വിശ്വഗായക, വിട

സി. പി. അബൂബക്കര്‍

(അന്തരിച്ച ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന് പ്രണാമം) ദേവദാരുക്കള്‍ പൂത്ത
ഹിമവല്‍തടങ്ങളില്‍
ഹേമനാദങ്ങള്‍ വാര്‍ന്നൊ-
രുറവില്‍ നിറവാര്‍ന്ന
നിനവായ് കനവായും
പാടുന്നുനീ ദ്രുപദം;
വാനവും ഹേ, ഗായക,
രോമാഞ്ചമണിയുന്നൂ.

ഏതുറവാകാം നിന്റെ
ഗംഗോത്രി? യതോര്‍ത്തുഞാന്‍
ധൂമിലചരിത്രത്തിന്‍
താളുകള്‍ മറിക്കവേ,
നിന്‍ഗസല്‍പ്പടലങ്ങ-
ളുയര്‍ന്നൂ പ്രശാന്തിയായ്
ജനനമരണങ്ങള്‍-
ക്കെന്റെ വാഴ്‌വിനും പ്രഭോ.
ശിലകള്‍ സമ്മോഹന-
ധാരയായ്, വേനല്‍പ്പാളി-
യാര്‍ദ്രമോഹനമായ
താലവൃന്ദമായ് മാറി
സാലപത്രത്തില്‍ മഞ്ഞു
വീഴുമ്പോള്‍ തബലയി-
ലേതുതാളമായെന്റെ
നെഞ്ചകം തുടിക്കുന്നൂ?

രസലവനങ്ങളി-
ലിളമാരുതന്‍ വന്നു
കുസുമദലങ്ങളില്‍
തേന്‍കണങ്ങളില്‍തട്ടി
ചന്ദനസുരഭില-
കാനനങ്ങളിലെല്ലാം
മന്ദഗാമിനിയായി
മന്ദ്രവാദിനിയായി
ചന്ദ്രരശ്മികള്‍ചേര്‍ന്നു
നിന്‍പദമൊഴുകുമ്പോള്‍
കുന്ദകുഡ്മളങ്ങളായ്
വാക്കുകള്‍ കിളിര്‍ക്കുന്നു.
നീസുഗന്ധമായ് രാഗ-
ബന്ധുരസംഗീതമായ്
രാപ്പകലറിയാതെ
ഞങ്ങളിലുണരുന്നൂ.

വിശ്വഗായക, വിട,
പോക നീ, യദൃശ്യമാം
ദ്യോവിന്റെ തടങ്ങളില്‍
തീര്‍ത്ഥമാവുക, വിഭോ.
ആവിലമെന്‍ലോകത്തി-
ന്നാകുലികളെ നിന്റെ
വീണയിലോരോന്നായി-
പ്പാടു നീയവിടെയും.
ഭൂവിലെ പ്രണയവും
സ്‌നേഹവും പ്രശാന്തിയും
തെരുവില്‍ നുരിയുന്ന
മൗനവേദനകളും
ഗലിയിലമരുന്ന
നിശ്ശബ്ദവിലാപവും
ദ്യോവിലും നിനക്കാര്‍ദ്ര-
രാഗമാലികയാട്ടേ.

കണ്ണീരായൊഴുകട്ടെ
ഞാനുമെന്‍കവിതയും
ഭാവഗായക, നിന്റെ
നിത്യമാം സ്മരണയില്‍

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, വിശ്വഗായക, വിട
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക