കാക്കേ കാക്കേ കൂടെവിടെ

സി. പി. അബൂബക്കര്‍

(കാലുകുടഞ്ഞുതുടങ്ങുന്ന കുഞ്ഞിക്കവികള്ക്കും കുഞ്ഞിക്കവിതകള്ക്കും)

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞിന് ചിറക് മുളയ്ക്കുന്നോ
കുഞ്ഞിക്കവിത കുറുകുന്നോ?
കവിതക്കുഞ്ഞ് കറുത്താണോ?
കുഞ്ഞിക്കണ്ണ് ചെമന്നാണോ?
കണ്ണു തുറന്നു പുറത്തേക്കു
വഴിയും നോക്കിയിരിപ്പാണോ?
പാട്ടു നിറഞ്ഞൊരു ചങ്കോടെ
കുഞ്ഞു പറക്കാന് നോക്കുന്നോ?
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ

(രണ്ട്)
പക്ഷി പറക്കും മാനത്തെ
വാക്കുകള് കുഞ്ഞിന്നറിയാമോ?
താരകള് പൂക്കും വൃക്ഷത്തില്
പൂക്കള് പറിക്കാന് കയറാമോ?
പച്ചഞരമ്പ് തുടിച്ചീടും
ചില്ലയിലേറാനറിയാമോ?
പച്ചില കൊത്തിപ്പാറുമ്പോള്
നനയും കണ്ണുകള് കാണാമോ?
പുഴയുടെ വക്കിലിരിക്കുമ്പോള്
പൊന്മാന് മീനിനെ റാഞ്ചുമ്പോള്
ചോരയിലുതിരും മണ്തരികള്
നെഞ്ചിലെടുത്തുനടക്കാമോ?
ദുരിതം നിറയും തെരുവുകളില്
അരിമണികൊത്തിയിരിക്കാമോ?
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?

(മൂന്ന്) അമ്മച്ചിറകിലിരിപ്പാണോ
കൊക്കിലൊരിത്തിരി തേനുണ്ടോ?
മണ്ണും വിണ്ണും കാണുമ്പോള്
കണ്ണു നിറച്ചു പകപ്പാണോ?
കൂട്ടിനു വെളിയിലെ സ്വാതന്ത്ര്യം
പാട്ടിനു ചേലെന്നറിയാമോ?
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, കാക്കേ കാക്കേ കൂടെവിടെ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക