ഹാ വിജിഗീഷു മൃത്യുവിന്നാമോ

സി. പി. അബൂബക്കര്‍

തണലോണ്‍ലൈനിന്റെ പുതിയലക്കം ആഹ്ലാദപൂര്‍വ്വം വായനക്കാര്‍ക്കുമുന്നില്‍ സമര്‍പ്പിച്ചുകൊള്ളട്ടെ. ആഹ്ലാദിക്കാനാവുന്ന ഒരു കാലമല്ല ഇതെന്ന് തണല്‍ മനസ്സിലാക്കുന്നു. നല്ലകാര്യങ്ങളല്ല നാട്ടില്‍ നടക്കുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകം മാത്രമല്ല ഈ പ്രസ്താവത്തിന് നിദാനമായിരിക്കുന്നത്. മനുഷ്യത്വരഹിതവും ഹീനവുമാണ് ആ പാതകമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഏത് കാര്യത്തിനാവണം യൗവനം അകന്നുപോയിട്ടില്ലാത്ത ആ മനുഷ്യനെ ഘാതകന്മാര്‍ കശാപ്പ് ചെയ്തിരിക്കുക? രാഷ്ട്രീയമാണോ?രാഷ്ട്രീയേതരമായ എന്തെങ്കിലും കാരണം അതിനുണ്ടാവുമോ? പോലീസും മാധ്യമങ്ങളും നല്കുന്ന വിവരണം മാത്രംമതിയാവില്ല ഒരു നിഗമനത്തിലെത്താന്‍. കാരണം, പോലീസിനും മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പക്ഷപാതിത്വം ആരോപിക്കപ്പെട്ടിട്ടുണ്ട്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാനാവില്ല. പാതകം നടന്ന് മിനുട്ടുകള്‍ക്കകം പ്രതിസ്ഥാനത്ത് ഒരു പാര്‍ട്ടിയെ അവരോധിക്കാന്‍ മാധ്യമങ്ങളും ചിലരാഷ്ട്രീയകക്ഷികളും കാണിച്ചതിടുക്കം വളരെ ഗൗരവമുള്ളതാണ്. ഹീനമായ പാതകങ്ങളെ രാഷ്ട്രീയവത്കരിച്ച്, എതിര്‍ രാഷ്ട്രീമുന്നണികളെ കൊമ്പുകുത്തിക്കുകയെന്ന തന്ത്രം ഏതോ ഉപശാലയില്‍ നിര്‍മ്മിക്കപ്പെട്ടുവോ? വിശേഷിച്ച്, നിര്‍ണായകമായ ഒരുപതെരഞ്ഞെടുപ്പ്‌നടക്കുന്ന സാഹചര്യത്തില്‍?

ആരോപണവിധേയമായ പാര്‍ട്ടിക്കുള്ളില്‍തന്നെ അത്രയൊന്നും ആരോഗ്യകരമല്ലാത്ത പലസംഭവങ്ങളും നടക്കുന്നുണ്ട് . പാര്‍ട്ടിക്കെതിരെ നീന്തുന്നതാണ് തനിക്കും തന്റെ വിഭാഗത്തിനും ലാഭകരമെന്നു കരുതുന്ന ചിലര്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ട്. പാര്‍ട്ടി വലിയ പ്രതിസന്ധിയിലായിരിക്കുമ്പോഴും സ്വയം യശസ്വിയാക്കാനുതകുന്നതരത്തില്‍ സ്വയംപ്രശംസാപരിപാടികളിലേര്‍പ്പെടുന്ന അവരുടെ ചെയ്തികള്‍ ജനാധിപത്യത്തിനോ രാഷ്ട്രീയധാര്‍മികതയ്‌ക്കോ നല്ല ഉദാഹരണമല്ല, എന്തായാലും.

ഭിന്നാഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ നിലനില്ക്കുകയാണ് ജനാധിപത്യത്തിന്റെ കാതല്‍. അതിനു സഹായിക്കുന്ന അവസ്ഥകേരളത്തില്‍നിന്ന്‌നഷ്ടമാവുകയാണ്. ഭരണത്തിലുള്ള യു. ഡി. എഫിന് 2011ലെ തെരഞ്ഞെടുപ്പില്‍ സന്നിഗ്ദ്ധധമായ ഭൂരിപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കാലുമാറ്റരാഷ്ട്രീയത്തിലേക്ക് നയിച്ചു. കാലുമാറ്റത്തിന് കോടികളുടെ കഥകള്‍ പറയാനുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

കാലുമാറ്റം മാത്രമല്ല, മുമ്പ് പിന്നണിയില്‍മാത്രമായിരുന്ന മത-സാമുദായികവിഭാഗങ്ങള്‍ മുന്‍ നിരയിലേക്കുവരികയും കേരളരാഷ്ട്രീയത്തിന്റെ ഗതിനിര്‍ണ്ണയിക്കാന്‍ തുടങ്ങുകയും ചെയ്തു. മുസ്ലി ം ലീഗ് ഒരഞ്ചാം മന്ത്രിയെ സ്വന്തമായി പ്രഖ്യാപിക്കുന്നതാണ് ഇതിന്റെ സ്പഷ്ടമായ ആരംഭം. മുന്നണിസംവിധാനത്തിന്റെ സകലമര്യാദകളുടേയും ലംഘനമായിരുന്നു ഇത്. അത് പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പുകഞ്ഞുകൊണ്ടിരിക്കുകയും അതിനുശേഷം ആളിക്കത്തുകയും ചെയ്തു. അധികം സീറ്റ് കോണ്‍ഗ്രസ്സിനാണെങ്കിലും വലതുപക്ഷമുന്നണിയുടെ ഭദ്രമായ അടിത്തറ മുസ്ലിം ലീഗാണെന്ന തിരിച്ചറിയാന്‍ അത്ഭുതാവഹമായ ഇന്ദ്രിയശേഷിയൊന്നുമാവശ്യമില്ല. അവരുടെ അഞ്ചാംമന്ത്രിസ്ഥാനമെന്ന ആവശ്യത്തിനുമുന്നില്‍ മുട്ടുമടക്കുകയേ പ്രായോഗികമതിയും കുടിലതന്ത്രജ്ഞനുമായ മുഖ്യമന്ത്രിക്കു കഴിയുമായിരുന്നുള്ളൂ. സാമുദായികസന്തുലനം നഷ്ടമാവുന്നുവെന്ന കോണ്‍ഗ്രസ്സിന്റേയും ഹിന്ദുസാമുദായികസംഘടനകളുടേയും പരിദേവനങ്ങള്‍ തൃണവത്ഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അഞ്ചാംമന്ത്രിയെ നല്കിയത്.

കേരളത്തിലെഇടതുപക്ഷമുന്നണിയുടെ നേതൃസ്ഥാനത്തുള്ള സി. പി. എമ്മിന് ഇതിലെന്തെങ്കിലും പിശകുപറ്റിയോ? സാമുദായികസന്തുലനം നഷ്ടമാവുന്നുവെന്ന് പരാതി പറയുന്നതില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും പങ്കാളിയാവരുതായിരുന്നു. അതൊരു ഭീമമായ അബദ്ധമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ സ്ഥാനത്ത് സാമുദായികരാഷ്ട്രീയം പറയുന്നതില്‍ പാര്‍ട്ടി പങ്കാളിയാവരുതായിരുന്നു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടപ്രചാരവേലയില്‍ വളരെ പിന്നിലായിരുന്ന വലതുപക്ഷമുന്നണി ചന്ദ്രശേഖരന്റെ വധത്തോടെ മുന്നിലെത്തി. രാഷ്ട്രീയ-സാമുദായികചര്‍ച്ചകളെല്ലാം പരണത്തായി. പകരം സി പി. എമ്മിനെതിരായ ഉന്മത്തമായ പ്രചാരണത്തിന്റെ ലഹരിയിലായി വലതുപക്ഷമുന്നണിയും മാധ്യമങ്ങളും. ചന്ദ്രശേഖരന്റെ വധം വലതുമുന്നണിയെ കുറച്ചൊന്നുമല്ല സഹായിച്ചത്. അത്തരമൊരു സ്ഥിതിയുണ്ടാവുന്നതിനു സാമാന്യബുദ്ധിയുള്ള ഏതെങ്കിലും രാഷ്ട്രീയ നേതൃത്വം തയ്യാറാവുമെന്ന് കരുതുക അസാധ്യം. ഇനി സക്കറിയ അപലപിച്ചതുപോലെ, കൊലനടത്തുന്നതിലും ആസൂത്രണം ചെയ്ുന്നതില്‍പോലും പഴഞ്ചനായ നേതൃത്വമായതുകൊണ്ടാണോ ഈ വിഡ്ഢിത്തമുണ്ടായത്? ദിനോസര്‍ ബുദ്ധിമാത്രമായതുകൊണ്ടാണോ? കൊലആസൂത്രണംചെയ്യാനും നിര്‍വഹിക്കാനുമൊക്കെ പരിഷ്‌കൃതമായ മാര്‍ഗ്ഗങ്ങളുരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്ന് പണ്ഡിതനായ സക്കറിയ പറയുന്നതിനെ നാം എതിര്‍ക്കേണ്ടകാര്യമില്ല.

ഒരു കൊലപാതകം നമ്മുടെ സാമൂഹികജീവിതത്തെ ക്രൂരമാം വിധം ബാധിച്ചിരിക്കുന്നു. നമ്മുടെ സാമൂഹികജീവിതത്തെ ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ ഒരുപ്രശ്‌നവും ചര്‍ച്ചയ്ക്കുവിധേയമാവുന്നില്ല. അഴിമതിയോ മാലിന്യക്കൂമ്പാരമോ മഴക്കാലപ്പനിയോ ഒന്നും. പ്ലാനിങ്ങ് കമ്മിഷനംഗത്തിന്റെ കുളിമുറിയും കക്കൂസും റിപ്പയര്‍ചെയ്യാന്‍ ചെലവായ 35ലക്ഷം രൂപയെപറ്റി നമുക്ക് വേവലാതിയൊന്നുമില്ല., ദശലക്ഷക്കണക്കില്‍കോടിരൂപയുടെ ധൂര്‍ത്തും അഴിമതിയും നമുക്ക് പ്രശ്‌നമല്ലാതായിമാറിയിരിക്കുന്നു. പ്രധാനമന്ത്രിക്കെതിരെയുയര്‍ന്ന അഴിമതിയാരോപണത്തിന്റെ കാര്യത്തില്‍അദ്ദേഹത്തിന്റേയും പാര്‍ട്ടിനേതാവിന്റേയും വിധിപ്രസ്താവം അന്തിമമായിക്കലാശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ തെരഞ്ഞെടുപ്പ് കോസു തുടരാമെന്ന കോടതിവിധി ജനശ്രദ്ധയില്‍വരാതെ നനഞ്ഞപടക്കമായി.

അപ്പോഴും ചന്ദി്രശേഖരന്റെ കൊലയും അതിന്റെ അണിയറരഹസ്യങ്ങളും ചുരുളഴിയാതിരിക്കുകയാണ്. കൊല രാഷ്ട്രീയായുധമായി മാറുമ്പോഴുണ്ടാവുന്നവിപര്യയമാണിത്. ഇതൊരു രാഷ്ട്രീകൊലപാതകമാണോ? രാഷ്ട്രീയമല്ലാത്ത കാരണമെന്തെങ്കിലും ഈ കൊലയ്ക്കുണ്ടാകുമോ? അങ്ങനെയാണെങ്കില്‍ അതെന്താവാം? കൊലചെയ്യപ്പെട്ട നേതാവിന്റെ ജീവിതബന്ധങ്ങളെന്തായിരുന്നു? സുഹൃത്തുക്കള്‍, വ്യവഹാരങ്ങള്‍ എന്തൊക്കെയായിരുന്നു? ഏതെല്ലാം ജീവിതമേഖലകളില്‍ അദ്ദേഹം വ്യാപരിച്ചിട്ടുണ്ട്? പ്രതികളായി പിടിക്കപ്പെട്ട ആളുകളുമായി അദ്ദേഹത്തിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ? അന്വേഷകരുടെ സത്വരശ്രദ്ധപതിയേണ്ട കാര്യങ്ങളാണിവ. കൊലയാളികളില്‍ സി. പി. എമ്മുകാരോ മറ്റേതെങ്കിലും പാര്‍ട്ടിക്കാരോ ഉള്ളതെന്നല്ല, കൊലയുടെ മോട്ടീവാണ് ശരിയായി മനസ്സിലാക്കേണ്ടത്. അത് മനസ്സിലാവുമ്പോള്‍മാത്രമേ കൊലയുടെ രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ സ്വഭാവം മനസ്സിലാവുകയുള്ളൂ. ഒരാളെ വകവരുത്തിയാല്‍മാത്രം മനസ്സമാധാനമുണ്ടാവുന്ന അവസ്ഥ കൊലയാളിക്കോ കൊല ആസൂത്രണം ചെയ്തയാള്‍ക്കോ എങ്ങിനെയുണ്ടായി? വരും വരായ്കകളാലോചിക്കാതെ ആരെങ്കിലും ചെയ്തുപോയ പാതകമാണോ ഇത്?

കൊലനടന്നു. അതിനെ പറ്റി അന്വേഷണം നടക്കുന്നു. അന്വേഷണത്തിലുള്ള തകരാറുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ചേറിയരിച്ച് അവസാനം ചെന്നെത്തുക കൊലനടന്നു, ചന്ദ്രശേഖരനെന്ന മനുഷ്യന്‍ ദാരുണമായി വധിക്കപ്പെട്ടുവെന്ന സത്യത്തിലാണ്. അതിനപ്പുറം ഒന്നുമില്ല. ചിലര്‍ശിക്ഷിക്കപ്പെട്ടേക്കാം. അവരില്‍ ചിലര്‍നിരപരാധികളാകാം. അങ്ങിനെ ലോകംവീണ്ടും മുന്നോട്ട് പോകും. കാലമുരുളും, വിഷുവരും, ഓണം വരും. തെറഞ്ഞെടുപ്പും ബജറ്റും വരും. ചില്ലറവ്യാപാരത്തിന്റെ വാതിലുകള്‍ വിദേശമൂലധനത്തിനുതുറന്നുകൊടുക്കും. ഏ ത് വാതിലും വിദേശമൂലധനത്തിനു തുറന്നുകൊടുക്കുന്ന വൈശികരീതിയിലേക്ക് നമ്മുടെ ഭരണതന്ത്രം രൂപപ്പെട്ടുകഴിഞ്ഞു.
അപ്പോഴും എപ്പോഴും നാം ആലോചിക്കേണ്ട കാര്യം ഇതാണ്: ഒരു മൃതി എത്രമേല്‍ വിജിഗീഷുവാകാം, പക്ഷേ നമ്മുടെ ജീവിതത്തെ തകര്‍ത്തുകളയാന്‍ ആ മൃതിയെ അനുവദിച്ചുകൂടാ.


സി. പി. അബൂബക്കര്‍,
ചീഫ് എഡിറ്റര്‍

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ഹാ വിജിഗീഷു മൃത്യുവിന്നാമോ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക