കര്‍ക്കടകം കഴിഞ്ഞ്

ഹാരിഷ് പി കടയപ്രത്ത്‌

കര്‍ക്കടകം കഴിഞ്ഞ് ആകാശം തെളിയുന്നു....എങ്ങും പച്ചപ്പിന്റെ സമൃദ്ധി. ഉത്സവങ്ങളും ആഘോഷങ്ങളും ഒന്നൊന്നായി കടന്നു വരികയായി. മലയാളിയുടെ മനസ്സ് നിറയുന്നു. സമത്വ സുന്ദരമായ ഒരു പൊന്നോണക്കാലത്തിന്റെ ഓര്‍മയിലേക്ക്. എവിടെയായാലും മലയാളിക്ക് ഓണം ഒരു ശാഠ്യമാണ് . എത്രവറുതിയിലും പൊന്നോണ നാളിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അവര്‍ നെയ്യും.

ചിങ്ങമാസത്തില്‍ പൂര്‍ണചന്ദ്രന്‍ ശ്രാവണ നക്ഷത്രത്തില്‍ സഞ്ചരിക്കുന്ന സുദിനമാത്രേ ദേശീയോത്സവമായ ഓണം. 'ഓണം' എന്ന വാക്കിന് നല്ല കാലം എന്നാണ് അര്‍ത്ഥം, അത് മാത്രമേ അര്‍ത്ഥമുള്ളൂ.

ഇപ്പോള്‍ ഓണക്കാലത്ത് കേള്‍ക്കുന്നുണ്ടോ പൂവിളി..? കാണുന്നുണ്ടോ ഓണപ്പൂക്കള്‍..? ഉണ്ട്! കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്.! ടി വി യില്‍...പരസ്യങ്ങളില്‍....ഓഡിയോ -വീഡിയോ സിഡി കളില്‍...റിംഗ്ടോണ്‍ കളില്‍ ..ബ്ളോക്ക്‌ബസ്റ്റര് പൊളി പാളീസുപടങ്ങളായോ .സ്ക്രീന്‍ സേവര്‍കള്‍ ആയോ.....ഡൌണ്‍ ലോഡഡ് മെസ്സജുകളായോ...തോവാള - ഗുണ്ടല്‍പേട്ട് പൂക്കളായോ....പൂക്കള മത്സരമായോ.....ഫുള്‍ ബോട്ടിലായോ .........ഓണം കണ്‍മുമ്പില്‍ ....!

മാനുഷരെല്ലാരുമൊന്നുപോലിരുന്ന , കള്ളവും ചതിവും പൊളിവചനവും ഇല്ലാതിരുന്ന ഒരു നാടിനെക്കുറിച്ചുള്ള ഉട്ടോപ്യന്‍ സ്വപ്നത്തില്‍ നിന്നും ഉണരുമ്പോള്‍ നാം കാണുന്നത് എന്താണ്...?

അസുരകുലത്ത്തില്‍ പിറന്ന മഹാബലി എന്ന ബിംബം പ്രതിനിദാനം ചെയ്യുന്നത് ത്യാഗം, സ്നേഹം, സമത്വം മുതലായ സദ്‌ഭാവനകളെയാണെന്ന് ഓര്‍ക്കുക. എന്നാല്‍ മഹാബലിയുടെ പേരില്‍ ഓണമാഘോഷിക്കുന്ന മനുഷ്യകുലജാതര്‍ ചെയ്യുന്നതെന്താണെന്ന് ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ അറിയാവുന്നതെയുള്ളൂ ... മാനുഷരെല്ലാരുമൊന്നുപോലെയായിരുന്ന സുന്ദരലോകം സ്വപ്നം കണ്ടു ഉറങ്ങുമ്പോള്‍ ഞെട്ടി ഉണരുന്നത് തിന്മയുടെ ഗ്രഹണം നല്‍കുന്ന ഇരുട്ടിലേക്കാണ് എന്ന് വരുന്നത് പ്രബുദ്ധരായ ഒരു ജനതയ്ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. മാവേലി നാട്ടില്‍ ക്രൈം റേറ്റ് ഉയര്‍ന്നു കൊണ്ടെ ഇരിക്കുന്നുവെന്നു സൂചിപ്പിക്കുന്ന കണക്കുകള്‍ സുന്ദരസ്വപ്നങ്ങള്‍ക്ക് വിഘാതമാവുന്നു.

മലയാളനാട്ടിലെ നാല്പതു കഴിഞ്ഞവര്‍ക്ക് ഒര്മയുണ്ടാകണം...കുന്നും മലയും പറമ്പും ഒക്കെ കയറി നിരങ്ങി പൂക്കള്‍ ശേഖരിച്ചിരുന്ന ഒരോണക്കാലം. തുമ്പയും കാട്ടുപൂക്കളും പൂവട്ടികളില്‍ ശേഖരിച്ചിരുന്ന , കാട്ടുചെടികളുടെ പച്ചമണത്തിന്റെ പഴഞ്ചന്‍ കാലം. ചെറിയ വടിയുപയോഗിച്ച്ചു പൂക്കള്‍ കാണുന്ന വീടുകളില്‍ നിന്നൊക്കെ വീട്ടുകാരുടെ സമതത്തോടെയും അല്ലാതെയും പൂവിറുത്തു കൊണ്ടുപോയ ഒരു കാലം....

ഓണത്തപ്പന്‍ എവിടെ പോയി...? അദേഹത്തിന് കുടവയര്‍ ഉള്ളതുകൊണ്ട് ആധുനിക സമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ നാണം തോന്നുന്നുണ്ടാകുമോ...? പണ്ട് പുരുഷലക്ഷണം ആയി കരുതിയിരുന്ന കുടവയര്‍ ഇന്ന് ആരോഗ്യത്തിന്റെ ലക്ഷ്ണമല്ലല്ലോ!

എങ്കിലും ഓണമാണ്. ഉത്പാദകരും വിതരണക്കാരും ഉപഭോക്താക്കളും സജ്ജരാവുന്നു. നിത്യോപയോഗമുള്ള വസ്തുക്കള്‍ക്കൊപ്പം നിത്യോപയോഗമില്ലാത്ത്ത വസ്തുക്കളും ഏറ്റവും കൂടുതല്‍ വിപണിയില്‍ വിറ്റഴിയുന്ന സീസണ്‍. ആനുപാതികമല്ലാത്ത്ത വിലക്കയറ്റം കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചിട്ടുണ്ട്. ഓണമുണ്ണാന്‍ കാണാം വില്‍ക്കേണ്ടി വരുന്ന അവസ്ഥയില്‍ എത്തിയ മാവേലിനാട്ടിലെ ജനങ്ങള്‍ക്ക്‌ പക്ഷെ, ആഘോഷങ്ങളില്‍ നിന്നോ ഉത്സവങ്ങളില്‍ നിന്നോ ഒഴിഞ്ഞു നില്‍ക്കാനാവില്ല. അവര്‍ കാണം വിറ്റായാലും കഞ്ഞി കുമ്പിളില്‍ കുടിക്കും.!

നമുക്ക് സ്വപ്നം കാണാതിരിക്കാന്‍ വയ്യ .... പൊളി വചനങ്ങള്‍ എള്ളോളമില്ലാത്ത ,കള്ളത്തരങ്ങള്‍ ഒന്നുമില്ലാത്ത , മാനുഷരെല്ലാരും നന്മ പരത്തുന്ന ഗോപുരങ്ങളായി വസിക്കുന്ന, കൊച്ചുകുട്ടികള്‍ക്ക് പോലും 'ഓണത്തപ്പാ കുടവയറാ...' എന്ന് ഒരു അസുര രാജാവിനെ വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള മനോഹരമായ മലയാള നാടിനെക്കുറിച്ചുള്ള സ്വപ്നം! അത് നമുക്ക് ഊര്‍ജം നല്‍കും. ഭാവിയിലേക്ക് കുതിക്കാനുള്ള ഊര്‍ജം. പ്രതീക്ഷകള്‍ എപ്പോഴും ആനന്ദം നല്കുന്നുവെന്നല്ലേ പറയാറ്.? നമുക്ക് പ്രതീക്ഷിക്കാം... കാഴ്ചയും കോടിയും പൂക്കളും സദ്യയുമായി വരവേല്‍ക്കാം മഹാബലിയെ.... ഓണത്തുമ്പികള്‍ സന്തോഷത്തോടെ പറക്കട്ടെ... ശ്രാവണ ചന്ദ്രികക്ക് മങ്ങലേല്‍ക്കാതിരിക്കട്ടെ.

ശ്രീ എന്‍ എന്‍ കക്കാട് 1983 -ല്‍, 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഈ വരികള്‍ വീണ്ടും സ്മരിക്കാം ...."....നന്ദി തിരുവോണമേ നന്ദി...., പോയ്‌വരിക വരുമാണ്ടിലും...".

    

ഹാരിഷ് പി കടയപ്രത്ത്‌ - Tags: Thanal Online, web magazine dedicated for poetry and literature ഹാരിഷ് പി കടയപ്രത്ത്‌ , കര്‍ക്കടകം കഴിഞ്ഞ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക