്രവാദിയുടെ ആഭിചാര വേളകളെ ഓര്‍മിപ്പിക്കുന്ന അംഗ വിക്ഷേപങ്ങളോടെയാണ് ചൊല്ലല്‍ ഒരേ കവിത പല വേദികളില്‍ പലതരം അംഗ വിക്ഷേപങ്ങളോടെയാ വും അവതരിക്കുക .വിനയചന്ദ്രന്‍ കവിത ആദ്യമെഴുതുന്നത് സ്വന്തം മനസ്സിലായിരുന്നു .ഓരോ കവിയരങ്ങിലും ചൊല്ലിയും തിരുത്തിയും അവസാനം അതുറപ്പിക്കും പിന്നീടാണ് കടലാസ്സില്‍ പകര്‍ത്തലും പ്രസിദ്ധീകരിക്കലും.
കവിത ചൊല്ലലിനോട് അദ്ദേഹത്തിനു ഭ്രാന്തമായ ഒരാവേശം ഉണ്ടായിരുന്നു .ഒരേ അരങ്ങില്‍ ആരും ഏഴും കവിതയൊക്കെ ചൊല്ലും .അന്നേ മുതിര്‍ന്ന കവികളില്‍ പലര്‍ക്കും വിനയചന്ദ്രനൊപ്പം കവിത ചൊല്ലാന്‍ ഇത്തിരി മടിയാണ് കഴിവ തും ആദ്യമേ ചൊല്ലാനാവും അവരുടെ ശ്രമം വിനയചന്ദ്രന്‍ 'അലക്കി' ക്കഴിഞ്ഞാല്‍ പിന്നെ തങ്ങള്‍ മങ്ങിപ്പോകും എന്നായിരുന്നു പേടി .അനുചരരായ പുതുകവികള്‍ ഉള്ളപ്പോള്‍ വിനയചന്ദ്രന്‍ ആദ്യം താരതമ്യേന അവതരണപ്രിയ യല്ലാത്ത ഒന്ന് ആദ്യം ചൊല്ലും. എല്ലാവരുടെയും ഊഴം കഴിഞ്ഞ് തന്‍റെ -അനുവാചകരുടെയും-പ്രിയ കവിതകളിലേയ്ക്കു കടക്കും
യൂണിവേഴ്സിറ്റികോളേജില്‍ അക്കാലത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് സാഹിത്യ പരിപാടികളുണ്ടാകും കോളേജ് യൂണിയന്‍റെയും വിദ്യാര്‍ഥി സംഘടനകളുടെയും സുഹൃദ് സംഘങ്ങളുടെയും വക ഒന്നിലേറെ പരിപാടിക ളാകും ചിലപ്പോള്‍.. എല്ലായിടത്തും കവി കഴിവതും ചെല്ലും .അവതരണത്തില്‍ പങ്കു ചേരും വിനയചന്ദ്രന്‍ നാലും അഞ്ചും കവിതയൊക്കെ ചൊല്ലുമ്പോള്‍ ഊഴം കാത്തു നില്‍ക്കുന്ന നവാഗതരില്‍ ചിലര്‍ക്ക് അവസരം നഷ്ടമാകുന്നത് ഇടയ്ക്ക് പരാതിക്കും ഇടയാക്കി അങ്ങനെയൊരിക്കല്‍ ചടങ്ങ് തുടങ്ങും മുന്‍പ് തന്നെ സംഘാടകര്‍ അദ്ദേഹത്തോട് ഒരു കാവ്യം ആവശ്യപ്പെട്ടു -ഒരു കവിതയിലധികം ചൊല്ലരുത് !കവി സമ്മതിച്ചു ,പരിപാടി തുടങ്ങി മിനിട്ടുകള്‍ മണിക്കൂറായി വിനയചന്ദ്രന്‍റെ അവതരണം നീണ്ടുപോയി ഒടുവില്‍ പരിപാടി അവസാനിപ്പിക്കാന്‍ നേരമായപ്പോഴാണ് കവി നിറുത്തിയത് ഒന്നിലേറെ കവിത ചൊല്ലില്ലെന്ന വാക്ക് പാലിക്കാന്‍ അന്നദ്ദേഹം കണ്ടെത്തിയത് ഒരു പുതു വഴി -കവിതയ്ക്ക് പകരം അവതരിപ്പിച്ചത് '' പൊടിച്ചി '' എന്ന ലഘു നോവല്‍ ! വിനയചന്ദ്രന്‍ തന്നെ പലവട്ടം പറഞ്ഞിട്ടുള്ള ഈ കഥയിലെ സംഘാടകരിലൊരാളായ ടി കെ വിനോദന്‍ 'കാവ്യകേളി' എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പില്‍ അക്കാര്യം കുറിച്ചപ്പോഴാണ് അണിയറക്കാരെപ്പറ്റി കൂടുതല്‍ അറിഞ്ഞത്

കവിതയിലൂടെയും അധ്യാപനത്തിലൂടെയും ഒപ്പം കൂട്ടിയ യുവമനസ്സുകളുടെ ഒരു സംഘം എന്നും വിനയചന്ദ്രനെ പിന്തുണയ്ക്കാനുണ്ടായിരുന്നു ചിലപ്പോഴൊക്കെ ഇവരുടെ ചാവേര്‍ മനോഭാവം അദ്ദേഹത്തിനു വിനയായിട്ടുമുണ്ട് എം കൃഷ്ണന്‍ നായരുമായുള്ള തര്‍ക്കത്തിനൊക്കെ രൂക്ഷതയേറ്റിയത് ഈ ഘടകമാണ്
വിനയചന്ദ്രന്‍ എഡിറ്റു ചെയ്ത യൂണിവേഴ്സിറ്റി കോളേജ് കവിതകള്‍ എന്ന സമാഹാരം കലാലയ കാവ്യ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് പുസ്തകത്തിന്റെ ആമുഖമായി ' കേളി ' എന്നൊരു കുറിപ്പെഴുതിയതിനു പുറമേ ആദ്യ പേജുകളിലൊന്നില്‍ അദ്ദേഹം ഒരു നാടന്‍ പാട്ടും ചേര്‍ത്തു
'' ഏനിവിടെ വന്നപ്പം ഈടില്ല മൂടില്ല
ഏനിവിടെ വന്നേപ്പിന്നെ വെട്ടാക്കുളം വെട്ടിച്ചേ ''
എന്ന ആ പാട്ട് ഒരുപാടു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി കോളേജിലെ സര്‍ഗപരതയുടെ ഉറവിടം താനാണെന്ന് വരുത്താനുള്ള ശ്രമമാണതെന്ന് വാദമുയര്‍ന്നു
യൂണിവേഴ്സിറ്റി കോളേജ് കവിതക ളുടെ ആമുഖം കവി തുടങ്ങുന്നത് ഇങ്ങനെ ;- 'അനന്തപുരംമഹാരാജ കലാലയം .അനുസ്യൂത യൗവനത്തിന്‍റെ ഭൂതധാത്രി .' കാംപസ്സുകള്‍ എക്കാലത്തും ഊര്‍ജ്ജ പ്രവാഹത്തിന്‍റെ ഇടങ്ങളായിരുന്നു അദ്ദേഹത്തിന്.തങ്ങളുടെ കാലത്തെ കാമ്പസ്സിന്‍റെ മേന്മയെക്കുറിച്ചു ഊറ്റം കൊള്ളുകയും പില്‍ക്കാലത്ത്‌ അവിടം നിര്‍ജീവമായി എന്ന് പരിതപിക്കുകയും ചെയ്യുന്നവരോട് അദ്ദേഹം തര്‍ക്കിച്ചു .തലമുറകളും രീതികളും മാറിയാലും യൗവനത്തിന്‍റെ അനുസ്യൂത പ്രവാഹം അവിടെ പ്രസരിക്കുമെന്നു വിശ്വസിച്ചു .സ്വജീവിതവും ഒപ്പം നടന്ന യുവത്വത്തെയും ആ പ്രമാണത്തിന് ഉദാഹരണമാക്കി.എം ജി യൂണിവേഴ്സിറ്റി യിലും അദ്ദേഹത്തെ അനുധാവനം ചെയ്ത അക്കാല യുവകവികളുടെ പട്ടിക ഇക്കാര്യം കൂടുതല്‍ വെളിവാക്കുന്നുണ്ട്
കല്ലടയാറിനോടും അഷ്ടമുടിക്കായലിനോടും വല്ലാത്തൊരഭിനിവേശമായിരുന്നു വിനയചന്ദ്രന് .ഒരിക്കല്‍ വൈക്കത്ത് ഒരു ചടങ്ങിനു വന്നപ്പോള്‍ അന്ന് തലയോലപ്പറമ്പില്‍ വീട്ടിലുണ്ടായിരുന്ന എന്നെയും കൂട്ടി അവിടെയൊക്കെ അലഞ്ഞു നടന്നു -വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ കഥാപാത്രങ്ങള്‍ നടന്ന സ്ഥലരാശികള്‍ കണ്ടും കേട്ടും ശ്വസിച്ചും അറിഞ്ഞു . പാലാംകടവില്‍ പുഴയിലിറങ്ങി മണലില്‍ കാലൂന്നി മീന്‍ കൊത്താനെത്തുന്നത് കാത്തുനിന്നു . പുഴയിലിറങ്ങിയാല്‍ പുഴ നമ്മെ അറിയുന്നതിന്‍റെ അടയാളമായി കാലില്‍ വന്നു കൊത്തി നമ്മുടെ ഗന്ധരുചികള്‍ പുഴയ്ക്കു പകരാനായി ഒരു മീന്‍ കൊത്തണം എന്നെപ്പോഴും പറയുമായിരുന്നു അന്നങ്ങനെ നില്‍ക്കുമ്പോള്‍ ഓരോന്ന് പറയുന്നതിനിടെ ബഷീറിനു ഈ പുഴ ഇഷ്ടമായിരിക്കും പക്ഷെ കല്ലടയാറിനാണ് ഇതിലും മനോഹാരിത യെന്നു പറഞ്ഞത് എനിക്ക് പിടിച്ചില്ല എല്ലാവര്ക്കും അവനവന്‍റെ നാടിനോടും പുഴയോടുമൊക്കെ അങ്ങനെ ചിലത് തോന്നുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ദേഷ്യത്തില്‍ ഉടനെ തന്നു മറുപടി ; ' ഞാന്‍ ലോകം കുറെ ചുറ്റിയവനാ'
'ബഷീറുമതെ' ഞാനും വിട്ടു കൊടുത്തില്ല
ദേഷ്യത്തോടെ തലയില്‍ വച്ച തൊപ്പിയുടെ മുന്നോട്ടിരുന്ന വാലറ്റം പിന്നിലേയ്ക്ക് തിരിച്ചുവച്ച് കക്ഷി കരയ്ക്ക്‌ കയറി .ഒപ്പം ഞാനും അപ്പോഴതാ അദ്ദേഹം വീണ്ടും പുഴയിലേയ്ക്ക് ഒരു മീന്‍ വന്നു കൊത്തും വരെ കാത്തു നിന്നിട്ട് ചിരിയോടെ വന്നു എന്റെ വിരലുകള്‍ ചേര്‍ത്തു പിടിച്ചിട്ട് ഒരു വിടര്‍ന്ന ചിരി-ശിശു സഹജം!
ചിരിയും ഉത്സാഹവും കൂടപ്പിറപ്പായ കവി അകത്തേയ്ക്കും അവനവനിലേയ്ക്കും മുഖം തിരിക്കും ചിലപ്പോള്‍ .ഒറ്റയ്ക്കുള്ള യാത്രകളിലാണ് ഇതധികം ഒരിക്കല്‍ മൂകാംബികയില്‍ ആകാശവാണിയുടെ സംഗീത പരിപാടി നടക്കുന്നു .ഔദ്യോഗികാവശ്യത്തിനെത്തിയ ഞാനും പി ഉദയഭാനുവും അവിടെയുണ്ട് .കുശലം ചോദിക്കാന്‍ ചെന്ന ഞങ്ങളെ കണ്ട ഭാവം കാട്ടാതെ നടക്കുന്ന വിനയചന്ദ്രന്‍ ! ആള് മാറിയത് ഞങ്ങള്‍ക്കോ തിരിച്ചറിയാന്‍ ആകാഞ്ഞത് കവിക്കോ എന്ന് ഞങ്ങളുടെ ശങ്ക .പിറ്റേന്ന് വൈകുന്നേരം മടക്കയാത്രക്കൊരുങ്ങുന്ന ഞങ്ങളെ അത്ഭുത പ്പെടുത്തിക്കൊണ്ട് കവി ഓടിവരുന്നു ,വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു .തലേന്ന് കുടജാദ്രിയിലേയ്ക്കുള്ള യാത്രയുടെ മനസ്സൊരുക്കത്തില്‍ മനനത്തില്‍ ആയിരുന്ന ആള്‍ ഞങ്ങളെ കണ്ടത് പോലും ഓര്‍ക്കുന്നുണ്ടായി രുന്നില്ല !
വാടകവീട്ടില്‍ കാണാന്‍ ചെന്ന ചിലരുടെ അനുഭവവും രസകരമാണ് അതിഥികളെ മുറിക്കു പുറത്ത് നിറുത്തി മണിക്കൂറോളം സംസാരിച്ച അനുഭവം കേട്ടിട്ടുണ്ട് .മുറിയിലേക്ക് ക്ഷണിക്കാത്തതിന്‍റെ ഒരു കാരണം ആഗതര്‍ അകത്തെ പുസ്തകങ്ങളില്‍ കണ്ണ് വച്ചാലോ എന്ന പേടിയാണ് കടം കൊടുത്ത പുസ്തകം തിരികെ കിട്ടില്ലെന്ന പേടി പിന്നെ വരുന്നവരെ സ്വീകരിച്ചിരുത്താന്‍ സ്ഥലവുമുണ്ടാവില്ല ,മുറിയില്‍ .മേശയില്‍ അലമാരയില്‍ കസാലയില്‍ കട്ടിലില്‍ എന്ന് വേണ്ട മുറിയില്‍ ഇടമുള്ള എങ്ങും പുസ്തകങ്ങളുണ്ടാവും -കൂട്ട് കിടക്കുന്ന പുസ്തക ക്കൂട്ടങ്ങള്‍ ......!!!

    

ജി ഹിരണ്‍ - Tags: Thanal Online, web magazine dedicated for poetry and literature ജി ഹിരണ്‍, ഡി.വിനയചന്ദ്രന്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക