കര്‍മം

സി. പി. അബൂബക്കര്‍

കര്‍മം
നിയതി
ഭാഗധേയം
തീര്‍ന്നു, പ്രിയങ്കരി,
നമ്മുടെ ജീവിതം
നദികളില്‍ നനയാതെ,
ഉറവുകളില്‍ നിറയാതെ,
നിനവുകള്‍ തിരളാതെ
നമ്മുടെ ജീവിതം.
അനുസ്യൂതിയുടെ ഇങ്ങേയറ്റത്ത്‌
ഈയൊഴുക്കില്‍
തങ്ങിനില്‌ക്കാതെ
ഓരോനിമിഷവും
ഒരു ദൃശ്യമായി
മഹാകല്‌പത്തിന്റെ ചിമിഴില്‍
ഒളിച്ചുവെച്ച രഹസ്യങ്ങളില്‍
തുറക്കാത്ത വാതിലായി
കടല്‌പോളകളില്‍ കടന്നുകയറി
ശരണമറ്റ്‌
നമ്മള്‍ സഖി,
അവസാനം പവിഴക്കാടുകളില്‍
ഏതോ കൊറുക്കയുടെ മുനമ്പില്‍
കോര്‍ത്തെടുത്ത ജഡങ്ങളായി
അടുത്തശരീരങ്ങള്‍തേടി അലയാന്‍
ഇനിയുമേറെയേറെ
മഹാകല്‌പങ്ങള്‍
മഹാചക്രങ്ങള്‍
പക്ഷേ, അരൂപികളായി
നമുക്ക്‌ ആശ്ലേഷിക്കാം
വായുവിലേക്ക്‌ നെടുവീര്‍പ്പിടാം
കൊടുംകാറ്റിലേക്ക്‌
പടര്‍ന്നുകേറാം
പ്രണയം കര്‍മ്മബന്ധനങ്ങളെ
അതിജീവിക്കുന്നത്‌...... 

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, കര്‍മം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക