വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍

എം. കെ. ഖരീം

യാതൊന്നു കെട്ടി കിടക്കുന്നുവൊ അതു മാലിന്യത്താല്‍ നിറയുക സ്വഭാവികം. അതു മതത്തില്‍ആയാലും വ്യക്തികളില്‍ ആയാലും കെട്ടി നില്‍ക്കുന്ന ജലം കണക്കെ ദുര്‍ഗന്ധം പരത്തികൊണ്ടിരിക്കും. പ്രവാചകര്‍ എവിടെ നിര്‍ത്തിയോ അവിടെ നില്‍ക്കുകയോ പ്രവാചക വചനങ്ങളെ കുഴിച്ചു മൂടുകയൊ ചെയ്തിരിക്കുന്നു മുസ്ലീം സമുദായം. മുസ്ലീം സമുദായത്തിനു എതിരായി എഴുതി എന്നു വ്യഖ്യാനിക്കപ്പെടാം ഈ കുറിപ്പ്. എന്നാല്‍ ചില കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയൊ മൌനം പാലിക്കുകയൊ ചെയ്യുമ്പോള്‍ വരും തലമുറയോട് ചെയ്യുന്ന ചതിയായി മാറുന്നു. ചെടിയാവട്ടെ മനുഷ്യനാവട്ടെ ഇണങ്ങിയ ഇടത്തേ തഴച്ചു വളരൂ. മണ്ണ് പാകമല്ലെങ്കില്‍ നാമതു പാകപ്പെടുത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം അതു മുരടിപ്പിനു വിധേയമാകുന്നു.
ഇസ്ലാം ഭാരതത്തില്‍ പറിച്ചു നട്ടപ്പോള്‍ അതിനു ഭാരത പരിസരത്തിനു പറ്റിയ രീതിയില്‍ ജലവും വളവുമേകിയില്ല. അതുകൊണ്ടു അതിനു എണ്ണം കൊണ്ട് പെരുകാര്‍ ആയെങ്കിലും ഗുണം കൊണ്ടു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനാവാതെ പൊയി. അതിനു കാരണക്കാര്‍ പൌരൊഹിത്യ വർഗമെന്നു പറയാതെ വയ്യ. ഭാരതത്തില്‍ ഇസ്ലാമിനു പറ്റിയതു തന്നെയാണു കംയൂണിസത്തിന്റേയും അവസ്തയെന്നു കാണാനാവുന്നു.
കുര്‍ആനില്‍ ആറായിരത്തി അറുനൂറ്റി അറുപത്താറു വാക്യങ്ങള്‍ ഉള്ളതില്‍ ഇരുനൂറ്റി ചില്വാനം വാക്യങ്ങള്‍ ഉണര്‍ത്തുന്നത് ചിന്തിക്കാനും പഠിക്കാനുമാണ്. എന്നാല്‍ വിദ്യയുടെ കാര്യത്തില്‍ സമുദായത്തിനു എന്തു നേട്ടമുണ്ടാക്കാനായി എന്നൊരു പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലോകത്തെ ആദ്യ യൂണിവേഴ്സിറ്റി ബാഗ്ദാദ് യൂണിവേഴ്സിറ്റിയായിരുന്നെന്നു ചില ഇസ്ലാമിക പുരോഹിതര്‍ അഭിമാനത്തോടെ പ്രസംഗിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് വിദ്യയുടെ കാര്യത്തില്‍ സമുദായത്തിന്‌ എങ്ങനെ തകര്‍ച്ച നേരിട്ടെന്നു ഒരു പഠനമാവാം. പ്രവാചക വചനങ്ങൾക്കപ്പുറവും അറിവിന്റെ സമുദ്രമുണ്ടെന്നതിനു തെളിവല്ലേ പ്രവാചക വചനം.. പ്രവാചകര്‍ പറഞ്ഞു, ചൈനയില്‍ പോയെങ്കിലും വിദ്യ അഭ്യസിക്കണമെന്ന്. വിവാദ സിനിമ മുസ്ലീം സമുദായത്തെ വ്രണപ്പെടുത്തിയെന്നു വാര്‍ത്തകള്‍ .. എന്നാല്‍ സമുദായത്തെ മൊത്തമായും വ്രണപ്പെടുത്തിയോ? തുടര്‍ന്ന് പലയിടങ്ങളിലായി അരങ്ങുവാണ കലാപങ്ങള്‍ .. കലാപം ആഘോഷിച്ചത് മുസ്ലീം സമുദായത്തിലെ തീവ്രവാദ ഗ്രൂപ്പുകളാണ്. അവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും. എല്ലാ മുസ്ലീംഗളും തീവ്രവാദികള്‍ എന്ന് സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളെ കൊണ്ട് പറയിപ്പിക്കുന്നത് തീവ്രവാദി സംഘടനകളാണ്. തീവ്രവാദികള്‍ ഏതു മതത്തില്‍ നിന്നാവട്ടെ അവര്‍ക്ക് സാമ്രാജ്യത്വ ഫാസിസ്റ്റ് കൂട്ടുകെട്ടുകള്‍ അവിശുദ്ധമല്ല. ബിന്‍ലാദനെ ലോകത്ത് അവതരിപ്പിച്ചതും പിന്നീട് ഇസ്ലാമിന്റെ മൊത്ത വ്യാപാരിയെന്ന ലേബല്‍ ലാദന് പതിച്ചുകൊടുത്തതും അമേരിക്കയാണ് എന്നോര്‍ക്കുക.

സിനിമക്കെതിരായപ്രതിഷേധം കലാപകലുഷമാവരുതെന്ന് ആഹ്വാനംചെയ്ത മതസംഘടനകളുമുണ്ട്. വത്തിക്കാനും ചില ജൂതമതവിഭാഗങ്ങളും ഈ സിനിമയെ എതിര്‍ത്തത്തും കൂടി ഓര്‍ക്കാം. പക്ഷെ സാമ്രാജ്യത്വ കോര്‍പറേറ്റുകള്‍ വിഴുങ്ങിയ മാധ്യമങ്ങള്‍ അത് മറച്ചു വച്ചു. തീവ്രവാദികള്‍ക്ക് കിട്ടുന്ന വാര്‍ത്താ പ്രാധാന്യം മതേതര വാദികളും കമ്യൂണിസ്റ്റുകളും പ്രതീക്ഷിക്കരുത്.. എന്തായാലും കലാപം തണുപ്പിക്കാന്‍ ശ്രമിച്ച മത സംഘടനകളെ പ്രശംസിക്കാതെ വയ്യ.. ഇനിയും വെളിച്ചം കെട്ടിട്ടില്ലെന്നതിന്റെ തെളിവായി അതിനെ കാണാം.. ഇസ്ലാമിനെ വിലകുറച്ചുകാണിക്കാന്‍ സാമ്രാജ്യത്തിനു എന്നും ഉത്സാഹമാണ്. അത് എന്നയോടുള്ള താല്പര്യം. അത്തരം താല്പര്യങ്ങളാണ് സദാമിനെ തുടച്ചു നീക്കിയതും കാസ്പിയന്‍ മേഖലയിലെ എണ്ണ മോഹിച്ചു അഫ്ഘാനില്‍ സോവിയടു യൂണിയന് എതിരെ തൊടുക്കാന്‍ ലാദനെ ഒരുക്കിയതും തുടര്‍ന്ന് അഫ്ഘാനില്‍ അമേരിക്ക കയറി പറ്റിയതും.

കലാ സാഹിത്യം തിന്മയെ ചെറുക്കാനും നന്മ വളര്‍ത്താനും വേണ്ടിയാണെന്ന് മറക്കാതിരിക്കാം. അതൊരിക്കലും അശാന്തി വിതക്കാനോ എരിതീയില്‍ എണ്ണ ഒഴിക്കാനോ ആവാതിരിക്കട്ടെ. സമൂഹത്തിലെ തീ അണക്കേണ്ട, അഴുക്കു നീക്കം ചെയ്യേണ്ട കലാസാഹിത്യകാര്‍ തീ ആളി കത്തിക്കാനും സമൂഹത്തെ മാലിന്യ കൂമ്പാര മാക്കാനും ശ്രമിക്കരുത്. കലാ സാഹിത്യം പ്രകൃതിയുടെ ഔദാര്യമാണ്‌. അത് കൈകാര്യം ചെയ്യുന്നവര്‍ പ്രകൃതിയോടുള്ള ബാധ്യത നിറവേറ്റുക..

അഞ്ചു നേരം കൃത്യമായി പള്ളിയില്‍ പോയി നിസ്കരിക്കുന്നവര്‍ , വീട്ടില്‍ ഇരുന്നോ പള്ളിയില്‍ ഇരുന്നോ കുര്‍ആന്‍ പാരായണം നടത്തുകയും തൊഴില്‍ ചെയ്തു കുടുംബം പോറ്റുകയും ചെയ്യുന്നവര്‍ക്ക് ഇത്തരം കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നിടത്തോ കലാപത്തിനു പോകാനോ നേരം ഉണ്ടാവില്ല.. എങ്കില്‍ കലാപത്തിനു ഇറങ്ങുന്നവര്‍ നിസ്കാരവുമായോ കുര്‍ആനുമായോ തങ്ങളുടെ കുടുംബവുമായോ കാര്യമായി ബന്ധമില്ലാത്തവര്‍ ആവണം.

സിനിമ ഇറങ്ങിയതില്‍ തീവ്രവാദികള്‍ക്ക് സന്തോഷം. ആ സിനിമ ചൂണ്ടി, അതിനു മുമ്പ് ഇറങ്ങിയ കാര്‍ട്ടൂണ്‍ ചൂണ്ടി മുസ്ലീം സമുദായം ആക്രമിക്കപ്പെടുന്നു എന്നും സമുദായത്തെ രക്ഷിക്കാനും അത്തരം വിവാദ സിനിമകളെ ചെറുക്കാനും തങ്ങള്‍ മാത്രമേ ഉള്ളൂ എന്നും വരുത്തി തീര്‍ക്കാം. ആ വഴിക്ക് തങ്ങളുടെ സംഘബലം കൂട്ടാം. അവര്‍ക്ക് തുണ നല്‍കുന്ന മാധ്യമങ്ങള്‍ കൂടി വാര്‍ത്തകള്‍ വളച്ചൊടിച്ചു നല്‍കുമ്പോള്‍ രംഗം കലുഷിതമാവുന്നു.
ആ സിനിമ കൊണ്ട് നേട്ടം ഉണ്ടാക്കിയവര്‍ ആരെല്ലാമാണ് ?
ഒന്നാം കക്ഷി തീവ്രവാദികള്‍ തന്നെ.
രണ്ടാം കക്ഷി സിനിമ എടുത്തവര്‍ . ആ വഴിക്ക് അവര്‍ക്ക് സിനിമ കൂടുതല്‍ പേരില്‍ എത്തിക്കാനും ലോകത്ത് അറിയപ്പെടാനും ഇടയായി..
മൂന്നാം കക്ഷി , സാമ്രാജ്യത്വ കോര്‍പറേറ്റ് ശക്തികള്‍ .. ലോകത്ത് ഇത്തരം അശാന്തി ഉണ്ടാകുന്നതിനിടയില്‍ സാമ്രാജ്യത്വ കോര്‍ പറേറ്റ് ശക്തികള്‍ക്കു തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാം..
ഇത്തരം വിവാവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ പുരോഹിത വര്‍ഗം ജനതയില്‍ വിഷം കുത്തിവയ്ക്കാതെ പ്രവാചകനെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. മതം എന്തിനെന്നും പഠിക്കുക.. പഠിപ്പിക്കുക..

ലോകത്തൊരു മതവും അക്രമത്തിലേക്ക് പാതകള്‍ പണിയുന്നില്ല. അവ പരമമായ ശാന്തിയിലേക്കുള്ള പാതകള്‍ ചൂണ്ടി കാട്ടുന്നു എന്ന് മാത്രം.. ഏതൊരു മതത്തിന്റെയും നല്ല അംശം സ്വീകരിച്ചു അത് ശാന്തിയുടെ കവാടം തുറക്കാനുള്ള താക്കോലായി കരുതി മുന്നോട്ടു പോകുക..

നദികള്‍ ഏതെല്ലാം കരകളില്‍ കൂടി സഞ്ചരിച്ചാലും ഏതെല്ലാം പേരുകളില്‍ അറിയപ്പെട്ടാലും അത് ജലമെന്നും അത് സമുദ്രത്തില്‍ ചെന്ന് ചേരുന്നതോടെ അതുവരെയുണ്ടായിരുന്ന നാമങ്ങള്‍ നഷ്ടപ്പെടുന്നു എന്നും ഓര്‍ക്കുക.. അതുപോലെ ശാന്തിയില്‍ എത്തുന്നതോടെ മതങ്ങള്‍ അപ്രസക്തമാവുകയും സഞ്ചാരികള്‍ ശാന്തിയിലാവുകയും ചെയ്യുന്നു..
നദികള്‍ ശുദ്ധമാണ്, അത് എവിടെയും കെട്ടിനില്‍ക്കുന്നില്ല. മനുഷ്യനോ, കെട്ടി കിടപ്പാണ്. താന്താങ്കളുടെ മതങ്ങളില്‍ കെട്ടി കിടന്നു പുറത്തേക്കുള്ള വാതിലുകള്‍ കാണാതെ ക്ഷയിച്ചു കൊണ്ടിരിക്കുന്നു.. പുറത്തെ ആകാശവും വായുവും നഷ്ടപ്പെട്ടവര്‍ക്ക് തങ്ങളുടെ ഇടം മാത്രം ശരിയെന്നും മറ്റെല്ലാം തെറ്റെന്നും തോന്നുന്നു. വെറും തോന്നലുകള്‍ മാത്രം..

    

എം. കെ. ഖരീം - Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക