സാമൂഹികനീതിക്കുവേണ്ടിയുള്ള ചരിത്രഗവേഷണം.

സി. പി. അബൂബക്കര്‍

നൂറ്റി പതിനഞ്ച് ഗ്രന്ഥങ്ങളും പുസ്തകരൂപത്തിലാക്കാതെ അവശേഷിക്കുന്ന മറ്റനേകം പ്രബന്ധങ്ങളും- ഐതിഹാസികമായ ഒരു വൈജ്ഞാനികജീവിതത്തിന്റെ ശേഷിപ്പുകളാണിത്. ഈ ശേഷിപ്പുകള്‍ പ്രൊഫസര്‍ ആര്‍. എസ്. ശര്‍മ്മയുടേതാണ്. ഒരുപക്ഷേ, വോള്‍ട്ടയറിന്റേതിനോടുപമിക്കാവുന്നതാണ് ഈ മഹാമനീഷിയുടെ ലബ്ധികളുടെവ്യാപ്തി. . ശിഷ്യനും ചരിത്രപണ്ഡിതനുമായ ഡി. എന്‍. ഝാ അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ്: 'ധീരനും ബോധ്യവും വിനയവുമുള്ളയാളും സമൂഹത്തോട് ശക്തമായ പ്രതിബദ്ധതയുള്ളയാളുമാണ് പ്രൊഫസര്‍ശര്‍മ്മ. അക്കാദമിക്ക് കാര്യങ്ങളില്‍ മുന്‍ വിധിയില്ലാതെ അക്ഷീണപ്രയത്‌നം നടത്തുന്ന മഹാമനീഷിയാണദ്ദേഹം. മനുഷ്യസ്‌നേഹവും സഹഭാവവും അദ്ദേഹത്തിന്റെ മുഖമുദ്രകളാണ്. വിദ്യാര്‍ത്ഥികള്‍ക്കും യുവഗവേഷകന്മാര്‍ക്കും അദ്ദേഹം പ്രചോേദനത്തിന്റെ നിതാന്തസ്രോതസ്സാണ്. സുഹൃത്തുക്കളോട് എല്ലായ്‌പോഴും ഊഷ്മളമായിരുന്നു അദ്ദേഹത്തിന്റെ ബന്ധം. അതേസമയം പ്രൊഫസര്‍ ശര്‍മ്മ എതിരാളികളോട് അത്യധികം മാന്യമായും ഉദാരമായുമാണ് പെരുമാറിയിരുന്നത്. വൈചാരികവും വൈകാരികവുമായ ഈ ഗുണവിശേഷങ്ങള്‍വഴി തികച്ചും മഹാനായ ഒരു വ്യക്തിയാണദ്ദേഹം'.

ആര്‍. എസ്. ശര്‍മ്മ വഹിച്ചസ്ഥാനങ്ങളേക്കാളെല്ലാം മുഖ്യം ചരിത്രകാരനെന്നുള്ള പദവിതന്നെയാണ്. ഇന്ത്യാചരിത്രത്തില്‍ , ചരിത്രരചനയില്‍ നിര്‍ണായകമായ വഴിത്തിരിവുകളുണ്ടാക്കിയ ചരിത്രകാരനാണ് അദ്ദേഹം. ബീഹാര്‍- ബംഗാള്‍ അതിര്‍ത്തിയെ സംബന്ധിച്ച് നിലവിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ച പോളിറ്റിക്കല്‍ കമ്മിഷനില്‍ അംഗമായിരുന്നുവെന്നതും ശര്‍മ്മയുടെ സവിശേഷമായ ഒരു നേട്ടമാണ്.

ബീഹാറിലെ ബറൗണിയിലെ ഒരു ദരിദ്രകുടും ബത്തില്‍ 1919 നവംബര്‍ 26ന് ജാതനായ രാം ശരണ്‍ ബാല്യത്തില്‍ തന്നെ കര്‍ഷകനേതാക്കളായ പണ്ഡിറ്റ് കാര്യാനന്ദ് ശര്‍മ്മയുമായും സ്വാമി സഹജാനന്ദനുമായും പരിചയപ്പെട്ടു. മഹാപണ്ഡിതനായ രാഹുല്‍സംകതൃത്യായനുമായുള്ള ബന്ധവും അദ്ദേഹത്തില്‍ സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിത്തുകള്‍ പാകി. ഇത് അദ്ദേഹത്തെ ഇടതുപക്ഷ വീക്ഷണത്തിലേക്ക് നയിച്ചു. ഗ്രാമീണഭാരതത്തിന്റെ സാമൂഹികയാഥാര്‍ത്ഥ്യത്തിലേക്ക് രാംശരണ്‍ നയിക്കപ്പെട്ടത് പിന്നീട് സാമൂഹികപരിഷ്‌കര്‍ത്താവായ ഡോ. സച്ചിദാനന്ദ സിഹ്നയുമായി അദ്ദേഹത്തിനുണ്ടായ സമ്പര്‍ക്കമാണ്. ഇത് അദ്ദേഹത്തിലെ ഇടതുപക്ഷമനോഭാവം ശക്തമാക്കുകയും ഇന്ത്യയിലെ സാമ്രാജ്യവിരുദ്ധ വര്‍ഗ്ഗീയവിരുദ്ധമനീഷികളുടെ മുന്‍ നിരയിലെത്താന്‍ സഹായിക്കുകയും ചെയ്തു.

കുറെ സ്വാധീനങ്ങള്‍ മാത്രം ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നില്ല. സ്വാധീനങ്ങള്‍ ആശയങ്ങളുടെ സ്വീകാരത്തിനും തിരസ്‌കാരത്തിനും സഹായിക്കും, തീര്‍ച്ച. പക്ഷേ, പഠനവും മനനവും സാമൂഹികബന്ധവുമാണ് മനുഷ്യനെ രൂപപ്പെടുത്തുകയും പാകപ്പെടുത്തുകയും ചെയ്യുന്നത്. സാമൂഹികബന്ധമെന്നാല്‍ പോരാട്ടം തന്നെയാണ്. യാഥാസ്ഥിതികര്‍ക്ക് നിലവിലുള്ള അവസ്ഥയെ സംരക്ഷിക്കുന്നതിന്നാണ് ആ പോരാട്ടം . എന്നാല്‍ പുരോഗമനവാദികള്‍ക്കാവട്ടെ, സഹസ്രാബ്ദങ്ങളായി മനുഷ്യസമൂഹത്തെ വരിഞ്ഞുകെട്ടിയിരിക്കുന്ന ഉരുക്കുചങ്ങലകള്‍ പൊട്ടിച്ചെറിയുന്നതിനുവേണ്ടിയാണ് പോരാട്ടം. രണ്ടാമത്തെ മാര്‍ഗ്ഗമാണ് രാംശരണ്‍ സ്വീകരിച്ചത്.

പഠനമനനങ്ങളിലൂടെ ഈ പോരാട്ടത്തിന് ശക്തിപകരാന്‍ ആര്‍. എസ്. ശര്‍മ്മയ്ക്ക് കഴിഞ്ഞു. 1937ല്‍ മെട്രിക്കുലേഷനും പിന്നീട് പട്ണാ കോളേജില്‍ നിന്ന് പോസ്റ്റ് ഗ്രാഡ്വേഷനും കഴിഞ്ഞ ശര്‍മ്മ ലണ്ടന്‍ സര്‍വ്വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്നാണ് ഗവേഷണബിരുദം നേടുന്നത്. ഗവേഷണത്തില്‍ അദ്ദേഹത്തിന്റെ ഗൈഡ് വിഖ്യാതനായ എ. എല്‍. ബാഷാമായിരുന്നു. പ്രബുദ്ധതയുടെ പര്യായമായ ബാഷാമിന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ ശര്‍മ്മയിലെ യഥാര്‍ത്ഥചരിത്രകാരനെ പുറത്തുകൊണ്ടുവന്നു.

അനേകം കോളേജുകളിലും സര്‍വ്വകലാശാലകളിലും യുനസ്‌കോ പോലുള്ള ഇതരസ്ഥാപനങ്ങളിലും ശര്‍മ്മ പ്രവര്‍ത്തിച്ചു. പുരസ്‌കാരങ്ങള്‍ ഏറെ അദ്ദേഹത്തെ തേടിവന്നു. പക്ഷേ, എന്താണ് ശര്‍മ്മയുടെ ഏറ്റവും വലിയനേട്ടം? ഇര്‍ഫാന്‍ ഹബീബ് പറയുന്നു:' ഡാനിയല്‍ തോര്‍ണറോടൊപ്പം ഡി. ഡി. കോസാംബിയും ആര്‍. എസ്. ശര്‍മ്മയും ചേര്‍ന്ന് കൃഷിക്കാരെ ആദ്യമായി ഇന്ത്യാചരിത്രത്തിലേക്കുകൊണ്ടുവന്നു.'( ഇര്‍ഫാന്‍ ഹബീബ്. Essays in Indian History)

1958ല്‍ പ്‌സിദ്ധം ചെയ്ത ' പ്രാചീനേന്ത്യയിലെ ശൂദ്രന്മാര്‍'(Sudras in Ancient India) എന്ന ഗ്രന്ഥം ത്‌നെ ഇന്ത്യാചരിത്രത്തിന്റെ ഒരു പൊളിച്ചെഴുത്തായിരുന്നു. ചരിത്രരചനയില്‍ തന്റെ മുന്‍ഗാമികള്‍ ചെയ്തിരുന്നത് സമൂഹത്തിലെ ഉപരിവര്‍ഗ്ഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. എന്നാല്‍ ശര്‍മ്മയാകട്ടെ, വേദകാലം മുതല്‍ ഗുപ്തകാലം വരെയുള്ള ഉല്പാദനോപാധികളില്‍ അധസ്ഥിതജനവിഭാഗങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനമാണ് പഠനവിഷയമാക്കിയത്. ചരിത്രരചനാരംഗത്തുതന്നെ ഒരു വിപ്ലവമായിരുന്നു ഈ കൃതി. ചരിത്രത്തിലാദ്യമായി( ഒരുപക്ഷേ, ബാണഭട്ടന്റെ ആനുഷംഗികപരാമര്‍ശങ്ങള്‍ക്കുശേഷം) തൊഴിലെടുക്കുന്ന മനുഷ്യന് ചരിത്രത്തില്‍ സ്ഥാനം ലഭിക്കുകയാണ്.

ചാതുര്‍വര്‍ണ്ണ്യത്തില്‍ തൊഴിലെടുക്കുകയെന്ന ദൗത്യം ഏല്പിക്കപ്പെട്ട ജനവിഭാഗമാണ് ശൂദ്രര്‍. ഋഗ്വേദകാലത്തുണ്ടായിരുന്ന ഉദാരമായ സ്ഥിതി വര്‍ണ്ണധര്‍മ്മത്തിനു പിന്നീട് നഷ്ടപ്പെടുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
എന്റെ പിതാവ് ഒരു ഭിഷക്ക്,
മാതാവ് നെല്ലുകുത്തുകാരി,
ഞാനോ ഒരു കവി.
എന്ന ഋഗ്വേദപദ്യഭാഗം അക്കാലത്തെ ഉദാരതയുടെ പ്രകാശനമായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്രമേണ ഈ ഉദാരഭാവം നഷ്ടമായ ഇന്ത്യന്‍ സാമൂഹികാവസ്ഥയിലുള്ള ശൂദ്രപര്‍വ്വമാണ് ശര്‍മ്മ പണ്ഡിതോചിതമായ രീതിയില്‍ തന്റെ ഈ കൃതിയില്‍ ആവി,്കരിക്കുന്നത്.

ഇന്ത്യാചരിത്രപണ്ഡിതന്മാര്‍ രണ്ടു കോക്കസുകളിലായി നിലയുറപ്പിച്ച കാലത്താണ് മുന്‍ വിധികൂടാതെ ശര്‍മ്മയും റൊമീലാ ഥാപറും ഇര്‍ഫാന്‍ ഹബീബുമെല്ലാം ഇന്ത്യാചരിത്രം പഠിച്ചുതുടങ്ങിയത്. ഇന്ത്യയ്ക്ക് ഒരു ചരിത്രമേയില്ലെന്ന യൂറോപ്യന്‍ സമീപനം ഒരു ഭാഗത്ത്, ഇന്ത്യാ ചരിത്രത്തിന്റെ അടിസ്ഥാനം ആത്മീയതയാണെന്ന വാദം മറുഭാഗത്ത്: ഇവരോടൊപ്പം ഇന്ത്യയെന്നാല്‍ അതിപ്രാചീനകാലം മുതല്‍ ഇന്നത്തെ ഏതൊരു വിജ്ഞാനമേഖലയേയും കവച്ചുവെച്ചിരുന്നുവെന്ന സങ്കുചിത ദേശീയവാദികളുടെ ശബ്ദാടോപങ്ങള്‍. ഈ സംഘര്‍ഷങ്ങളാല്‍ ധൂമിലമായ അന്തരീക്ഷത്തിലാണ് സ്വപ്രത്യയസ്ഥൈര്യവും ധീരതയും പ്രകടിപ്പിച്ച്, മറ്റേതൊരു സമൂഹത്തേയും പോലെഭൗതികവും ആത്മീയവുമായ അനേകം ഘടകങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിനുണ്ടാവാമെന്ന പരികല്പനയോടെ ശര്‍മ്മയും സംഘവും ചരിത്രഗവേഷണം നടത്തിയത്. ബാഷാമിന്റെ വാക്ഷണങ്ങള്‍ ഈ സമീപനത്തിന് എത്രമേല്‍ സഹായിച്ചുവെന്ന് നിശ്ചയിക്കാന്‍ ഞാനാളല്ല.

ഈ ചരിത്രഗവേഷണം നമുക്ക് അമൂല്യമായ നേട്ടങ്ങളുണ്ടാക്കി. രാജകീയകുടുംബങ്ങളുടെ പഠനത്തില്‍ നിന്ന് സമൂഹപഠനമായും മനുഷ്യരുടെ ജീവിതത്തേയും അവരുപയോഗിച്ച വസ്തുക്കളുടേയും അവരുടെ ആഹാരസമ്പാദനരീതിയുടേയും അതിനായി അവരേര്‍പ്പെടുന്ന വിവിധസാമൂഹികസാമ്പത്തികബന്ധങ്ങളുടേയും പഠനമായും ചരിത്രം പരിവര്‍ത്തനം ചെയ്തു. ഇന്ത്യാചരിത്രത്തിലൊരുവിപ്ലവമായിരുന്നു ഇത്. ഉല്‍ഖനനവേളകളില്‍ ലഭിക്കുന്ന പാത്രങ്ങളുടെ നിറം അടിസ്ഥാനമാക്കി മനുഷ്യസമൂഹം ആര്‍ജ്ജിച്ചിരുന്ന സാങ്കേതികവിദ്യയേയും ശാസ്ത്രവികാസത്തേയും മനസ്സിലാക്കാമെന്ന പുരാവസ്തുവിജ്ഞാനീയത്തിന്റെ പാഠങ്ങള്‍ ഇന്ത്യക്കും ബാധകമാണെന്ന് ശര്‍മ്മതെളിയിച്ചു. മോര്‍ട്ടിമര്‍ വീലറിന്റെ ഗ്രന്ഥാലേഖകളില്‍ ക്ലാസുമുറികളില്‍ PGW, BRW തുടങ്ങിയ ചുരുക്കെഴുത്തുകള്‍ കടന്നുവന്നു. ഇവ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമൂഹം പലകാലത്തായി എത്തിച്ചേര്‍ന്ന സാങ്കേതികവികാസമാണെന്ന് വിദ്യാര്‍ത്ഥികളറിഞ്ഞുതുടങ്ങി. ലെയിന്‍ പൂളിന്റേയും സ്മിത്തിന്റെയും പളപളപ്പാര്‍ന്ന ഭാഷയിലുള്ള വിവരണങ്ങളും മജുംദാറിന്റേയും മറ്റും ഗുപ്തഹിന്ദുത്വവും മടുത്ത വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും മുന്നില്‍ മോക്ഷത്തിന്റെ വഴി തുറക്കുകയായിരുന്നു. ഒരിക്കലെങ്കിലും ഇന്ത്യയില്‍ വരാതെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിത്തറ ആത്മീയമാണെന്ന് പ്രഘോഷിച്ച മാക്‌സ് മുള്ളറില്‍ നിന്ന് വിമോചനം നേടുകയായിരുന്നു. പ്രാചീനേന്ത്യന്‍ കൃതികളിലെ ചില ഭാഗങ്ങളുദ്ധരിച്ച് അവയാണ്, ഒരു പക്ഷേ, അവ മാത്രമാണ്, ഇന്ത്യന്‍ വിവേകമെന്നുദ്‌ഘോഷിച്ച ലിന്‍ യു ടാങ്ങില്‍ നിന്ന് ചരിത്രാദ്ധ്യാപകരും രക്ഷപ്പെടുകയായിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തവന്റെ അഭയകോേന്ദ്രമല്ല, ചരിത്രമെന്നു വന്നു. അലസനായ മനുഷ്യന് ചരിത്രാധ്യയനവും അദ്ധ്യാപനവും അസാധ്യമാണെന്ന അവസ്ഥവന്നുചേര്‍ന്നു.

1959ല്‍പ്രസിദ്ധീകൃതമായ ' പ്രാചീനേന്ത്യയിലെ രാഷ്ട്രീയാശയങ്ങളും സ്ഥാപനങ്ങളും' എന്ന കൃതി പലഅര്‍ത്ഥത്തിലും പ്രധാനമായ ഒരു ചരിത്രരചനയാണ്. മുന്‍കാലചരിത്രകാരന്മാരുടെ ദേശീയസങ്കുചിതവാദപരവും പുനരുത്ഥാനവാദപരവുമായ സമീപനങ്ങളെ ശര്‍മ്മ ഈ ഗ്രന്ഥത്തില്‍ കഠിനമായി വിമര്‍ശിക്കുകയും തുറന്നു കാണിക്കുകയും ചെയ്യുന്നുണ്ട്. അതിലുപരി പരാതനേന്ത്യയിലെ ' അധികാരഘടന' യെ പറ്റിയുള്ള ഒരു വിശകലനം കൂടിയാണ് ഈ കൃതി. ഈ അധികാരഘടന മുന്‍ചരിത്രകാരന്മാര്‍ വിവരിക്കുന്നതുപോലെ ആത്മീയമോ ദൈവദത്തമോ അല്ലെന്നും തികച്ചും ഭൗതികമാണെന്നും ശര്‍മ്മ സമര്‍ത്ഥിക്കുന്നു. പിന്നീട് ' ഇന്ത്യയില്‍ ഭരണകൂടത്തിന്റെ ഉല്പത്തി' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഈ വസ്തുത വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. രാജാക്കന്മാരില്‍ നിന്ന് ഭൂമി പതിച്ചുകിട്ടിയതിന്റെ ഫലമായി, ധനപരവും ഭരണപരവുമായ അധികാരങ്ങള്‍ നേടിയ ഒരു വിഭാഗം ഭൂവുടമവര്‍ഗ്ഗങ്ങള്‍ ഇന്ത്യയില്‍ ആവിര്‍ഭവിച്ചുവെന്ന് ശര്‍മ്മ വിശദവും ആഴത്തിലുള്ളതുമായ അപഗ്രഥനത്തിലൂടെ തെളിയിക്കുന്നു. ഈ ഭൂവുടമസ്ഥവര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ പൊതു അവകാശമുള്ള കര്‍ഷകസമൂഹത്തിന്മേല്‍ അടിച്ചേല്പിക്കപ്പെടുകയാണുണ്ടായത്(Superimposition). ഗുപ്താനന്തരകാലം മുതല്‍ ഘോറിആക്രമണകാലം വരെ നിലവിലുണ്ടായിരുന്ന അടിസ്ഥാനഭൂബന്ധങ്ങള്‍ ശര്‍മ്മ തന്റെ ഇന്ത്യന്‍ ഫ്യൂഡലിസം എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.

കാര്‍ഷികോല്പന്നങ്ങളിലെ മിച്ചം ഉല്പന്നമായിത്തന്നെ കൃഷിക്കാരില്‍ നിന്ന് കൈവശപ്പെടുത്തുന്ന പ്രഭുവര്‍ഗ്ഗത്തിന്റെ സാന്നിധ്യം അദ്ദേഹം അസന്ദിഗ്ദ്ധമായി തെളിയിക്കുന്നു. ഇതിനായി അവര്‍ ഭൂമിയിലുള്ള അവകാശമെന്ന നിയമവും നിര്‍ബ്ബന്ധിതമായ അടിയാളവേലചെയ്യിക്കാനുള്ള അവകാശവും ഉപയോഗപ്പെടുത്തി. ഉപരിവര്‍ഗ്ഗങ്ങള്‍ മറ്റുരീതികളും പ്രയോഗിച്ചിട്ടുണ്ടാവാം, വിശ്വാസം, ആചാരം എന്നിങ്ങനെ. എന്നാല്‍ അടിസ്ഥാനപരമായി, മറ്റേതുസമൂത്തിലുമെന്നപോലെ ഭൗതികാടിസ്ഥാനം തന്നെയാണ് ഇന്ത്യന്‍ സ്‌റ്റേറ്റിനുള്ളതെന്ന് ശര്‍മ്മ തെളിയിക്കുന്നു

ഈ വീക്ഷണം പിന്നീട് പലപ്രസംഗങ്ങളിലും പ്രബന്ധങ്ങളിലുമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 'മധ്യകാലാരംഭത്തിലെ ഇന്ത്യയിലെ സാമൂഹികപരിവര്‍ത്തനങ്ങള്‍', ' ഇന്ത്യന്‍ നഗരങ്ങളുടെ ക്ഷതങ്ങള്‍- 300 AD - 1000AD' എന്നീ രചനകളില്‍ ( രണ്ടും പ്രഭാഷണങ്ങളാണ്) തുടങ്ങിയ കൃതികളില്‍ നാടുവാഴിത്തത്തോടൊപ്പമുണ്ടാവുന്ന സാമൂഹികഘടനയുടെ അംശങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് അദ്ദേഹം വിവരിക്കുന്നത്. മധ്യകാലാരംഭത്തിലെ അനേകം നഗരങ്ങള്‍ തകര്‍ന്നടിഞ്ഞതിന്റെ മൂര്‍ത്തമായ തെളിവുകള്‍ ഉല്‍ഖനനങ്ങളിലൂടെ കണ്ടെത്തിയതായി അദ്ദേഹം നമുക്ക് കാണിച്ചുതരുന്നു. ഇതാവട്ടെ, ഇന്ത്യിലെ ഫ്യൂഡലിസത്തിന്റെ ഉല്പത്തിയേയും വളര്‍ച്ചയേയും സംബന്ധിച്ച അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ സാധൂകരിക്കുന്നുണ്ട്.

' പുരാതനേന്ത്യയിലെ ഭൗതികസംസ്‌കൃതിയും സമൂഹരൂപീകരണവും' എന്ന ഗ്രന്ഥത്തില്‍ വേദകാലത്തും ബൗദ്ധകാലത്തും നടന്ന വര്‍ഗ്ഗരൂപീകരണപ്രക്രിയയും അതിന്റെ സാമൂഹികപ്രത്യാഘാതങ്ങളും അദ്ദേഹം വിവരിക്കുന്നു. ഇതിനായി സാഹിത്യത്തില്‍ ന്ിന്നുള്ളതെളിവുകളും ഭൂഗര്‍ഭശാസ്ത്രതെളിവുകളുമാണ് അദ്ദേഹം ആധാരമാക്കുന്നത്.

ആര്‍ . എസ്. ശര്‍മ്മയുടെ ഗവേഷണങ്ങള്‍ പ്രാചീനേന്ത്യയെ ഏറെക്കുറെ സംപൂര്‍ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. തന്റെ കൃതികളിലെ പാഠങ്ങള്‍ സംക്ഷിപ്തമായി ഉല്‍ക്കൊള്ളിച്ചാണ് അദ്ദേഹം തന്റെ വിഖ്യാതമായ പാഠപുസ്തകംഎന്‍. സി. ഇ. ആര്‍. ടി.ക്കുവേണ്ടി തയ്യാറാക്കിയത്. 'പ്രാചീനേന്ത്യ'യെന്നാണ് ആ ഗ്രന്ഥത്തിന് അദ്ദേഹം നല്കിയ ശീര്‍ഷകം. ഹിന്ദുത്വശക്തികളുടെ അന്ധതാതുല്യമായ എതിര്‍പ്പുമൂലം ഈ പുസ്തകം പിന്‍ വലിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ' In Defense of Ancient India' എന്ന ലഘുലേഖ എഴുതി വിവാദമുണ്ടാക്കുന്നവരെ തുറന്നുകാണിച്ചു. പിന്നീട് പുസ്തകം വീണ്ടും പാഠപുസ്തകമായംഗീകരിക്കപ്പെട്ടു

ഇന്ത്യാചരിത്രപഠനത്തിന് ശാസ്ത്രീയമായ അടിത്തറപാകിയ മഹാചരിത്രകാരനാണ് ശര്‍മ്മയുടെ നിര്യാണത്തോടെ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. ബ്രാഹ്മണക്ഷത്രിയപഥങ്ങളില്‍ നിന്നുള്ള വഴിമാറ്റമായിരുന്നു ശര്‍മ്മയുടെ ചരിത്രഗവേഷണരീതി. കോസാംബിയുടെ നിരീക്ഷണങ്ങളേയും നിഗമനങ്ങളേയും ശര്‍മ്മയുടെ ഗവേഷണങ്ങള്‍ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. അനാവശ്യമായ പദപ്രയോഗങ്ങള്‍ നിരാകരിച്ച് കൊണ്ട് മാര്‍ക്‌സിസ്റ്റ് ചരിത്രഗവേഷണരീതിശാസ്ത്രം അംഗീകരിക്കുകയും സ്വന്തം ഗവേഷണങ്ങളില്‍ പ്രയോഗിക്കുകയും ചെയ്ത ചരിത്രശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹം ചരിത്രഗവേഷണം നടത്തിയതും ചരിത്രരചനനടത്തിയതും സാമൂഹികനീതിക്കുവേണ്ടിയാ.യിരുന്നു. ചരിത്രപഠനത്തിനുള്ളരണ്ടു മുഖങ്ങള്‍ അദ്ദേഹം പ്രായോഗികമായിത്തന്നെ അറിഞ്ഞു. സൈദ്ധാന്തികമായ മുഖവും ജനകീയമായ ഒരുമുഖവും ചരിത്രത്തിനുണ്ട്. സൈദ്ധാന്തികമായ അറിവിനെ ജനകീയവത്കരിക്കുന്നതില്‍ ഏറെ ശ്രദ്ധചെലുത്തിയിരുന്നു, അദ്ദേഹം. NCERT യുടെ ANCIENT INDIA എന്ന പാഠപുസ്തകം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, സാമൂഹികനീതിക്കുവേണ്ടിയുള്ള ചരിത്രഗവേഷണം.
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക