യാത്രാമൊഴി

സി. പി. അബൂബക്കര്‍

കുരിശുമാസത്തിന് തുടക്കം
മകന് യാത്രയാവുന്നു,
മണല്ക്കാട്ടിലേ, ക്കിനിയെത്രകാലം?
അവള് ഞാനുമൊന്നിച്ചുസ്റ്റേഷനിലെത്തണം,
അമ്മയായി ക്കുറുകണം, അച്ഛനായിക്കനക്കണം,
നനയാതെ കണ്ണീരു നെഞ്ചില് കുറുക്കണം,
ഉപ്പുവാരിനിറയ്ക്കണം,
അറകളിലാരുമേ കാണാതൊളിക്കണം.
അകലെയുയര്ന്നു പറക്കുന്ന പക്ഷിതന്
ചിറകിലവന് യാത്രയാവുന്നൂ.
ബന്ധങ്ങളെരിയുന്ന നോവുകള് കൊണ്ടവന്
സ്വര്ണ്ണസിംഹാസനം നേടിയെടുക്കണം.
ഹൃദയങ്ങളെരിയുന്ന യുദ്ധമീ ജീവിതം.

കൊക്കിലൊലിവിന്റെ കൊമ്പിലൊരിത്തിരി-
യുപ്പുംതൊടുത്തുപറക്കുകയാണവന്
സ്നേഹത്തിനപ്പുറത്തെന്തോ ചിലതൊക്കെ
നേടിയെടുക്കാനൊഴുകുകയാണവന്.
കരള് പിഴിഞ്ഞൊഴുകുന്ന സിന്ധുവീ ജീവിതം.

കഠിനശൈത്യത്തിന് നെബുലകള്,
കണ്കളില് നിറയുന്നു കൂനകള്
പൊലിയാപ്പരാതികള്ക്കിടയിലും പുഞ്ചിരി-
ച്ചകലാതെനില്ക്കുകയാണവന്
വ്രതശുദ്ധിയാലെ ലഭിച്ചവന്, കനവിന്റെ
ചെറുതുമ്പിയായിപ്പറന്നവന്,
ഹൃദയം കരുത്തറ്റുപോകുന്നവേളയില്
ഉയിരിന് കരുത്താരിനി?
സദനങ്ങളേ നമുക്കിനിയുള്ളു,
പോവുക, നീ സുഖയാത്രയായ്.

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, യാത്രാമൊഴി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക