പുകച്ചുരുള്‍പ്പക്ഷികള്‍

സി. പി. അബൂബക്കര്‍

പതിയെ പതിയെ വസന്തമേ,
നീയെന്റെ പാതിയുടെ
നിറനീലമിഴികളില്‍
വിടരുക
കണ്‍തടം നിറയെ നീ മദമായ്
കിനിയുക
കവിളുകള്‍ നവനീത ശിലയായ്
തിളങ്ങുക
ചൊടികളിലാര്‍ദ്രമാം
മദകംബളത്തിന്റെ
ചെറിയൊരു നൂലിനാല്‍
പുഞ്ചിരി ചിന്തുക
മൊഴിയുമോരോ വചസ്സിലു-
മുര്‍വ്വരപ്രണയം
തഴയ്ക്കുന്ന ഗീതകം
കേള്‍ക്കുക.
കൊഴിയുമോരോ തുടിപ്പിലും
വക്ഷോജമധുപാത്രമിഴികള്‍
മിടിക്കുന്നുവെങ്കില്‍ നീ
പുണരൂ,
ഋതുഭേദമറിയേണ്ടതില്ല നീ,
പുണരൂ,
തടഭേദമോര്‍ക്കേണ്ടതില്ല, നീ.
ഉയരങ്ങള്‍ താഴ്ചകളു-
മറിയുന്നുമില്ല നീ
മലകളും പുഴകളും
കാണുന്നുമില്ല നീ.

ഉപ്പുരസമുണ്ടോ
മണല്‍ത്തരിക്കെന്നുനി-
ന്നുര്‍വ്വരസംഗത്തി-
ലറിയുകയില്ല നീ
പെയ്യാത്ത ഗര്‍ഭം
ധരിച്ചമേഘങ്ങളിലെയ്യാത്ത
പൂക്കളെയോര്‍ക്കുകയില്ല നീ.

കാറ്റും പിറാവും
പറക്കുന്ന വാനിന്റെ-
യേറ്റമദൃശ്യതലങ്ങളിലാകിലും
ചുഴികള്‍ പിറക്കുമാഴങ്ങളില്‍
നമ്മുടെ പവിഴങ്ങള്‍ പൂക്കും
വനങ്ങളിലാകിലും
പകലന്തി കത്തുന്നമരുഭൂവി-
ലജ്ഞാതവാതങ്ങള്‍
ചീറിയടിക്കുന്നതാകിലും
പുണരൂ,
സുഖദു:ഖസാന്ദ്രമാം
വാഴ് വിന്റെ
മദഭരതന്മാത്ര-
യോരോ നിമിഷവും.
മേനിക്കടിയിലെ
ഭൂമിയുതിരുന്നുവോ?
ഭൂവിന്റെ കമ്പന-
മേറ്റുവാങ്ങുന്നുവോ?
വീര്‍പ്പും വിയര്‍പ്പും
കടക്കാതിറുക്കിനാം
തമ്മിലമര്‍ന്നൊരാ
ദാരുതല്പത്തിലെ സ്വപ്നങ്ങളില്‍
സാലഭഞ്ജികള്‍ കാണാതെ
തപ്തനിശ്വാസമയഞ്ഞു,
മയങ്ങി നാം.

പിന്നെയോരോന്നിഴയീര്‍ന്നു
നീ പനം നീള്‍ക്കുലകെട്ടി-
ത്തഴപ്പിച്ചു നിര്‍ത്തുക
ക്ഷീണനഭസ്സിന് മോന്താന്‍
ഇളനൊങ്കിനീണമോരോന്ന്
നീ പാടിപ്പകരുക.
യക്ഷിയാണെന്ന്
പറഞ്ഞകലുന്നവര്‍-
ക്കിത്തിരി നൂറിന്റെ
പുഞ്ചിരിയേകുക.

പിന്നെ, പതിഞ്ഞ്
പഴയദു:ഖത്തിന്റെ
നന്തുടി മീട്ടി നീ
കണ്ണുനീര്‍ വാര്‍ക്കുക
കാലം ചരിത്രം
പുരാണം കവിതയും
കാല്‍ നനയ്ക്കുന്നു
നിന്‍ കണ്ണുനീര്‍ച്ചോലയില്‍.
ഇത്തിരി വെള്ളം തളിച്ച്,
കത്തിക്കുന്ന ചിത്തിരത്തീയില്‍
ദഹിക്കെ,
മറവിതന്‍ ചില്ലയിലെങ്ങോ
പുകച്ചുരുള്‍പ്പക്ഷികള്‍
നമ്മ, ളന്യോന്യം
പ്രതീക്ഷിച്ചിരിക്കുക.

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, പുകച്ചുരുള്‍പ്പക്ഷികള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക