വീഴുന്ന ഒരിലയില്‍

സി. പി. അബൂബക്കര്‍

' വീഴുന്ന ഒരിലയില്‍' എന്ന സമാഹാരത്തിലെ ഏറ്റവും ആര്‍ദ്രമായ കവിത ' കവിതയ്ക്ക് മുമ്പ്' എന്നമുഖക്കുറിപ്പാണ്. ' അടുത്തനിമിഷം എന്തുസംഭവിക്കുമെന്ന് നിശ്ചയമില്ലാത്ത ജീവിതസൗന്ദര്യത്തില്‍എന്നും പ്രതീക്ഷയുള്ളവനാണ് ഞാന്‍' എന്നുതുടങ്ങി, ' കവിതയുടെ സന്തോഷം അങ്ങിനെ എന്റെ സന്തോഷം കൂടിയായി' എന്നുപറഞ്ഞ്, ' എന്‍രെ പ്രിയപുത്രനെ മരണം ഒരുച്ചനേരത്ത് കുറ്റിയാടിപ്പുഴയുടെ ആഴങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി.. വസന്തത്തിലെത്തിയ ഒരു പൂമരത്തെ ആരോ വെട്ടിവീഴ്ത്തിയ പോലെ. എന്റെ ഉള്ളിലത് തറച്ചു' എന്നുപറഞ്ഞുകൊണ്ട് ഉപസംഹരിക്കാനാരംഭിക്കുന്ന ആ കുറിപ്പ് കവിതകള്‍ക്ക് മുമ്പ് തന്നെ വാ.യനക്കാരന്റെ മനസ്സില്‍തറച്ചുകഴിഞ്ഞിരിക്കും.


കെ.ടി. സൂപ്പി കൃതഹസ്തനായ കവിയാണ്. കവിതയുടെ സുമനസ്സുകള്‍പൂത്തുനില്്ക്കുന്ന നിറമനസ്സാണദ്ദേഹത്തിന്റേത്.ഉച്ചനേരത്ത് കുറ്റിയാടിപ്പുഴയുടെ ആഴങ്ങളിലേക്ക് നടന്നുപോയ സ്വന്തം രക്തത്തിന്റെ തുണ്ട്മലരിനെയോര്‍ത്തുദു:ഖിക്കുന്ന മനസ്സ് ഈ സമാഹാരത്തിലുടനീളമുണ്ട്. കത്തുന്ന വെയിലിന് കവിതയാകാന്‍വേണ്ടി വിക്കറ്റായി്ത്തീര്‍ന്ന് പിന്നെയും തളിര്‍ക്കുന്ന ശീമക്കൊന്നകള്‍, ആരുമില്ലാതെ ആടുന്ന ഊഞ്ഞാലുകള്‍....... ദൈവമേ, ഇതെല്ലാം എങ്ങിനെയോ പ്രക്ഷുബ്ധമാവേണ്ട മനസ്സിനെ പ്രശാന്തമാക്കിത്തീര്‍ത്തിരിക്കുന്നു!സ്‌നേഹവുമായി സമ്പൂര്‍ണമായി ലയിച്ചുചേര്‍ന്നിരിക്കുന്ന ഒരു സൂഫിമനസ്സിനു മാത്രമേ ഈപ്രശാന്തി കൈവരിക്കാന്‍കഴിയുകയുള്ളൂ. മഹാദുരന്തങ്ങളെ യാദൃഛികതയുടെ ശാന്തിഗീതമാക്കിമാറ്റാനുള്ള രസശാസ്ത്രസിദ്ധിയാണ് സൂപ്പിമാസ്റ്റര്‍ഈ സമാഹാരത്തിലുടനീളം പ്രകാിപ്പിക്കുന്നത്.
അതായത്, മരണത്തിന്റെ സ്‌നേഹം കലര്‍ന്ന ദു:ഖമല്ല, ജീവിതത്തിന്റെവീഞ്ഞാണ് കെ.ടി.സൂപ്പിയുടെ കവിതകളില്‍നിറഞ്ഞുതുളുമ്പുന്നത്. പൂരിപ്പിക്കേണ്ട ഭാഗങ്ങളില്‍എഴുതിച്ചേര്‍ക്കാനുള്ളതെന്തെന്ന ആ അന്വേഷണത്തിന്റെ പൊരുള്‍അകം നിറഞ്ഞ സ്‌നേഹമാണ്. അസ്തമിക്കാത്ത സൂര്യനെന്ന് ഷംസി തബ്രീസിയെ ധ്യാനിച്ച് റൂമി ആലപിക്കും. ശരിതെറ്റുകള്‍വേര്‍തിരിച്ചെടുക്കാന്‍കഴിയാത്തവിധം സുഖദു:ഖവൈരുദ്ധ്യങ്ങള്‍ഐക്യത്തോടെ വര്‍ത്തിക്കുന്ന ജീവിതത്തിന്റെ പേനയില്‍മഷി നിറച്ച് പോക്കുവെയിലിന്റെ തണലില്‍കാത്തിരിക്കുകയാണ്, കവി. മൈലാഞ്ചിപ്പൂവുകളില്‍വീശുന്ന ഇളം കാറ്റില്‍പൂമരമാവുന്ന സ്‌നേഹിയുടെ സ്മരണകള്‍നിറഞ്ഞപ്രശാന്തിയില്‍ഓരോ ഇലയിലും കവിത എഴുതിത്തരുകയാണ് കവി. അതുകൊണ്ട് വീഴുന്ന ആ ഇലകളൊന്നും പാഴായിപ്പോവുന്നില്ല.
എഴുതുമ്പോഴും മയക്കത്തിലും ജാഗ്രത്തിലും സുഷുപ്തിയിലും ബോധാബോധങ്ങളിലും നിറയുന്ന ജീവിതസ്‌നേഹത്തിന്റെ അനുഗാനങ്ങളാണ് ഈ സമാഹാരത്തിലെ ഓരോവരിയും, ഓരോ വാക്കും. അവ സമന്വയിക്കപ്പെടുന്നത്, ഏതെങ്കിലും രൂപത്തിലല്ല, വൃത്തത്തിലോ ചതുരത്തിലോ അല്ല, സംഗീതത്തിന്റെ സാന്ദ്രഗൗരവത്തിലാണ്. കടലില്‍മുങ്ങി മലമുകളില്‍തെളിയുന്ന സൂര്യതേജസ്സാണ് ഈ കവിതകളില്‍കാണുന്നത്.
മഞ്ഞയിലയിലെ പച്ചഞരമ്പില്‍മരണം മുത്തമിടുമ്പോഴും, പിന്നേയുമുണ്ട് ജീവിതം എന്നാണ് കെ.ടി. സൂപ്പികരുതുന്നത്.
ഹാ! വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍കൊടിപ്പടം താഴ്ത്താന്‍?
എന്ന് പാടിയ കവിയുടെ പിന്മുറക്കാരായി ചിലര്‍ഇപ്പോഴുമുണ്ട് എന്നാണിത് കാണിക്കുന്നത്. കവിതയെന്നാല്‍ചെറുവിവരണങ്ങളിലേക്ക് തകര്‍ന്നുപോയ
മലയാളഭാഷയിലാണ് ഈ അത്ഭുതം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവിടെയാണ് കെ.ടി.സൂപ്പിയുടെ ഇലപൊഴിയുന്ന മരം തളിര്‍ത്തുവന്നത്. ഇത് നല്ല ലക്ഷണമാണ്. ജീവിതത്തെ വീണ്ടും കവിതയിലേക്ക് സംവഹിക്കാനുള്ള മനസ്സാന്നിദ്ധ്യം മലയാളഭാഷയെ അനുഗ്രഹിക്കാന്‍തുടങ്ങുന്നു. ഒറ്റമുറി, ഡോക്യുമെന്ററി തുടങ്ങിയ കവിതകള്‍ജീവിതദുരിതങ്ങളുടെയിടയില്‍പ്രകാശനാളമായി വിരിയുന്ന സ്‌നേഹത്തിന്റെ കാറ്റും വാക്കും സ്പന്ദിക്കുന്ന രചനകളാണ്.

'കൊടുത്തുതീര്‍ക്കാനാവാതിരുന്ന ചില വാക്കിന്‍കടങ്ങളും പൊരുതി്‌ത്തോറ്റ യുദ്ധങ്ങളും ചിലസായാഹ്നങ്ങളിലൂടെ തെളിയും' എന്നും ' ഓല മേഞ്ഞമേല്ക്കൂരയില്‍പെയ്തിറങ്ങുന്ന മഴയും വാക്കിലൊതുങ്ങാത്തകരച്ചിലും കാറ്റിനോടൊപ്പം കാട്ടിലേക്ക്' എന്നും കവി എഴുതുമ്പോള്‍മലയാളകവിത വീണ്ടും വിത്തില്‍നിന്ന് പൂവിലേക്കും കായിലേക്കും വളരുകയാണ്; അപചയത്തില്‍നിന്ന് വീണ്ടും വളര്‍ച്ചയുടെ പടവുകള്‍കയറുകയാണ്.
പ്രതിബദ്ധകവിതയെന്ന സാക്ഷ്യപത്രം ഇക്കാലത്ത് അത്രയൊന്നും സ്വീകാര്യമാവുന്നില്ലെന്നത് കേവലമായ ഒരു സത്യം മാത്രം. പക്ഷേ പ്രണയത്തോടും മാനവികതയോടും ശക്തമായ പ്രതിബദ്ധത പുലര്‍ത്തുന്നുണ്ട് ഈ സമാഹാരത്തിലെ കവിതകള്‍. കവി ഈ പ്രസ്താവം ഇഷ്ടപ്പെടുമോ എന്നത് എന്റെ പ്രശ്‌നമല്ല. രാവണവനെന്തിനാ പത്തുതല? എന്തിനാ ഇരുപത് കൈകള്‍? അദ്ദേഹത്തിന്റെ അസാമാന്യമായ ധിഷണാശേഷിയും കരുത്തും കാണിക്കാനുള്ള ആദികവിയുടെ ഭാവനയെന്നതില്‍കവിഞ്ഞ് നാമൊന്നും അതിനെ പറ്റി അത്രയൊന്നും കടന്നുപോയിട്ടുണ്ടാവില്ല. പത്തുതലകളിലും ചന്ദ്രികയായി തെളിയുകയും ഇരുപത് കൈകളിലും വീണയായി പാടുകയും ചെയ്യുന്ന പ്രണയിയുടെ രൂപം രാവണന് ലഭിക്കുമ്പോള്‍കവിതയുടെ സാമൂഹിക പ്രതിബദ്ധതയിലേക്ക് സൂപ്പിമാസ്റ്റര്‍വായനക്കാരെയും കൈപിടിച്ചുനടത്തുകയാണ്. രാമായണം മുന്‍നിര്‍ത്തി നടക്കുന്ന സംഹാരപരത' ബുളുങ്കോസ് ഡും' എന്നു തകര്‍ന്നുപോവുന്ന ഈ സ്‌നേഹയുദ്ധത്തെഉള്‍ക്കൊള്ളാന്‍മനുഷ്യന്‍എന്താണ് തയ്യാറാകാത്തതെന്ന അത്ഭുതം കൂടി സീതയെന്ന കവിതയില്‍ഉറഞ്ഞുവരുന്നുണ്ട്.
പരിണാമത്തെ പറ്റി ഖല്‍ദൂനും ഡാര്‍വിനും വൈലോപ്പിള്ളിയും പറഞ്ഞിട്ടുണ്ട്. ഖല്‍ദൂന്‍ചരിത്രത്തിലൂടെ, ഡാര്‍വ്വിന്‍പഠനഗവേഷണങ്ങളിലൂടെ, വൈലോപ്പിള്ളി കവിതയിലൂടെ....... കുന്നില്‍നിന്ന് നോക്കുമ്പോള്‍താഴ്‌വാരങ്ങളില്‍പൂവും നരനും വിടരുന്ന കാഴ്ചയാണ് വൈലോപ്പിള്ളി കണ്ടത്. കെ. ടി. സൂപ്പി, ദൈവം സ്വന്തം കൊമ്പിലൂതുന്ന കാറ്റിലൂടെയാണ് പരിണാമത്തെ ദര്‍ശിക്കുന്നത്. മൗനത്തിലൂതുമ്പോള്‍പക്ഷികളായി പറക്കുകയും ഹൃദയത്തലൂതുമ്പോള്‍തേനീച്ചകളായി മൂളക്കം മൂളിയാര്‍ക്കുകയും വാക്കിലൂതുമ്പോള്‍മനുഷ്യനായി നിവര്‍ന്നുനടക്കുകയും ചെയ്യുന്ന പരിണാമരാശികള്‍സൂപ്പിമാസ്റ്റര്‍അവതരിപ്പിക്കുന്നു. മൗനവും നൊമ്പരവും പൊള്ളുന്ന അനുഭവങ്ങളും വഹിച്ച് പറക്കുന്ന മനുഷ്യനെയോര്‍ത്ത് നാം ദു:ഖിക്കേണ്ടതില്ല. ഈ ദുരന്തം മനുഷ്യന്റെ ജനുസ്സിലുള്ളതാണ്.
ഗാന്ധി എന്ന കവിതയിലൂടെ ഇന്ത്യയുടെ ഭവത്കാലാവസ്ഥ സൂപ്പിമാസ്റ്റര്‍വരച്ചുകാണിക്കുന്നു. ഇങ്ങനെ ഒരു സാക്ഷ്യപത്രം കെ.ടി. സൂപ്പിക്കെന്നല്ല, ഒരു കവിക്കും ആവശ്യമില്ല. നവഗ്രഹങ്ങളുടെ കൂട്ടത്തില്‍ചേര്‍ക്കണമെന്ന് അപേക്ഷ സമര്‍പ്പിക്കുകയൊന്നും ചെയ്യാത്ത ഒരു സാധാരണ മനുഷ്യന്റെ കുത്തിക്കുറിക്കലുകളാണ് തന്റെ രചനകളെന്ന് അദ്ദേഹം പറയുന്നു; കവിനാട്യങ്ങളൊന്നുമില്ലാത്ത മനുഷ്യന്റെ.
ഇത് പറയുമ്പോഴും താനടക്കം എല്ലാകവികള്‍ക്കും എല്ലാ മനുഷ്യര്‍ക്കും സ്വന്തം വഴികളുണ്ടെന്ന് ഈ കവി തിരിച്ചറിയുന്നു. മഴയും വെയിലും കുളിരും നോവും എല്ലാവര്‍ക്കുമുണ്ട്. എല്ലാവരും കടന്നുപോവുന്നത്ഒരു വഴിയിലൂടെയാണ്. പക്ഷേ , ആ വഴി എനിക്ക് എന്റേതും സൂപ്പിമാസ്റ്റര്‍ക്ക് അദ്ദേഹത്തിന്റേതുമാണെന്ന് കവി മനസ്സിലാക്കുന്നു. ഗതകാലതലമുറകള്‍ക്കും ഭവത്കാലമനുഷ്യര്‍ക്കും വരാനിരിക്കുന്നവര്‍ക്കും അതങ്ങനെയാണെന്ന് കവി തിരിച്ചറിയുന്നു. അപ്പോഴും എല്ലാവരും ഒരേ വഴിയില്‍സഞ്ചരിക്കുന്നുവെസമന്വയമാണിത്. വ്യക്തിയുടേയും സമൂഹത്തിന്റേയും സംലയനമാണ് ഏതേ നല്ല സാഹിത്യകൃതിയേയും വ്യതിരിക്തമാക്കുന്നത്.
ഇതാണ് ഈ സമാഹാരത്തിന്റേയും സാക്ഷാത്കാരം.

വീഴുന്ന ഇലയില്‍
കെ.ടി. സൂപ്പി
ഒലിവ്
വില- 45 രൂപ

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, വീഴുന്ന ഒരിലയില്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക