പണം പയറ്റും' നഷ്ടപ്പെട്ട സാമൂഹ്യ കൂട്ടായ്മയും

ചന്ദ്രന്‍ പുതിയോട്ടില്‍

"പേരാമ്പ്ര എത്തുമ്പോള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു. കോടതിക്കടുത്ത്, വഴി പയ്യോളിക്കും കൂത്താളിക്കുമായി പിരിയുന്ന കവലയില്‍, അപ്പുണ്ണി നായരുടെ ചായക്കടയില്‍നിന്ന് നാരായണനും പ്രഭാകരന്‍നായരും ചായയും കാരേലപ്പവും പഴവും കഴിച്ചു." ഈ വരികള്‍ ടി പി രാജീവന്‍റെ മാത്രുഭുമിയില്‍ വരുന്ന "കെ ടി എന്‍ കോട്ടൂര്‍ -എഴുത്തും ജീവിതവും" എന്ന നോവലില്‍ നിന്നാണ്..

ഈ ചായപ്പീടിക എന്‍റെ മുന്‍പിലേക്ക് വരുന്നത് കാഴ്ചകള്‍ അത്ഭുതങ്ങള്‍ ആയ ചെറുപ്പത്തിലെ രുചിഭേദങ്ങളായി നാട്ടില്‍ നടന്നിരുന്ന 'പണം പയറ്റി'ന്‍റെ ഒരു നനുത്ത ഓര്‍മ്മയായിട്ടാണ്.. ഈന്തോലന്‍ പട്ട കൊണ്ട് അലങ്കരിച്ച പീടിക...മുന്‍പില്‍ "ഇന്നത്തെ പണം പയറ്റ്"..കഴിക്കുന്ന ആളിന്‍റെ പേര്...ചോക്ക് കൊണ്ടെഴുതിതൂക്കിയ ബോര്‍ഡ്‌.......

രുചികള്‍ നാവിലൂടെ ഊറിയിരുന്ന കാലം....അച്ഛന്‍ കഴിച്ച ഒരു 'പണം പയറ്റ്' ഇപ്പോഴും ഓര്‍മയിലെ നാവിന്‍ തുമ്പത്ത്...പയ്യോളിക്കും കുറ്റിയാടിക്കും തിരിയുന്ന മുക്കില്‍ പേരാമ്പ്രയില്‍ ഇതേ അപ്പുണ്ണി നായരുടെ ചായപ്പീടികയിലെ ചായയും മധുരമുള്ള മണി മിക്സ്ചറും, പഴവും അവിലും....ഇന്നും കുളിരുള്ള ഓര്‍മയായി....



കുറി ചരിതം മലബാറില്‍ പ്രത്യേകിച്ച് കടത്തനാട്, കുറുമ്പ്രനാട് ഭാഗത്ത് കാണപ്പെടുന്ന 'പണംപയറ്റ്' എന്ന ആചാരം ഇന്നേറെ അന്യം നിന്ന മട്ടാണ്..

ചരിത്രം പറയുന്നത് പ്രാചീന കേരളത്തില്‍ ഈ സമ്പ്രദായം പല പേരുകളില്‍ അറിയപ്പെട്ടിരുന്നു. ചരിത്രകാരിയായ Jemma Simcox ന്‍റെ 'പ്രാചീന ചരിത്രത്തില്‍' പറയുന്നത് നോക്കുക, "മലബാര്‍ കുറി സമ്പ്രദായം ദ്രവീഡിയന്‍ കാലത്തുതന്നെ തന്നെ ചൈനയില്‍ ഉണ്ടായതിനു സമാനമായി രൂപപ്പെട്ടിരുന്നു."

ഇത് പഴയ കേരളത്തില്‍തന്നെ പല പേരുകളില്‍ അറിയപ്പെട്ടു. 'പണം പയറ്റ്'', 'കുറിക്കല്ല്യാണം', 'ടീ പാര്‍ട്ടി', 'തേയില സല്‍കാരം', പിന്നെ തൃശ്ശൂര്‍ മുതല്‍ തെക്കോട്ട് 'ചിട്ടി' എന്നും അറിയപ്പെട്ടിരുന്ന ഈ സമ്പ്രദായം അന്നത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്‍റെയും, അയല്‍പക്ക സാഹോദര്യത്തിന്‍റെയും ഗ്രാമീണ സാമ്പത്തിക ഇടപാടുകളുടെയും ഉത്തമ മാതൃകയായിരുന്നു എന്ന് പറഞ്ഞാല്‍ തള്ളിക്കളയാനാവില്ല.


പണം പയറ്റും ഗ്രാമീണ സാമ്പത്തിക ബന്ധവും പണം പയറ്റ് സ്നേഹത്തിന്‍റെ സല്‍ക്കാരവും ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസവുമായിരുന്നു. ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും പ്രചാരത്തിലിരുന്നതും ആപത്ത് കാലത്ത് വളരെ ഉപകാരപ്രദവുമായിരുന്നു...ഈന്തിന്‍ പട്ടയുടെ തോരണമാണ് പയറ്റിന്‍റെ സാന്നിധ്യം അറിയിക്കുന്നത് തന്നെ. ചിലയിടങ്ങളില്‍ മൈക്ക് സെറ്റും പാട്ടും ഉണ്ടാകുമായിരുന്നു..മുന്‍പൊക്കെ പണം പയറ്റ് വീടുകളില്‍ ആയിരുന്നു നടത്തിയിരുന്നത്...പിന്നീടത് വീട്ടില്‍ നിന്ന് ചായപ്പീടിക യിലെക്കും, അവിടെ നിന്ന് ഹോട്ടലിലെക്കും സഞ്ചരിച്ച് അവസാനം കമ്മ്യൂണിറ്റി ഹാളിലൂടെ ഇറങ്ങിപ്പോയി...

കളരിപ്പയറ്റിന്‍റെ അദ്ധ്വാനവും വിയര്‍പ്പൊഴുക്കലും ഈ പൈസയുടെ അങ്കത്തിലും ഉള്ളതു കൊണ്ടായിക്കാം ഇതിന് 'പണംപയറ്റ്' എന്ന പേര്‍ വന്നത്. കളരിപ്പയറ്റും അഭ്യാസവും ജീവിത രീതിയായിരുന്ന കടത്തനാട്, കുറുമ്പ്രനാട്, തലശ്ശേരി ഭാഗങ്ങളില്‍ ഇത് അതിശക്തമായി നിലനിന്നിരുന്നു.

ഒരാള്‍ അന്ന് അഞ്ചു രൂപ പണം പയറ്റുകയാണെങ്കില്‍ ആ വര്‍ഷം തന്നെയോ, അടുത്ത വര്‍ഷമോ അല്ലെങ്കില്‍ അയാള്‍ കഴിക്കുന്നതെപ്പോഴോ അപ്പോള്‍, മറ്റെയാള്‍ക്ക് അത് ഇരട്ടിയാക്കി പത്തു രൂപയോ, അയാളുടെ കഴിവനുസരിച്ചോ, അല്ലെങ്കില്‍ അതിലധികമോ പയറ്റുമായിരുന്നു.

കുറ്റി....കരിങ്കുറ്റി...
പയറ്റ് കഴിച്ചു പണം വാങ്ങി പിന്നീട് മറ്റുള്ളവരുടെ പയറ്റിനു തിരിച്ചു കൊടുക്കുന്നില്ലെങ്കില്‍ അയാളെ 'കരിങ്കുറ്റി'ക്കാരനായി കാണുമായിരുന്ന ഈ രീതി സമൂഹത്തില്‍ ഒരാളുടെ സ്വഭാവവും, കൂട്ടായ്മയും അളക്കുന്ന ഒന്നായി മാറി...തന്‍റെ കയ്യില്‍ പൈസ ഇല്ലെങ്കില്‍ ആരോടെങ്കിലും വായ്പ വാങ്ങി പണം പയറ്റാന്‍ എല്ലാവരും ശ്രദ്ധിക്കുമായിരുന്നു..കൃത്യമായി കണക്കും രജിസ്റ്റര്‍ ബുക്കും വെച്ചിരുന്നു എല്ലാ വീട്ടിലും...നിങ്ങള്‍ക്ക് കൂടുതല്‍ പൈസ പയറ്റാന്‍ പറ്റുന്നില്ലെങ്കില്‍ അതെ സംഖ്യ തിരികെ കൊടുത്തു 'കുറ്റി മുറിക്കാം'. പിന്നീട് വേണമെങ്കില്‍ പുതുതായി പയറ്റി വീണ്ടും 'കുറ്റി' പുതുക്കാം..!

പലിശരഹിതമായ ഈ സമ്പ്രദായം ചിലപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോള്‍ അത് സാധാരണക്കാരെ തിരിച്ചു പയറ്റാന്‍ കഴിയാത്ത അവസ്ഥയിലും വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വഷളാകാനും വഴിവെക്കാറുണ്ട്. പണിയില്ലാത്ത നാളുകളില്‍ രണ്ടും മൂന്നും പയറ്റ് വരിക യാണെങ്കില്‍ അതിന്‍റെ കുറ്റി മുറിക്കുകയോ പയറ്റാതിരിക്കുകയേയോ നിര്‍വാഹമുള്ളൂ.

പയറ്റ് ക്ഷണം = ബന്ധം പുതുക്കല്‍
പണം പയറ്റിനു ക്ഷണിക്കല്‍ തന്നെ ഒരു സ്നേഹ സന്ദര്‍ശനവും ബന്ധം ശക്തിപ്പെടുത്തലുമായിരുന്നു. 'പയറ്റ്കത്ത്' പ്രിന്റു ചെയ്ത് വീട് വീടാന്തരം കയറിയിറങ്ങി ക്ഷണിക്കുമായിരുന്നു. പയറ്റ്കത്തില്‍ ഇന്നേ ദിവസം ഇന്നയാളുടെ പീടികയില്‍ ഇന്ന സമയത്ത് തുടങ്ങുന്ന പണം പയറ്റിന് മുതലായ വിവരങ്ങള്‍ അച്ചുക്കൂടത്തില്‍ അച്ചടിച്ച കത്തുമായി വീട്ടില്‍ പോയി ക്ഷണിക്കും. ഇത് വെറുമൊരു സാമ്പത്തിക ബന്ധം മാത്രമായിരുന്നില്ല...ഓരോ വീടും, നാടും, വ്യക്തികളും തമ്മില്‍ ജാതിയോ, മതമോ രക്തബന്ധമോ നോക്കാതെ ഒത്തൊരുമയുടെ, സ്നേഹത്തിന്‍റെ ആഘോഷമായിരുന്നു.

മിക്കവാറും ഓരോ ആവശ്യങ്ങള്‍ വരുമ്പോള്‍ ആയിരിക്കും പയറ്റ് കഴിക്കാറ്...കല്യാണം, അസുഖം, സ്ഥലം വാങ്ങല്‍, കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ ഉടുപ്പും, കുടയും, സ്ലേറ്റും, പെന്‍സിലും വാങ്ങാന്‍‍...അങ്ങിനെ അങ്ങിനെ..

പണംപയറ്റ് രാത്രി ഒന്‍പതര..പത്തു മണി വരെ നീളും...പയറ്റെല്ലാം കഴിഞ്ഞു കണക്ക്കൂട്ടി, ബാക്കി സാമാനങ്ങളും, കാശുമായി രാത്രിയില്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ പയറ്റ്കാര്‍ വീട്ടിലേക്കു പോവുന്നത് ഒരു കാഴ്ചയായിരുന്നു. പെട്രോമാക്സ് വെളിച്ചം തന്നെ കൌതുകമായിരുന്ന കാലത്ത് എല്ലാ കാഴ്ചകളും കണ്ണിലൂടെ ഓര്‍മയിലേക്ക് കത്തിച്ച വെളിച്ചമായിരുന്നു. ഇരുളില്‍ നിന്ന് വെളിച്ചവുമായി വീട്ടിലേക്കു പോകുന്ന അയാളുടെ മനസ്സില്‍ എന്തെല്ലാം സ്വപ്നങ്ങളും, കണക്കുകൂട്ടലും ഉണ്ടായിരുന്നിരിക്കാം.

സാമ്പത്തിക ശേഷി കുറഞ്ഞവര്‍ മിക്കവാറും എല്ലാ വര്‍ഷവും പയറ്റ് കഴിക്കുമായിരുന്നു. രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞു പയറ്റ് കഴിച്ചാല്‍ പൈസ കൂടുതല്‍ കിട്ടുമായിരുന്നതുകൊണ്ട് ശേഷിയുള്ളവര്‍ ധാരാളം പയറ്റുകയും 'പയറ്റു കുറ്റികള്‍' അധികപ്പെടുത്തുകയും ചെയ്തിരിക്കും.300ഉം 500 മുതല്‍ 1000 വരെയും പയറ്റുകുറ്റികള്‍ ഉള്ളവരുണ്ടായിരുന്നു. ഒരു പയറ്റിന് 15,000, 20000 വരെ തുക കിട്ടുക എന്നത് വലിയ കാര്യവും ആശ്വാസവുമായിരുന്നു അന്നൊക്കെ.. വലിയ പയറ്റുകാര്‍ക്ക് 40000 മുതലങ്ങോട്ട് കിട്ടുമായിരുന്നു..പിന്നീട് ഒരു ലക്ഷവും മറ്റും പയറ്റ് കഴിച്ച് കിട്ടുന്നവരൂ മുണ്ടായിരുന്നു.

നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പയറ്റുക മാത്രം ചെയ്യുകയും സ്വന്തം പയറ്റു കഴിക്കുന്നിലെങ്കില്‍ അതൊരു നഷ്ടക്കച്ചവടമയതിനാല്‍ മൂന്ന്‍ നാല് വര്ഷം കൂടുമ്പോള്‍ നിങ്ങളും പയറ്റ് കഴിക്കാന്‍ നിര്‍ബന്ധിതനാകുന്നു.

കല്യാണത്തിന് മുന്‍പേ പയറ്റ് കഴിക്കുന്നത്‌ സര്‍വസാധാരണമായിരുന്നു. മോശമല്ലാത്ത ഒരു തുക അന്ന് കിട്ടും. മിക്കവാറും തങ്ങള്‍ക്കാലാവുന്ന തുക നാട്ടുകാര്‍ പയറ്റുമായിരുന്നു. വീട്ടില്‍ കൂടുന്നതിന്റെ മുന്പെയും പണം പയറ്റ് കഴിക്കുമായിരുന്നു.

പയറ്റ് സീസണ്‍
ജനുവരി മുതല്‍ മെയ്‌ അവസാനം വരെയാണ് പയറ്റ് സീസണ്‍. പണ്ടൊക്കെ നടന്നായിരുന്നു പയറ്റിന് പോയിരുന്നത്..സാധാരണക്കാര്‍ നാടന്‍ പണിയൊക്കെ കഴിഞ്ഞു വൈകുന്നേരം കൂലിയും വാങ്ങി വീട്ടില്‍ പോയി കുളി കഴിഞ്ഞാണ് പയറ്റാന്‍ പോവുക..അതുകൊണ്ട് പൊതുവേ പയറ്റിന് ആള്‍ക്കാരുടെ തിരക്ക് കൂടുന്നത് വൈകുന്നേരങ്ങളില്‍ ആയിരിക്കും..മിക്കവാറും പയറ്റ് ഉച്ചക്ക് രണ്ടു മണിമുതലാണ് ആരംഭിക്കുക..അപൂര്‍വം ചിലത് രാവിലെ പത്തരക്ക് തുടങ്ങും. വൃത്തിയായി എഴുതാന്‍ അറിയുന്ന വിശ്വസ്തരെയാണ് കണക്കുകള്‍ എഴുതാനും പൈസ വാങ്ങിവെക്കാനും കൌണ്ടറില്‍ ഇരുത്തുക. അയാള്‍ അവസാനം വരെ ഇരുന്ന് രാത്രി പയറ്റ് കഴിയുമ്പോള്‍ കൃത്യമായി കണക്ക് കൂട്ടി തുക ഏല്‍പ്പിക്കുന്നതോടെ അയാളുടെ ജോലി കഴിയുന്നു. ഇതിന് ഇവര്‍ ഒരിക്കലും കൂലിയോ വേതനമോ വാങ്ങിയിരുന്നില്ല...സ്നേഹവും, സൌഹാര്‍ദമായിരുന്നു... തിരിച്ചും മറിച്ചും..

ഒരാള്‍ക്ക്‌ ഒരേ ദിവസം മൂന്നും നാലും പയറ്റുകള്‍ ഉണ്ടാകുമ്പോള്‍ തന്‍റെ മക്കളെയോ അല്ലെങ്കില്‍ പയറ്റിന് പോകുന്ന മറ്റാരുടെയെങ്കിലും കയ്യിലോ കൊടുക്കുകയാണ് പതിവ്..കഴിവതും പയറ്റെണ്ട ആള്‍ തന്നെ പോയി പയറ്റുകയായിരുന്നു ശീലം..അതായിരുന്നു ബന്ധം...ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവ്‌ വരെ ഈ പയറ്റു ബന്ധം നില നിന്നിരുന്നു...പിന്നീട് പണം പയറ്റ് പരിഷ്കരിച്ച് 'തേയില സല്‍ക്കാരം' എന്നും 'ടീ പാര്‍ടി' എന്നും വിളിച്ചു പോന്നു...

കുട്ടികളുടെ സന്തോഷം=അപൂര്‍വ രുചികള്‍
അന്നത്തെ കാലത്ത് അടുത്തുള്ള പയറ്റിന് അച്ഛന്‍ മക്കളെ പറഞ്ഞയക്കുകയാണെങ്കില്‍ അവര്‍ക്ക്‌ വലിയ സന്തോഷമായിരിക്കും. വീട്ടില്‍ കിട്ടാത്ത സ്വാദുള്ള ചായയും, കൂട്ടലും...ചിലപ്പോള്‍ ചെറിയ കുട്ടികള്‍ ആണെങ്കില്‍ അവരെയും കൂട്ടി പയറ്റിന്‍റെ ചായ കുടിക്കാന്‍ പോകുമായിരുന്നു. മര ബെഞ്ചില്‍ കിട്ടുന്ന ചായയും, പലഹാരങ്ങളും എങ്ങോട്ടും നോക്കാതെ തട്ടിവിട്ടിരുന്ന കുട്ടികള്‍ക്ക് വയറും മനസ്സും നിറയുമായിരുന്നു.

(ഈ രുചികളും സന്തോഷങ്ങളും അനുഭവിച്ചത് ആണ്‍കുട്ടികള്‍ മാത്രമായിരുന്നു. പെണ്‍കുട്ടികളും അമ്മയും മറ്റ് സ്ത്രീകളും അകറ്റിനിര്‍ത്തപ്പെട്ട പുരുഷകേന്ദ്രീകൃതമായ ചട്ടക്കൂടില്‍ ആയിരുന്നു)

സല്‍കാരവും പലഹാരങ്ങളും
'പല ഹാര'ങ്ങളായിതന്നെയായിരുന്നു പയറ്റിനും രുചികള്‍. എന്താണ് പയറ്റിന്റെ 'കൂട്ടല്‍' എന്നത് പലപ്പോഴും ഒരഭിമാനമായിരുന്നു. തന്‍റെ കഴിവ് പോലെ ആള്‍ക്കാര്‍ പലഹാരം തിരഞ്ഞെ ടുത്തിരുന്നു. അവിലും പഴവുമായിരുന്നു ആദ്യകാലങ്ങളില്‍ ചായക്കൊപ്പം. ചിലര്‍ കഴിവി നനുസരിച്ച് വിഭവങ്ങളില്‍ മാറ്റം വരുത്തും. വീട്ടില്‍ ചുട്ട നെയ്യപ്പം, കാരേലപ്പം, ഓര്‍ഡര്‍ ചെയ്തുണ്ടാക്കുന്ന പഴം പൊരി, പരിപ്പുവട, ചികന്‍ പപ്സ്‌, മട്ടണ്‍ പപ്സ്‌, ബനാന ചിപ്സ്, സമോസ, പൊട്ടറ്റോ ചിപ്സ്, പൊറാട്ട ഒക്കെ 'സ്പെഷ്യല്‍' ആയിരുന്നു. കേക്കും മിക്സ്ച്ചറും ആയിരുന്നു മറ്റൊരു സാധാരണ ഇനം.

'ഒണക്കന്‍റെ പ്രതികാരം'
പയറ്റിന് വന്നില്ലെങ്കില്‍ അത് ഒരു അപമാനിക്കുന്ന രീതിയില്‍ ആയിരുന്നു പയറ്റു കഴിക്കുന്ന ആള്‍ കണ്ടിരുന്നത്. നിങ്ങള്‍ വന്നു പൈസ പയറ്റുക എന്നു മാത്രമല്ല തന്‍റെ ചെറിയ സന്തോഷത്തില്‍ പങ്കുചേരുക എന്നും കൂടിയുണ്ടായിരുന്നു ഈ കര്‍മത്തിന്. അങ്ങനെ വരാത്തവരെ കളിയാക്കിയ ആളായിരുന്നു ഞങ്ങളുടെ നാട്ടിലെ സഹൃദയനായ ഒണക്കന്‍. താഴെക്കിട വിഭാഗത്തില്‍ ജനിച്ച അഭിമാനിയും സരസനുമായിരുന്ന ഒരു മനുഷ്യന്‍ ആയിരുന്നു അദ്ദേഹം‍. ഒരിക്കല്‍ താന്‍ കഴിച്ച പണം പയറ്റിനു വരാതിരുന്നവരുടെ വീട്ടില്‍ പണം പയറ്റിന്‍റെ അന്നത്തെ പലഹാരങ്ങള്‍ ഒരു കുരിയലില്‍ (കൈതോല കൊണ്ടുണ്ടാക്കുന്ന അന്നത്തെ സഞ്ചി) ആക്കി പിറ്റേ ദിവസം കരിങ്കുറ്റിക്കാരുടെ വീട്ടില്‍ കൊണ്ടക്കൊടുത്ത് അവരെ ശരിക്കും കളിയാക്കിയ വ്യക്തിയായിരുന്നു. ദിവസേന ഒരു കുര്യലുമായി സാധനം വാങ്ങാന്‍ പോകുന്ന ഒണക്കന്‍റെ മണ്ണിനോട് ചേര്‍ന്ന്നിന്ന ജീവിതചിത്രം ഇപ്പോഴും ഓര്‍മയില്‍...

'വെറുതെ കുടിച്ച ചായ'
പയറ്റ് നടക്കുന്ന ചായപ്പീടിക ഈന്തോലന്‍ പട്ടയാല്‍ അലങ്കരിച്ചും ബോര്‍ഡ്‌ വെച്ചും ആയിരിക്കും ഉണ്ടാവുക. ഇതൊന്നും ശ്രദ്ധിക്കാതെ (ഒരു ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്) തെക്കന്‍ തിരുവിതാംകൂറില്‍ നിന്ന് വന്ന രണ്ട് ചെറുപ്പക്കാര്‍ എന്തോ ആവശ്യത്തിന് കൂത്താളിയില്‍ വന്നപ്പോള്‍ അന്നവിടെ നടക്കുന്ന പയറ്റ്പീടികയില്‍ കയറാനിടയാവുകയും ചായയും കടിയും കഴിച്ച ശേഷം എത്രയാണ് കാശെന്ന് ചോദിച്ചപ്പോള്‍ കണക്കെഴുതുന്ന ആള്‍ക്ക് ഇവര്‍ ഇവിടത്തുകാര്‍ അല്ലെന്നു മനസ്സിലായി കാശൊന്നും വാങ്ങാതെ അവരെ പറഞ്ഞയക്കുകയും ചെയ്തു. പിന്നീടാണ്‌ അവര്‍ക്ക് കാര്യത്തിന്‍റെ കിടപ്പ് പിടികിട്ടിയത്. ക്ഷണിക്കപ്പെട്ട ആള്‍ക്കാര്‍ മാത്രമേ പയറ്റിന് പോകുമായിരുന്നുള്ളൂ. അല്ലാത്തവര്‍ പോകുന്നത് ഒരു 'ചേപ്ര'' (അല്‍പം തരം താണ പ്രവര്‍ത്തി) ആയി കരുതിയിരുന്നു. സഹായക്കുറി
പിന്നീട് ഈ സമ്പ്രദായത്തിന്‍റെ ചുവട് പിടിച്ച് 'സഹായക്കുറി' എന്ന രീതി നിലവില്‍ വന്നു. സാമ്പത്തികമായി പുറകോട്ട് നില്‍ക്കുന്നവര്‍ തങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് നേരിട്ടാലോ, അസുഖം കാരണം പൈസയുടെ അവശ്യം വന്നാലോ, ഇനിയും അതല്ല തന്‍റെ മക്കളെ കല്യാണം കഴിച്ചയക്കാനോ, ഗള്‍ഫില്‍ പോകാനോ മറ്റോ പൈസ ആവശ്യമായി വന്നാല്‍ പലരും 'സഹായക്കുറി' കഴിച്ചിരുന്നു. ഇതിനു നിങ്ങള്‍ക്ക് ആരെയും വിളിക്കാം. നിങ്ങള്‍ പയറ്റ് കഴിച്ചിരി ക്കണമെന്നു ഒരു നിര്‍ബന്ധവുമില്ല...

മാറുന്ന രീതികള്‍
പിന്നീട് അത് ചുരുങ്ങി വീട്ടില്‍ കല്യാണത്തലേന്ന് വന്നു കവറില്‍ (ലക്കോട്ട്) പേരെഴുതി കൊടുക്കും. ഇത് തിരിച്ചു തന്‍റെ കല്യാണത്തിനോ, വീട്ടില്‍ക്കൂടലിനോ (ഗൃഹപ്രവേശം) പൈസ കൂട്ടി തിരിച്ചു കൊടുക്കുമായിരുന്നു.

'പരിഷ' അഥവാ 'മാസക്കുറി'
ഇതുപോലെ തന്നെ വീട്ടില്‍ നടന്നിരുന്ന പ്രാചീനരൂപമായ പരിഷയും, മാസക്കുറിയും ഇപ്പോഴും തുടരുന്നുണ്ടെങ്കിലും കൂടുതലും ഗ്രൂപുകളിലും സ്വയം സഹായ സംഘങ്ങളിലും ആയി കേന്ദ്രീകരിച്ചിരിക്കുന്നു. പണ്ട് പരിഷ നടക്കുന വീടുകളില്‍ എല്ലാ മാസവും പരിഷ ദിവസം പുഴുക്കും ചായയും പതിവായിരുന്നു. തേങ്ങയും മറ്റും ഇട്ട കടലപ്പുഴുക്കോ, പുട്ടോ ഒക്കെ ഉണ്ടാകുമായിരുന്നു...കൂടാതെ ചായയും. പക്ഷെ ഇതിനു വേണ്ടുന്ന സാധനത്തിന്റെ ചെലവ് എല്ലാ പരിഷ ക്കാരനും വഹിക്കേണ്ടാതായിരുന്നു. അത് പോതുവേ പരിഷ സംഖ്യയില്‍ നിന്ന് എടുക്കുകയാണ് പതിവ്.

ഇപ്പോഴത്തെ രൂപം
നാട്ടില്‍ ബ്ലേഡുകളുടെ ആവിര്‍ഭാവത്തോടെ, ബാങ്കുകള്‍ വായ്പകള്‍ കൊടുക്കാന്‍ തുടങ്ങിയതോടെ, മറ്റു സാമ്പത്തിക സ്രോതസ്സുകളുടെ വരവോടെ, മനുഷ്യര്‍ തമ്മില്‍ വെറുക്കാനും, അസൂയ പ്പെടാനും തുടങ്ങിയതോടെ പയറ്റെല്ലാം ആയുധം വെച്ച് കീഴടങ്ങി..

അന്ന് വായ്പക്ക് (കടം) പൈസ ധാരാളമായി കിട്ടുന്ന കാലമായിരുന്നു. ആരും കൊടുക്കുകയും വാങ്ങുകയും ചെയ്ത നാളുകള്‍..ഇന്ന് ആരോടെങ്കിലും പൈസ വായ്പ ചോദിച്ചാല്‍ കയ്യിലില്ലെന്നും പറ്റുമെങ്കില്‍ ഞാന്‍ ഇന്നയാളുടെ കയ്യില്‍ നിന്ന് ഇത്ര ശതമാനം പലിശക്ക് ബ്ലേഡില്‍ വാങ്ങിത്തരാ മെന്നും പറഞ്ഞു തന്‍റെ തന്നെ പൈസ കൊടുക്കുന്ന കാലമാണിത്...

ചിലരുണ്ട് തന്നോട് വായ്പ ചോദിക്കാന്‍ സാധ്യതയുള്ളവരോട് വെറുതെ അങ്ങോട്ട്‌ കടം ചോദിക്കുകയും തനിക്ക് അല്പം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നു ആ പാവത്തിനെ ധരിപ്പിച്ചു അയാളില്‍ നിന്നുള്ള വായ്പാചോദ്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും..

Ref: http://maddy06.blogspot.com/2009/05/kuri-systems-of-kerala.html അലങ്കാരവും ആഘോഷവും കുറഞ്ഞ ഈ കാലത്തെ കൂത്താളിയിലെ ഒര് പണംപയറ്റ്...
ഈന്തോലന്‍ പട്ട..പണംപയറ്റിലെ ഒരവശ്യവസ്തു...
ഡയറി എഴുത്തില്‍ പണം പയറ്റും ഒരു പ്രധാന ഭാഗം..
1964 ലെ പയറ്റിയ പേരുകളും സംഖ്യയും എഴുതിയ ഒരു ഡയറി..
പോകാന്‍ പറ്റിയില്ലെങ്കിലും പയറ്റണം..

    

ചന്ദ്രന്‍ പുതിയോട്ടില്‍ - Tags: Thanal Online, web magazine dedicated for poetry and literature ചന്ദ്രന്‍ പുതിയോട്ടില്‍, പണം പയറ്റും' നഷ്ടപ്പെട്ട സാമൂഹ്യ കൂട്ടായ്മയും