പ്രേമം

സി. പി. അബൂബക്കര്‍

പ്രേമമൊരുപര്‍വ്വതം
ഒരുതുള്ളി പലതുള്ളി
കിനിയുന്നു കിളിരുന്നു
നില്ക്കാതെയൊഴുകുന്നു
ചെരിവിന്റെ മണ്‍തരികള്‍
തരുവിന്റെ ജീവനകള്‍
പൂവിന്റെ കാമനകള്‍
അപ്പോഴുമുയരത്തിലുയരത്തില്‍ നില്ക്കുന്നു
ഉയരത്തിന്‍ ദുരിതങ്ങളറിയുന്നു
സൂര്യന്റെ തുറുമിഴിയിലുരുകുന്നു
നില തെല്ല് മാറാതെ നില്ക്കുന്നു. പ്രേമമൊരു ഹിമസിന്ധു
മഴയിലും വെയിലിലും നിറയുന്നു
പ്രാകൃതര്‍ക്കുറവാര്‍ന്ന ജീവിതം നല്കുന്നു
സംസ്‌കൃതികളുണരുന്നു
കടല്‍തേടിയൊഴുകുന്നു
യാനപാത്രങ്ങളോ സുഖദു:ഖ-
ഭരിതമായ് നീങ്ങുന്നു.
കുളിര്‍ജലം ചിതറുന്നു
കണ്ണീര്‍തടാകം നിറയുന്നു
ഹൃദയങ്ങളന്യോന്യംമൊഴുകുന്നു.
സമതലം നെഞ്ചേറ്റ കുങ്കുമച്ചെടികള്‍ക്ക്
ദാഹനീര്‍നല്കുന്നു.

പ്രേമമൊരുസമതലം
നദികളുടെ സംഗമം
നവരാഗസംഗീത-
ലയസഞ്ചയങ്ങളുടെ തംബുരു
വനവല്ലി പിണയുമിരുള്‍ വെളിച്ചങ്ങളില്‍
കിള മറിച്ചുണ്മകള്‍പൊടിയുന്ന മണ്‍തടം
രണഭേരിയുയരുന്ന പോര്‍ക്കളം
കവിതയുടെ പച്ചപ്പ് പൊലിയുന്ന വയലുകളില്‍
സവിതാവ് വര്‍ഷിച്ചജീവനം
കാതരം പിടയുന്ന നെഞ്ചിന്റെ കൂടുകളില്‍
തടവ് പ്രതീക്ഷിച്ചകിളിയുടെ നൊമ്പരം
പ്രളയാന്ത്യമൊലിവിലക്കമ്പുമായെത്തുന്ന
പക്ഷിയുടെ ചിറകിലെ
രക്തലാവണ്യം പുരണ്ട നദീതടം
വറുതിയുടെയഗ്നിപൊറുമ്പൊഴും പുണരുന്ന
കുരുതിയുടെ പൂക്കനല്‍.

പ്രേമമോ?
കണ്‍കളുടെ കമ്പനം
ചങ്കിലെ ഗദ്ഗദം
നെഞ്ചിലെ തീക്കനം
മരണമവസാനമല്ലെന്ന സത്യത്തി-
ലൊടുവില്‍വന്നെത്തുന്ന
നിത്യസഞ്ജീവനം.

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, പ്രേമം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക