മഴ വരും മുമ്പേ കിളിയുടെ പ്രാര്‍ത്ഥന

എം. കെ. ഖരീം

മറഞ്ഞിരിക്കുന്ന നിന്നെ ഹൃദയം കൊണ്ട് എത്തി പിടിക്കുന്നു. ആഞ്ഞാഞ്ഞു വലിക്കുകയും. എന്റെ ഹൃദയ വലിവ് എങ്ങനെയോ അത് പോലെ അവിടെയും.. കൈകാലുകള്‍ ഇല്ലെങ്കിലെന്ത്‌, പാതകള്‍ ഇല്ലാതിരുന്നിട്ടും അതവിടെ പിടി മുറുക്കുന്നുണ്ട്.
എന്റെ പാതിയെ തേടിയുള്ള അലച്ചിലിനെ വിരഹം എന്ന് പറയാമോ.. ഞാന്‍ തേടി അലയുന്നു എന്നത് ശരിയാണ്… അലച്ചിലില്‍ ഒരു നൊമ്പരമുണ്ട്, അനുഭൂതിയുണ്ട്… നനഞ്ഞ കണ്ണാടി ചില്ലിനപ്പുറത്തെ മങ്ങിയ മുഖവും… പ്രണയം ഇരിക്കാന്‍ ഇരിപ്പിടം തേടുന്നത് … അതല്ലേ ശരി..
കഴിഞ്ഞ ദിവസം കാറ്റ് പറഞ്ഞത്,
നീ പ്രണയത്തെ ഇങ്ങനെ പ്രണയിക്കരുത്…. ഇതു വായിച്ചാല്‍ ചിലപ്പോള്‍ എന്നിലും പ്രണയത്തിന്റെ പൂമൊട്ടുകള്‍ വിരിയും… പിന്നെ ഞാന്‍ എന്റെ പ്രണയത്തെ കണ്ടുപിടിക്കാനും അതിന്റെ വിരഹത്തില്‍ സ്വയം ചാമ്പലാവാനും ശ്രമിക്കും…

പ്രണയത്തിലായി
സ്വയം ചാംബലാകുന്നത് ഒരു സുഖമല്ലേ…
ഉള്ളാലെ കരയുന്ന നീ
പിന്നെയും ചൊല്ലുന്നു
പ്രണയം തേടി അലയുന്നതിനെ കുറിച്ച്…
പ്രണയം ഒരു യോഗമാണ്…
പ്രണയം ഇല്ലാത്തവരെ എന്തിനു കൊള്ളാം.
അവര്‍ കരിമ്പാറയുടെ പരുപരുത്ത തലം.
പ്രണയം ദൈവീകമാണ്‌..
പ്രണയം ഹൃദയ ഭിത്തിയില്‍ തട്ടിയാല്‍
പിന്നെ ഇരിക്കാനാവില്ല…
തലയില്‍ തീ പടര്‍ന്നവളെ പോലെ ഓടുക…
നിന്റെ ഹൃദയത്തില്‍
പ്രണയത്തിന്റെ പൂമൊട്ടുകള്‍ വിരിയുന്നത്
എനിക്ക് കാണാം…
വഴി നീളെ പൂത്ത വാക മരത്തിന്റെ
ചോരപ്പായി ആളുകയും……

എന്റെ നിശബ്ദതക്കു വേദനയുടെ നിറമാണ്‌. നഷ്ടപെട്ട പ്രണയത്തിന്റെയും, വസന്തത്തിന്റെയും മണമുള്ള വേദന. അതൊരു അഗ്നിയായി എന്നില്‍ കത്തിപടര്‍ന്നു; എന്നെ തന്നെ ഇല്ലാതാക്കുന്നത് വരെ ഞാന്‍ ആ നിശബ്ദതയുടെ കൂടുകാരിയായിരിക്കും.
കര്‍ക്കിടകത്തിലെ ഇരുണ്ട സന്ധ്യ പോലെ ചിലപ്പോള്‍ … അല്ലെങ്കില്‍ നനഞ്ഞ സായാഹ്നത്തിന്റെ വിങ്ങല്‍ … ചിലപ്പോള്‍ മഴ തോര്‍ന്ന മരത്തില്‍ നിന്നും ഇറ്റു വീഴുന്ന തുള്ളി പോലെ.. കരിയിലയില്‍ വന്നു വീഴുമ്പോഴും തുള്ളികള്‍ക്കൊരു ഒച്ചയുണ്ട്. നിന്റെ ഹൃദയ തുടിപ്പ് പോലെ…
നനഞ്ഞ തോര്‍ത്തു പിഴിയുന്നത് പോലെയാണ് ആത്മാവ് ആത്മാവിന്റെ ഞെരിക്കുന്നത്‌. എത്ര ബലം കൊണ്ടാലും പോരാതാവുകയും. അപ്പോള്‍ എന്നിലും നിന്നിലും ആ നിലവിളിയുണ്ട്. കൊടുങ്കാറ്റു വേഗത്തില്‍ ഉയര്‍ന്നു തൊണ്ടയില്‍ തിങ്ങുന്ന നിലവിളി…
ഉള്ളില്‍ ആളി വിമൂകം പ്രാര്‍ഥനയോടെ നില്‍ക്കുന്ന ആ തിരിയുടെ വെട്ടവും ചൂടും എനിക്ക് കിട്ടുന്നുണ്ട്‌. എന്തിനാണ് അത് വളഞ്ഞു പുളഞ്ഞു എന്നില്‍ ആണ്ടിറങ്ങുന്നത് എന്ന് എനിക്കറിയില്ല. എങ്കിലും ആ വരവ് ഞാന്‍ ഇഷ്ടപ്പെടുന്നു…
നിന്റെ നിശബ്ദതയെ മഴയായി കാണുന്നു.
കാര്‍മെഘത്തിനുള്ളില്‍ വിങ്ങുന്ന തുള്ളിയായി നീ.
ഞാനത് ഏറ്റെടുക്കുന്നു,
നിന്റെ ഓരോ പെയ്ത്തും എനിക്ക് ഊര്‍ജമാണ്..


മഴ പെയ്യുമ്പോള്‍
മണ്ണിന്റെ പ്രാര്‍ത്ഥന
തോരാതെ പെയ്യുക.
പ്രണയം വന്നു മുട്ടുമ്പോള്‍
ഹൃദയത്തിന്റെ പ്രാര്‍ത്ഥന
എന്നിലാകെ നിറയുക.
പകരം ഞാന്‍ പ്രണയമായി
നിന്നെ മൂടാം.
നിന്റെ നിശബ്ദതയിലാകെ
ഞാന്‍ അതി വാചാലതയാവാം.
പിന്നെ ചുഴിയിലേക്ക്
ഇലയെന്ന പോലെ
നിന്റെ ഹൃദയത്തിലേക്ക്
ഞാന്‍ …
പ്രണയം വന്നു മൂടുമ്പോള്‍
യാഗാഗ്നിയുടെ തരിപ്പ്…
പിന്നെ അതുമായി
ഞാനെന്റെ ശാന്തി നുകരാം.

രാത്രി മഴയില്‍ മുറിഞ്ഞു പോയ നെടുവീര്‍പ്പുകളെ ചേര്‍ത്തു ഞാനൊരു മാല തീര്‍ക്കുന്നുണ്ട്. എന്ത് പേര് കൊടുക്കണം, പ്രണയത്തിന്റെ മധുര നൊമ്പര സഞ്ചാരം, എന്നില്‍ നിന്നെ കുടിയിരുത്തിയുള്ള പിടച്ചില്‍ …
അത് അങ്ങനെയാണോ, ചുവ നിറത്തില്‍ കിലുങ്ങാതെ നിശബ്ദം കേഴുന്ന മുത്തുകള്‍ … കൂടിചേരുമ്പോള്‍
മഞ്ചാടിയെക്കാള്‍ തിളക്കത്തില്‍ …
ഹൃദയം തുണ്ട് തുണ്ടായി അടര്‍ന്നു പോകുന്നത് പോലെ. ഹൃദയത്തിന് നനഞ്ഞൊരു തുണി വേണം. പല്ലുകള്‍ക്കിടയില്‍ അമര്‍ത്താന്‍ . ഇതൊരു തോരാ വേദനയുടെ തുടക്കമോ എന്നോര്‍ക്കാതെയല്ല. പ്രണയം പനിച്ചാല്‍ പിന്നെ വിയര്‍ക്കാതിരിക്കുന്നതെങ്ങനെ. ആ വിയര്‍പ്പിലെ ഒഴുക്കില്‍ കവിതകള്‍ പാറും. പ്രണയത്തിന്റെ വിയര്‍പ്പിന് ഉപ്പു രസമല്ല. അതിനു രുചിയെ ഇല്ല. എന്നാല്‍ അതാണ്‌ ശരിയായ രുചിയും.

    

എം. കെ. ഖരീം - എം. കെ. ഖരീം  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, മഴ വരും മുമ്പേ കിളിയുടെ പ്രാര്‍ത്ഥന
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക