മരണമില്ലാത്തതായി അടയാളപ്പെട്ട ജീവിതം

സി. പി. അബൂബക്കര്‍

മരണമില്ലാത്തതായി അടയാളപ്പെട്ട ജീവിതമാണ് സ. കുയിമ്പില്‍ കണ്ണന്റേത്. മുഷ്യ വംശത്തിന്റെ സമ്പൂര്‍ണനാശം ഒഴിവാക്കാനായി മരണത്തെ ആശ്ലേഷിക്കുന്നവരുടെ പട്ടികയില്‍ കണ്ണന്‍ വന്നുചേരുന്നത് അതുമൂലമാണ്. യുവാവായ കണ്ണന്‍ കീഴ്പയ്യൂരിലെ പാടങ്ങളിലൂടെ നടന്നുപോയിരുന്നു. പച്ചപ്പാര്‍ന്ന വയലുകളുടെ വരമ്പുകളില്‍ നടന്ന് പാട്ടുകള്‍ മൂളിയിരുന്നു. പറമ്പുകളില്‍ ഈര്‍ച്ചവാളുമായി സഹപ്രവര്‍ത്തകരായ വടക്കെ പറമ്പില്‍ കണാരന്റേയും കുണ്ടങ്ങാട്ട് കൃഷ്ണന്റേയും കൂടെ വന്മരങ്ങള്‍ ഈര്‍ന്ന് പണിത്തരങ്ങളാക്കിയിരുന്നു. ഇതിനൊക്കെ മുമ്പ് എഴുത്തുപള്ളിയിലും വിളയാട്ടൂര്‍ സ്‌ക്കൂളിലുമായി അഞ്ച് ക്ലാസ് പഠിച്ചിറങ്ങുമ്പോഴേക്ക് കണ്ണന്റെ മനസ്സില്‍ കമ്യൂണിസത്തിന്റെ വിത നടന്നു കഴിഞ്ഞിരുന്നു. ആ മനസ്സും ഒരു കൃഷിയിടമായിരുന്നു.

ഇ. രാമന്‍ മാസ്റ്റരുടെ( മേപ്പയ്യൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്ഥാപിച്ചത് ഇ. രാമന്‍ മാസ്റ്ററും പി. ടി. ഗോപാലന്‍ നമ്പ്യാരും ഇ. സി. അപ്പുനമ്പ്യാരും ചേര്‍ന്നായിരുന്നു) മുത്തഛന്റെ മകളായിരുന്നു കണ്ണന്റെ അമ്മ, ചിരുത. അച്ഛന്‍ രാമന്‍. മൂന്ന് സഹോദരിമാര്‍- കൊറുമ്പി, ചീരു, കല്യാണി. കൊറുമ്പി വിവാഹാനന്തരം അധികം കഴിയാതെ മരിച്ചു. അവരുടെ മകള്‍ ദേവകി ഇപ്പോള്‍ മേപ്പയൂര്‍ കായലാട് പ്രദേശത്ത് താമസിക്കുന്നു. അടുത്തകാലത്ത് മറ്റു രണ്ടു സഹോദരിമാരും മരിച്ചുപോയി.

കണ്ണന്റെ അച്ഛന് രണ്ടേക്കര്‍ സ്ഥലമുണ്ടായിരുന്നു. ഏതോ ആവശ്യത്തിന് സ്ഥലം കുണ്ടങ്ങാട്ടെ കുറുപ്പാളിന് പണയം വെച്ചു. അമ്പതുരൂപയായിരുന്നു പണയസംഖ്യ. പണയം ഒടുക്കാന്‍ കഴിയാതെ വന്നതിനാല്‍ സ്ഥലം ലേലത്തില്‍ വിറ്റുപോയി. ഈ സന്ദര്‍ഭത്തില്‍ അച്ഛനെ സഹായിക്കാന്‍ കണ്ണന് കഴിയുമായിരുന്നില്ല. കണ്ണന്‍ ഒളിവിലായിരുന്നു. കണ്ണന്‍ ഒളിവില്‍ കഴിയവേയാണ് രണ്ടുസഹോദരിമാരുടെ വിവാഹം നടന്നത്. കമ്യൂണിസ്റ്റിന് സമൂഹം കുടുംബമായിത്തീരുകയും പലപ്പോഴും സ്വന്തം കുടുംബത്തിലെ അത്യാഴസ്യ ചടങ്ങുകള്‍ പോലും ാെവിവാക്കേമ്ടി വരിയും ചെയ്യുന്നു. ചീരുവിനെ വിവാഹം ചെയ്തത് കൈതക്കല്‍ പ്രദേശത്തെ പൊയില്‍ കേളപ്പനും കല്യാണിയെ വിവാഹം ചെയ്തത് വെള്ളിയൂരിലെ കൂരിക്കച്ചാലില്‍ കുഞ്ഞിരാമനും ആയിരുന്നു. കല്യാണിയും ചീരുവും മരിച്ചുപോയി. ചീരുവിന്റെ ഒരുമകന്‍ മേപ്പയൂരില്‍ നീലിമാ റേഡിയോസ് നടത്തുന്ന തെക്കേലത്ത് രാഘവനാണ്. വേറൊരുമകന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ പ്രസാദാണ്.

ലേലത്തില്‍ വീട് നഷ്ടമായ രാമന്‍ ദുരിതങ്ങളിലേക്ക് വീണുപോയി. അവശനും രോഗിയുമായി അദ്ദേഹം വൈകാതെ മരണത്തിനു കീഴടങ്ങി. അമ്മ മൂത്ത മകളായ ചീരുവിന്റെ കൂടെ താമസിച്ചു. രാമന്‍ മാസ്റ്ററെ ചീരുവിന് നല്ല ഓര്‍മ്മയുണ്ടായിരുന്നു. ( ഈകുറിപ്പ് തയ്യാറാക്കാന്‍ ആരംഭിക്കുന്ന കാലത്ത് ചീരു ജീവിച്ചിരിപ്പുണ്ടായിരുന്നു- 2007ല്‍). അമ്മാവന്റെ സ്ഥാനമാണ് അവര്‍ക്ക് രാമന്‍ മാസ്റ്റര്‍. ജയില്‍ ചാടുന്നതുള്‍പ്പെടെ ജനമനസ്സുകള്‍ കീഴടക്കിയ അപൂര്‍വ്വമായ ഒരുവ്യക്തിത്വമായിരുന്നു ഇ. ആര്‍. ( ഇ. രാമന്‍ മാസ്റ്റര്‍). ധീരനും ഹൃദയാലുവുമായ ഒരു ജനനേതാവ്. രാമന്‍ മാസ്റ്ററുടെ കൂടെയാണ് കണ്ണനും ഒളിവില്‍ കഴിഞ്ഞിരുന്നത്. തുടക്കത്തില്‍ ഒളിവ് സഖാക്കള്‍ക്ക് ആഹാരവും മറ്റും എത്തിച്ചുകൊടുക്കുകയായിരുന്നു കണ്ണന്റെ ചുമതല. പിന്നീട് കണ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകനായി, സജീവസംഘാടകനായി. ഒളിവില്‍ തന്നെയായിരുന്നു, ജീവിതം. കാരയാട്, ഇരിങ്ങത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

വേട്ടപ്പട്ടികളുടെ കാലമായിരുന്നു, അത്. ഇന്ന് അഹിംസയും സമാധാനവും പ്രസംഗിക്കുന്നകോണ്‍ഗ്രസ്സുകാര്‍ ശരിക്കും ചെന്നായ്ക്കള്‍ തന്നെയായിരുന്നു, അന്ന്. ഇന്നും വ്യത്യസ്തമല്ലല്ലോ സ്ഥിതി. മാര്‍ക്വേയ്‌സിന്റെ നോവലിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതരത്തില്‍ Hundred Years Of Solitude ന് പകരം Hundred days of Crime and corruption എന്ന തരത്തിലുള്ള ഒരു ഭരണമാണല്ലോ അവരിന്നു നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സുകാരും പോലീസും കമ്യൂണിസ്റ്റുകളെ വേട്ടചയാടുകയായിരുന്നു. ഒപരു ദിവസം രാമന്‍ മാസ്റ്റര്‍ പെങ്ങളുടെ വീട്ടില്‍ പോയി. കണ്ണനെയും മറ്റൊരു സഖാീവിനെയും വഴിയില്‍ നിര്‍ത്തി. കുറെ നേരം കഴിഞ്ഞിട്ടും മാസ്റ്റ്# തിരിച്ചുവന്നില്ല. കണ്ണനും സഖാവും തിരിച്ചുപോയി, രാമന്‍ മാസ്റ്ററെ പിന്നീട് കണ്ണന് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. കണ്ണനും മാസ്റ്ററും ഒരുമിച്ചുള്ള പ്രവര്‍ത്ിതനം അതോടെ ഇല്ലാതായി. മാസ്റ്റര്‍ കണ്ണനെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനു വിട്ടതാവണം. പാര്‍ട്ടി അങ്ങിനെ തീരുമാനിച്ചിട്ടുണ്ടാവണം.

ഒളിവ് ജീവിതത്തിനിടയില്‍ ഒരിക്കല്‍ അമ്മയെ കാണാന്‍ കണ്ണന്‍ കൈതക്കലില്‍ എത്തിയിരുന്നു. മകന്‍ ഒളിവിലാണെന്നൊന്നും അമ്മ അറിഞ്ഞിരുന്നില്ല. ഒരുപാട് ദിവസം ഭക്ഷണം കഴിക്കാതെ പരവശനായിരുന്നു കണ്ണന്‍. അമ്മയ്ക്ക് പെണ്‍ മക്കള്‍ മാത്രം മതിയോ എന്ന് കണ്ണന്‍ ചോദിച്ചതായി സഹോദരി ചീരു ഓര്‍മ്മിക്കുന്നു. അമ്മയ്ക്ക് സങ്കടം സഹിക്കാനാവുമായിരുന്നില്ല. അധികം വൈകാതെ ഒരുദിവസം മകനെ കാണാന്‍ അമ്മ വിളയാട്ടൂരില്‍ പോയിരുന്നതായും ചീറു ഓര്‍മ്മിക്കുന്നുണ്ട്. അവിടെ സ. പാറച്ചാലില്‍ കണാരന്റെ വീട്ടില്‍ വച്ച് അമ്മ മകനെ കണ്ടു. അവസാന കൂടിക്കാഴ്ചയായിരുന്നു അത്.

കാരേക്കുന്നുമ്മല്‍ കണാരന്റെ വീട് അന്ന് പാര്‍ട്ടിസഖാക്കളുടെ ഒരുകേന്ദ്രമായിരുന്നു. ഒളിസങ്കേതത്തിനു പറ്റിയ സ്ഥലം. അമ്മയെ കണ്ട ശേഷം കണ്ണന്‍ ആ വീട്ടിലേക്കുപോയി. കണ്ണന്‍ ആ വീട്ടില്‍ എത്തിയതും പോലീസുകാരും കോണ്‍ഗ്രസ്സുകാരും വീടു വളഞ്ഞു. ഒറ്റുകാരുടെ ചെയ്തിയായിരുന്നു അത്. അത് ഒറ്റുകാരുടെ കാലമായിരുന്നു.

കൂരിരുട്ടിലോരിയിടുമോരിക്കുഖ്ഖന്മാര്‍
ഓരിയിട്ടുകൊള്ളട്ടെ പാടൂ പാടൂ
എന്ന് കമ്യൂണിസ്റ്റ് കവി വി. ടി. കുമാരന്‍ മാസ്റ്റര്‍ ഒറ്റുകാരെ പറ്റി പാടുന്നുണ്ട്. കുയിമ്പില്‍ കണ്ണനെയും ഏരത്ത് കണ്ടി കണ്ടി കണ്ണനെയും പോലീസുകാര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റ് എന്നാല്‍ തികച്ചും പ്രാകൃതമായ ഒരു നടപടിയായിരുന്നു കമ്യൂണിസ്റ്റുകാരുടെ കാര്യത്തില്‍. അവരെ എന്തും ചെംയ്തിരുന്നു പോലീസുകാര്‍. ചിലപ്പോള്‍ കോണ്‍ഗ്രസ്സുകാരും അറസ്റ്റിലുള്ള കമ്യൂണിസ്റ്റുകാരെ ആക്രമിച്ചിരുന്നു. മൊയാരത്ത് ശങ്കരനെ ചെയ്തതുപോലെ. കേരളത്തിന്റെ കോേണ്‍ഗ്രസ്സിന്റെ ചരിത്രം എഴുതിയ ആളായിരുന്നല്ലോ സ. മൊയാരത്ത് ശങ്കരന്‍.

പിന്നീട് സ്റ്റാര്‍ തിയറ്റേഴ്‌സായി മാറിയ കെട്ടിടമായിരുന്നു അന്ന് മേപ്പയൂരിലെ പോലീസിന്റെ താവളം. അവിടെ രണ്ടു കണ്ണന്മാരും പോലീസിന്റെ ക്രൂരമായ ഭേദ്യങ്ങള്‍ക്ക് വിധേയരായി. മാറിലേക്കും നാഭിയിലേക്കും പോലീസുകാര്‍ ആഞ്ഞിടിക്കുകയും ഇടിയുടെ ശക്തിയില്‍ പിന്‍ ഭാഗവും തലയും പിന്നിലെ ചുവരില്‍ ചെന്നിടിക്കുകയും ചെയ്തു. എത്ര മധുരമായ മര്‍ദ്ദനം, അല്ലേ? അവശരായ രണ്ടുപേരേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ അമ്മ കണ്ണൂര്‍ ജയിലില്‍ പോയി മകനെ കണ്ടിരുന്നു. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി മരിക്കുകയാണെന്ന് കണ്ണന്‍ അമ്മയോട് പറഞ്ഞു.

മരണം മുന്നില്‍ കണ്ടാണ് അന്ന് പാര്‍ട്ടിപ്രവര്‍ത്തകന്മാര്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചത്. മരണമവസാനമല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. രക്തസാക്ഷികള്‍ക്ക് മരണമില്ലെന്നവരറിഞ്ഞിരുന്നു. ജൂലിയസ് ഫ്യൂഛ്ഛിക്കിനെയോ ജോര്‍ജി ദിമിത്രോവിനെയോ പോലെ വലിയ വലിയ കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടാവണമെന്നില്ല. അവരോരോരുത്തരും ഫ്യൂഛ്ഛിക്കും ദിമിത്രോവുമായിരുന്നു. അറസ്റ്റ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് മര്‍ദ്ദനമേറ്റ് , ചോരഛര്‍ദ്ദിച്ച് കണ്ണന്‍ മരിച്ചു. 1948ലെ ഏതോ ഒരുദിവസം. മരണശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൊടുത്തില്ല. പോലീസിനും കോണ്‍ഗ്രസ്സിനും പകയായിരുന്നു കമ്യൂണിസ്റ്റുകളോട്. ഇന്നും അവര്‍ പകയോടെ പ്രവര്‍ത്തിക്കുന്നത് നാം കാണുന്നു.

മരിക്കുമ്പോള്‍ കണ്ണന് ഇരുപത്തിരണ്ട് വയസ്സായിരുന്നു. യുവത്വത്തിലേക്ക് കടന്നുവരികയായിരുന്നു കണ്ണന്‍. പൂക്കളോട് പുഴകളോടും പ്രണയം തോന്നുന്ന കാലത്ത്, കണ്ണന് വിപ്ലവത്തോടായിരുന്നു പ്രണയം. തനിക്കു ചുറ്റും പ്രമാണിമാരും അധികാരിമാരും പണിയെടുക്കുന്ന മനുഷ്യരെ പുഴുക്കളെ പോലെ ചവിട്ടിയരക്കുന്നു. കണ്ണന് മനുഷ്യനാവണമായിരുന്നു. പണിയെടുക്കുന്ന മനുഷ്യനും മനുഷ്യനാണെന്ന് പ്രഖ്യാപിക്കണമായിരുന്നു.

രാമന്‍ മാസ്റ്റ്# കണ്ണന്റെ മനസ്സിലേക്ക് പാടിയിരിക്കണം, ഇതാണ്, മാര്‍ക്‌സിസമാണ് അതിനുള്ളവഴി. കണ്ണന്‍ മാര്‍ക്‌സിസത്തെ ആശ്ലേഷിച്ചു. അത് വിചാരമായി, വികാരമായി മനസ്സില്‍ കൊണ്ടുനടന്നു. ദുഷ്‌കരമായ നാളുകളായിരുന്നു അവ. ആലോചനകളിലേക്കുപോലും ഒറ്റുകാരുടെ എക്‌സ് റേ കണ്ണുകള്‍ കടന്നുവരുന്നകാലം. ചുമരിനും കിളകള്‍ക്കും മരങ്ങള്‍ക്കും കണ്ണും കാതുമുള്ളകാലം. ഇരുട്ടിലൂടെ, നിലാവ് തീര്‍ക്കുന്ന വരകളിലൂടെ കണ്ണനും സഖാക്കളും മനുഷ്യ ഹൃദയങ്ങളിലേക്ക് സഞ്ചരിച്ചു.

എ. കെ. ജി. മേപ്പയൂര്‍ വന്നപ്പോള്‍ കണ്ണന്റെ അമ്മയ്ക്ക് സാമ്പത്തികസഹായം ചെയ്തതായി സഹോദരി ചീരുവിന്റെ ഓര്‍മ്മയിലുണ്ടായിരുന്നു.

1948 ഇന്ത്യയിലെ ശപിക്കപ്പെട്ട വര്‍ഷമാണ്. പുകപടലങ്ങള്‍ നിറഞ്ഞ വര്‍ഷം. സ്വാതന്ത്ര്യ ലബ്ധിയോടെ അധികാരം പങ്കിട്ടെടുത്ത പഴ.യ സവര്‍ഡണ- നാടു- ജന്മിമാര്‍ അദ്ധ്വാനിക്കുന്നവനേയും പാവപ്പെട്ടവനേയും ചവിട്ടിമെതിക്കുകയായിരുന്നു. അതിനെതിരെ ആരും ഉരിയാടാതെ വന്നപ്പോഴാണ് കമ്യൂണിസ്റ്റുകള്‍ ചെമന്ന മാലാഖമാരായി കടന്നുവന്നത്. കുയിമ്പില്‍ കണ്ണന്‍ ഒരു ചെമന്ന മാലാഖയായിരുന്നു. കരുവോട് ചിറയ്ക്കടുത്തൂടെ, കീഴരിയൂരിലെ പച്ചപ്പാടങ്ങളിലൂടെ, വിളയാട്ടൂരിലെ മണ്‍തടങ്ങളിലൂടെ മനുഷ്യരുമായി സംവദിച്ച്, അവരെ വിമോചനപാത പഠിപ്പിച്ചു അന്ന് കുയിന്രില്‍ കണ്ണന്‍ നടന്നുപോയിരുന്നു.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, മരണമില്ലാത്തതായി അടയാളപ്പെട്ട ജീവിതം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക