എന്റെ ജനങ്ങള്‍ മരിച്ചുപോയിരിക്കുന്നു

സി. പി. അബൂബക്കര്‍

(സിറിയയിലെ ക്ഷാമകാലത്ത് രാജ്യഭ്രഷ്ടനായിരുന്നപ്പോള് ഖലീല് ജിബ്രാന് രചിച്ച Dead Are My People എന്ന കവിത)

എന്റെ ജനങ്ങളെല്ലാം പോയിരിക്കുന്നു
ഏകാന്തതയില് അവര്ക്കുവേണ്ടി
വിലപിക്കാനായി മാത്രം
ഞാന് ജീവിക്കുന്നു....
സ്നേഹിതന്മാരെല്ലാം മരിച്ചുപോയിരിക്കുന്നു,
അവരുടെ മരണത്തില്
എന്റെ ജീവിതവും വലിയൊരു നാശമല്ലാതെ
മറ്റൊന്നുമല്ല.

എന്റെ നാട്ടിലെ കുന്നുകളെല്ലാം
കണ്ണീരിലും ചോരയിലും മുങ്ങിപ്പോയിരിക്കുന്നു
എന്റെ ജനങ്ങളും പ്രിയപ്പെട്ടവരുമെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു
ഞാനിവിടെയുണ്ട്,
എന്റെ ആള്ക്കാരും പ്രിയപ്പെട്ടവരുമെല്ലാം
ജീവിച്ചിരുന്ന കാലത്തെന്നപോലെ
ജീവിതവും ജീവിതത്തിന്റെ ആഹ്ലാദങ്ങളും
അനുഭവിച്ചിരുന്ന കാലത്തെന്നപോലെ
കുന്നുകളെല്ലാം അനുഗൃഹീതവും
സൂര്യപ്രകാശത്തില് മുങ്ങിനില്ക്കുന്നതുമായ കാലത്തെന്നപോലെ....

എന്റെയാളുകള് വിശന്നു മരിച്ചുപോയി,
പട്ടിണിയില് മരിക്കാത്തവരെ
വാളു കൊണ്ട് കശാപ്പ് ചെയ്തു
ഞാനിവിടെയുണ്ട്, ഈ വിദൂരഭൂമിയില്
മൃദുശയ്യകളില് കിടന്നുറങ്ങുന്നവരും,
പകല്സമയവുമായി
അന്യോന്യം മന്ദഹസിക്കുന്നവരുമായ
സന്തുഷ്ടമനുഷ്യര്ക്കിടയില് ഉലാത്തുന്നു.......

എന്റെ ജനങ്ങള്
വേദനാപൂര്ണവും ലജ്ജാകരവുമായ
മരണമാണ് മരിച്ചത്
ഇവിടെ ഞാനിതാ സമൃദ്ധിയില്
പ്രശാന്തിയില്.........................
ഇത് എന്റെ ഹൃദയത്തിന്റെ അരങ്ങിലാടിയ
ഏറ്റവും അഗാധമായ ദുരന്തനാടകം.....
ആരുമിത് കാണാനിഷ്ടപ്പെടുകയില്ല
എന്റെ ജനങ്ങള് കൂട്ടം തെറ്റിയ
ചിറകറ്റപക്ഷികള് പോലെയാണ്.......


ക്ഷാമബാധിതരായ, വിശന്നുവലഞ്ഞ,
എന്റെയാളുകള്ക്കൊപ്പം ജീവിക്കുകയായിരുന്നെങ്കില്,
അടിച്ചമര്ത്തപ്പെട്ട നാട്ടുകാരോടൊപ്പം
പീഡിപ്പിക്കപ്പെട്ട ഒരാളായിരുന്നെങ്കില്
അവിശ്രാന്തമായ സ്വപ്നങ്ങള്ക്കുമേല്
കറുത്തനാളുകളുടെ ഭാരം കുറയുമായിരുന്നു;
എന്റെ പൊള്ളയായ കണ്ണുകള്ക്കും
വിലപിക്കുന്ന ഹൃദയത്തിനും
മുറിവേറ്റ ആത്മാവിനും
രാത്രിയുടെ അന്ധകാരം കുറയുമായിരുന്നു.
ജനങ്ങളോടൊപ്പം
അവരുടെവേദനകള് യാതനകള് പങ്കുവെക്കുന്നവന്
ത്യാഗത്തിലൂടെ ദുരിതമനുഭവിക്കുന്നതില് നിന്നു
മാത്രമുദ്ഭൂതമാവുന്ന പരമമായ സുഖമറിയാനാവും.
സഹജാതരായ നി്ഷ്കളങ്കരോടൊപ്പം
നിഷ്കളങ്കനായി മരണമടയുമ്പോള്
സ്വയം ശാന്തിയനുഭവപ്പെടുന്നു.

പക്ഷേ ഞാനവരോടൊപ്പമല്ല,
വിശക്കുന്നവരോടും പീഡിതരോടുമൊപ്പമല്ല,
മരണത്തിന്റെ ഘോഷയാത്രയില്
രക്തസാക്ഷിത്വത്തിലേക്ക് നടന്നുനീങ്ങുന്നവരോടൊപ്പമല്ല....
ഞാനിവിടെ, വിശാലമായ കടലുകള്ക്കിപ്പുറത്താണ്
പ്രശാന്തിയുടെ നിഴലില്,
സമാധാനത്തിന്റെ സൂര്യപ്രകാശത്തിലാണ്
ഞാന് ജീവിക്കുന്നത്........................
അനുകമ്പാര്ഹമായ രംഗവേദിയില്നിന്ന്
വിഷാദത്തിന്റെ അരങ്ങില്നിന്ന്
ഏറെയേറെ അകലെയാണ് ഞാന്:
എനിക്ക് അഭിമാനിക്കാന് വകയില്ല,
സ്വന്തം കണ്ണീരിന്റെ പേരില് പോലും.

പട്ടിണികിടക്കുന്ന സ്വന്തം ജനങ്ങള്ക്കായി
ഒരു രാജ്യഭ്രഷ്ടന് എന്താണ് ചെയ്യാന് കഴിയുക?
സാന്നിധ്യമില്ലാത്ത കവിയുടെ വിലാപത്താല്
എന്താണ് പ്രയോജനം?

സ്വന്തം നാട്ടിന്റെ മണ്ണില് വളര്ന്ന
ധാന്യക്കതിരിന്റെ കൊളുന്തായിരുന്നെങ്കില്
വിശക്കുന്ന കുഞ്ഞ് എന്നെ പറിച്ചെടുക്കുമായിരുന്നു,
എന്റെ ബീജംരുചിച്ച്,
തന്റെ ആത്മാവില്നിന്ന്
മരണത്തിന്റെകൈകള് ഒഴിവാക്കുമായിരുന്നു.
സ്വന്തം നാടിന്റെ തോപ്പില് പാകമായ
പഴമായിരുന്നു ഞാനെങ്കില്
വിശക്കുന്ന സ്ത്രീകള് എന്നെ പെറുക്കിയെടുത്ത്
ജീവന് നിലനിര്ത്തുമായിരുന്നു.
സ്വന്തം നാടിന്റെ വാനത്തിലൊരു പക്ഷിയായിരുന്നു ഞാനെങ്കില്
വിശക്കുന്ന സഹോദരന്
എന്നെ വേട്ടയാടി, മാംസത്താല്
തന്റെ ശരീരത്തിലെ ശ്മശാനത്തിന്റെ നിഴല്
ഒഴിവാക്കുമായിരുന്നു

അയ്യോ, അയ്യോ,
ഞാന് സിറിയന് സമതലങ്ങളില് വളര്ന്ന ധാന്യക്കൊളുന്തല്ലല്ലോ,
ലെബനോണ് താഴ്വരകളില് പാകമായ പഴമല്ലല്ലോ;
ഇതാണെന്റെ ആപത്ത്, ഇതാണ്
എന്റെ ആത്മാവിനുമുന്നില്,
രാത്രിയുടെ ഭൂതഗണങ്ങള്ക്കുമുന്നില്
എനിക്കായി അവഹേളനവുമായി വരുന്ന ഏറ്റവും വലിയവിപത്ത്. ...............
എന്റെ നാവിനെ ബന്ധിക്കുന്ന,
കൈകള്കെട്ടിയിടുന്ന,
എന്റെ കരുത്തും ഇഛാശക്തിയും കര്മ്മശേഷിയും
ചോര്ത്തിക്കളയുന്ന
വേദനാകരമായദുരന്തം ഇതാണ്.
ദൈവത്തിനും മനുഷ്യനും മുന്നില്
എന്റെ നെറ്റിത്തടം
പൊള്ളിയുണ്ടായ ശാപമിതാണ്.

മിക്കപ്പോഴും അവര് പറയുന്നു:
'ലോകത്തിന്റെ വിപത്തിനു മുന്നില്
നിന്റെ നാടനൂഭവിക്കുന്ന വിപത്ത് ഒന്നുമല്ല,
ഭൂമിയിലാകമാനം രാപ്പകല് നിറഞ്ഞൊഴുകുന്ന
കണ്ണീരിന്റേയും ചോരയുടേയും നദികള്ക്കുമുന്നില്
നിന്റെ ജനങ്ങള് ചൊരിയ.ുന്ന കണ്ണീരും ചോരയും ഒന്നുമല്ല..............'.

ശരിയാണ്, പക്ഷേ, എന്റെ ജനങ്ങളുടെ മൃത്യു
നിശ്ശബ്ദമായ ഒരു കുറ്റപ്പെടുത്തലാണ്;
അദൃശ്യമായ സര്പ്പമസ്തിഷ്കങ്ങളില് മുളപൊട്ടിയ കുറ്റകൃത്യമാണത്......
നാദരഹിതവും രംഗരഹിതവുമായ ഒരുദുരന്തം.....
എന്റെ ജനങ്ങള് ഏകാധിപതികളെ, മര്ദ്ദകരെ,
കടന്നാക്രമിച്ചിരുന്നുവെങ്കില്
കലാപകാരികളായി മരിച്ചിരുന്നുവെങ്കില്
ഞാന് പറയുമായിരുന്നു,
' കീഴടങ്ങിപരിക്ഷീണരായി ജീവിക്കുന്നതിനേക്കാള്
മഹത്തരമാണ്
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജീവത്യാഗം,
സത്യത്തിന്റെ ഖഡ്ഗം കൈയിലേന്തി
മൃത്യു വരിക്കുന്നവന്
സത്യത്തിന്റെ നിത്യതയോടൊത്ത് അനശ്വരനായിത്തീരും,
ജീവിതം മരണത്തേക്കാള് ക്ഷീണിതം,
മരണം സത്യത്തേക്കാള് ദുര്ബ്ബലം..................

എന്റെ ദേശം മറ്റുദേശങ്ങളോടൊപ്പം
യുദ്ധത്തില് പങ്കെടുത്തിരുന്നെങ്കില്
പടക്കളത്തില് വീണുമരിച്ചിരുന്നുവെങ്കില്
ഞാന് പറയുമായിരുന്നു,
രോഷാകുലമായ കൊടുങ്കാറ്റ്
എന്റെ ദേശത്തിന്റെ കരുത്തിനെ
പരിതശാഖകളോടെ പറിച്ചെറിഞ്ഞുവെന്ന്;
കൊടുങ്കാറ്റിന്റെ നിഴലിലുള്ളമൃത്യു
പഴകിദ്രവിച്ച വിനാശത്തേക്കാള്
കുലീനമാണെന്ന്.
പക്ഷേ, അടഞ്ഞുവരുന്ന കൊറുക്കകളില്നിന്ന്
രക്ഷപ്പെടാനാവില്ലായിരുന്നു..................
എന്റെ ജനങ്ങള് വീണുപോയി,
കരയുന്ന മാലാഖമാരൊത്ത് വിലപിച്ചുപോയി..'

ഭൂകമ്പം എന്റെ രാജ്യത്തെ ശിഥിലമാക്കിയിരുന്നുവെങ്കില്
ഭൂമി എന്റെ ജനതയെ സ്വന്തം മാറിടത്തിലേക്ക്
വലിച്ചെടുത്തിരുന്നെങ്കില്
ഞാന് പറയുമായിരുന്നു,
ദൈവശക്തിയുടെ പ്രഭാവത്തില്
വലിയൊരു നിഗൂഢനിയമം പ്രാവര്ത്തികമായിരിക്കുന്നുവെന്ന്,
കേവലനശ്വരരായ നാം മനുഷ്യര്
അതിന്റെ അഗാധരഹസ്യങ്ങള്തേടുന്നത്
ശുദ്ധഭ്രാന്താണെന്ന്....... '
പക്ഷേ, എന്റെ ജനങ്ങള് മൃതിയടഞ്ഞത്
കലാപകാരികളായിട്ടല്ലല്ലോ,
അവര് പോര്ക്കളത്തില്
കൊല്ലപ്പെടുകയായിരുന്നില്ലല്ലോ;
ഭൂകമ്പം അവരെ തകര്ത്തെറിയുകയായിരുന്നില്ലല്ലോ,
മരണം മാത്രമായിരുന്നു അവരുടെ രക്ഷകന്,
പട്ടിണി മാത്രമായിരുന്നു അവരുടെ സമ്പാദ്യം.

എന്റെ ജനതയുടേത് കുരിശുമരണമായിരുന്നു.......
കൈകള് കിഴക്കും പടിഞ്ഞാറുമായി വിരുത്തി,
ശിഷ്ടമിഴികള് ആകാശകാലുഷ്യത്തില് നട്ട്, ....................
അവര് നിശ്ശബ്ദം മരിക്കുകയായിരുന്നു,
അവരുടെ രോദനങ്ങള്ക്കുനേരെ
മാനവികത കര്ണ്ണങ്ങള് മൂടി വെച്ചിരുന്നു.
ശത്രുക്കളുമായി സൗഹൃദം സ്ഥാപിക്കാന്
കഴിയാത്തതുമൂലം അവര് മരിച്ചുപോയി.
അയല്ക്കാരെ സ്നേഹിച്ചതുമൂലം
അവര് മരിച്ചുപോയി.
മനുഷ്യവംശത്തെയാകെ വിശ്വസിച്ചതുമൂലം
അവര് മരിച്ചുപോയി.
വേട്ടക്കാരെ വേട്ടയാടാത്തതുമൂലം
അവര് മരിച്ചുപോയി.
ചവിട്ടിമെതിക്കപ്പെട്ട പൂക്കളായിരുന്നു അവര്,
ചവിട്ടിമെതിക്കുന്ന കാലുകളായിരുന്നില്ല,
അതുകൊണ്ടാണവര് മരിച്ചുപോയത്.
സമാധാനസ്ഥാപകരായിരുന്നു അവര്,
അതുകൊണ്ടാണവര് മരിച്ചുപോയത്.
പാലും തേനും സമൃദ്ധമായ ഭൂമിയില്
വിശപ്പ്മൂലമാണവര് വിനാശമടഞ്ഞത്.
നരകപ്പിശാചുക്കളുണര്ന്ന്,
പാടങ്ങളില് വളര്ന്നതെല്ലാം നശിപ്പിച്ചു
കലവറകളിലെ അവസാന മണികളുംനശിപ്പിച്ചു
അതുകൊണ്ടാണവര് മരിച്ചുപോയത്.................
അണലികളും കുഞ്ഞുങ്ങളും ചേര്ന്ന്
സെഡാര്മരങ്ങളുംറോസാപ്പൂക്കളുംമുല്ലപ്പൂക്കളും
സുഗന്ധം വിതറുമിടങ്ങളില് വിഷം വമിച്ചു
അതുകൊണ്ടാണവര് മരിച്ചുപോയത്.................

പ്രിയപ്പെട്ട സിറിയന് സഹോദരാ,
നിങ്ങളുടേയും എന്റേയും ജനങ്ങള്
എല്ലാവരും മരിച്ചുപോയിരിക്കുന്നു........
മരിച്ചുകൊണ്ടിരിക്കുന്നവര്ക്കായി
എന്താണ് ചെയ്യാന് കഴിയുക?
നമ്മുടെ രോദനങ്ങളാല് വിശപ്പുമാറ്റാനാവുകയില്ല,
കണ്ണുനീരാല് ദാഹം ശമിക്കുകയില്ല;
വിശപ്പിന്റെ ഇരുമ്പുകൊറുക്കകളില്നിന്ന്
അവരെ വിമുക്തരാക്കാന്
എന്താണ് ചെയ്യാനാവുക?
സഹോദരാ,
കാരുണ്യം
ജാവനാശത്തിന്റെ നിഴലില്നില്ക്കുന്ന മനുഷ്യന്
സ്വജീവിതത്തിന്റെ ഒരംശം നല്കാനുള്ള കാരുണ്യം
അതുമാത്രമാണ്
പകലിന്റെ പ്രകാശത്തിനും രാത്രിയുടെ പ്രശാന്തിക്കും
നിങ്ങളെ അര്ഹനാക്കുന്ന ഗുണം. ......
ഓര്ക്കുക, സഹോദരാ,
നിങ്ങള്ക്കുനേരെ നീണ്ട ക്ഷീണിതമായ കൈയിലേക്ക്
നിങ്ങളിട്ടുകൊടുക്കുന്ന നാണയത്തുണ്ട്
അതുമാത്രമാണ്
സമ്പന്നമായ നിങ്ങളുടെ ഹൃദയത്തെ
ദൈവത്തിന്റെസ്നേഹസമ്പന്നമായമായ ഹൃദയവുമായി
ബന്ധിപ്പിക്കുന്ന സ്വര്ണ്ണച്ചങ്ങല.

---------------------------- വിവര്ത്തനം- സി. പി. അബൂബക്കര്

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, എന്റെ ജനങ്ങള്‍ മരിച്ചുപോയിരിക്കുന്നു
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക