ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഫലങ്ങള്‍

സി. പി. അബൂബക്കര്‍

ബ്രിട്ടീഷ് ഭരണം മലബാറിനെ സംബന്ധിച്ചിടത്തോളം ഇതര ഇന്ത്യന്‍ പ്രദേശങ്ങളെന്നപോലെ പലകാര്യങ്ങളിലും പ്രയോജനപ്രദമായിരുന്നു. വിദ്യാഭ്യാസരംഗത്തും ഗതാഗതരംഗത്തുമുണ്ടായ അഭിവൃദ്ധിയെ പറ്റി സാമാന്യമായി എല്ലാവര്‍ക്കുമറി.യാം. ശാസ്തരവിദ്യാഭ്യാസത്തിലേക്കും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്കും ഇന്ത്യക്കാരെ ആകര്‍ഷിച്ചത് മെക്കോളേയുടെ മിനുട്‌സും ചാള്‍സ് വുഡിന്റെ റിപ്പോര്‍ട്ടുമാണ്. റെയില്‍വേയുടെ സ്ഥാപനം ഇന്ത്യന്‍ ഗതാഗതരംഗത്ത് വലിയ പരിവര്‍ത്തനമുണ്ടാക്കി. 1907ലാണ് കണ്ണൂീരിലൂടെ റെയില്‍ പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം സാധ്യമായത്. ചരക്കുകളുടെ നീക്കത്തെയും ജനങ്ങളുടെ യാത്രയെയും ഇത് സഹായിച്ചു. ഇതോടെ ജീവിതം വളരെ ചലനാത്മകമായിത്തീര്‍ന്നു. കൂടുതല്‍ അറിയാനും കൂടുതല്‍ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനും ജനങ്ങള്‍തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനും വിദ്യാഭ്യാസവും റെയില്‍ വേയും സഹായിച്ചു..

ഇവയോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി ലഭിച്ച മറ്റൊരു നേട്ടം തദ്ദേശഭരണസംവിധാനത്തിന്റെ സ്ഥാപനമാണ്. പ്രാചീനകാലം മുതല്‍ ഇന്ത്യയില്‍ തദ്ദേശഭരണകാര്യത്തില്‍ ഗണ്യമായ   ശ്രദ്ധചെലുത്തപ്പെട്ടിരുന്നു. ചോളസാമ്രാജ്യം തദ്ദേശഭപരണസംവിധാനത്തിന്റെ പേരില്‍യശസ്സാര്‍ന്നതാണ്. ക്ഷേത്രത്തില്‍ ബ്രാഹ്മണരുമായ ജനങ്ങള്‍ക്ക് വേറെ വേറെ തദ്ദേശീയ ഭരണത്തെപറ്റി അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുമായിരുന്നു. നറുക്കെടുപ്പിലൂടെ ഗ്രാമാധിപന്മാരെ തെരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് ചോളസാമ്രാജ്യത്തിലുണ്ടായിരുന്നത്. ഗ്രാമഭരണത്തിന്റെ കാര്യത്തില്‍ ഇതരരാജവംശങ്ങളും  അത്യന്തം ജാഗ്രതപുലര്‍ത്തിയിരുന്നു. എല്ലാകാലത്തും ഈ ജാഗ്രതനിലവനിന്നിരുന്നതായി കാണാം. 

കണ്ണൂരിലെ കോലത്തിരിമാരുടെ കാലത്ത് തദ്ദേശഭരണം നോക്കിനടത്തിയിരുന്നത്, ദേശവാഴികളുടെ കീഴിലുള്ള മുഖ്യസ്ഥാനീയന്മാരായിരുന്നു. നാടുവാഴികള്‍ ജില്ലാഭരണാധിരാധികള്‍ക്ക് തുല്യരായിരുന്നു, ദേശവാഴികള്‍ ഗ്രാമഭരണം നടത്തുന്നവരായിരുന്നു. അവരുടെ കീഴില്‍ മുഖ്യസ്ഥന്മാര്‍എന്ന് പേരുള്ള ഗ്രാമസഭകളുടെ കാര്യക്കാരുമുണ്ടായിരുന്നു. 

ഇംഗ്ലീഷുകാര്‍ അധികാരത്തില്‍ വന്നകാലത്ത് ഈസംവിധാനമാണ് നിലവിലുണ്ടായിരുന്നത്.  എന്നാല്‍ ക്രമേണ അവര്‍ നഗരഭരണത്തിനുസമാനമായ ഒരു ഭരണസംവിധാനം എല്ലാ തദ്ദേശഭരണയൂണിറ്റുകളിലും നടപ്പിലാക്കി. ഇതര ബ്രിട്ടീഷിന്ത്യന്‍പ്രദേശങ്ങളിലെന്ന പോലെ മലബാറിലും ഈ രീതിയാണ് നടപ്പിലാക്കിയത   ്.  1865ലെ മദ്രാസ് ൗൈണ്‍ ഇമ്പ്രൂവ്‌മെന്റ് ആക്റ്റാണ് ഈ സംവിധാനത്തിന് ആധാരമായി വര്‍ത്തിച്ചത്.  ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തിനകം കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരിമുനിസിപ്പാലിറ്റികള്‍ സ്ഥാപിക്കപ്പെട്ടു.  ഇവയ്ക്കുപുറതെ പാലക്കാട്, ഫോര്‍ട്ട് കൊച്ചി എന്നിവയും മുനിസിപ്പാലിറ്റികളായി.  ഇവിടങ്ങളില്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളാണ് ഭരണനിര്‍വ്വഹണം നടത്തിയിരുന്നത്. 

എന്നാല്‍ 1871ല്‍ നിലവില്‍വന്ന ടൗണ്‍ ഇമ്പ്രൂവ്‌മെന്റ് ആക്റ്റില്‍ നികുതിദായകര്‍ക്ക്  കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കാനുള്ള അവകാശം കൈവന്നു.  അതുപോലെ കൗണ്‍സിലിന് വൈസ്പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള അവകാശം സിദ്ധിച്ചു.   റിപ്പണ്‍പ്രേഭുവിന്റെ ഭരണപരിഷ്‌കാരത്തെ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ എണ്ണം നാലില്‍മൂന്നായി വര്‍ദ്ധിച്ചു.  ചെയര്‍മാനെ അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുക്കുന്ന സമ്പ്രദായവുമുണ്ടായി.  നികുതി ചുമത്താനും മറ്റുമുള്ള മുനിസിപ്പാലിറ്റിയുടെ അധികാരം വര്‍ദ്ധിച്ചു.  1920ലേയും 1930ലേയും നിയമങ്ങള്‍ വഴി മുനിസിപ്പാലിറ്റികളുടെ ഭരണവും അധികാരവും വലിയൊരളവില്‍ ഒരു ജനാധിപത്യപ്രക്രിയയുടെ ഭാഗമായിത്തീര്‍ന്നു.  

മലബാറിലെ തദ്ദേശഭരണം ജില്ലാബോര്‍ഡില്‍പെട്ട പ്രദേശങ്ങളിലായി പരിമിതപ്പെടുത്തിയിരുന്നു.  1871ലെ മദ്രാസ് ലോക്കല്‍ ഫണ്ട് ആക്റ്റ് പ്രകാരമാണ് മലബാര്‍ജില്ലാബോഡ് നിലവില്‍ വന്നത്.  ഈ നിയമമനുസരിച്ച്, റോഡ് നിര്‍മ്മാണം, ഇതരഗതാഗതമാര്‍ഗ്ഗങ്ങള്‍,  വിദ്യാലയങ്ങള്‍, ആശുപത്രി, ജലവിതരണം, അഴുക്കുചാലുകള്‍  തുടങ്ങിയ വികസന- ജനക്ഷേമപ്രവര്‍ത്തനങ്ങള്‍  തദ്ദേശഭരണസ്ഥാപനങ്ങളുടെ ചുമതലയായിത്തീര്‍ന്നു. 1884ലെ മദ്രാസ് ലോക്കല്‍ ബോഡ് നിയമം ബോഡിന് ത്രിതലഘടനനിശ്ചയിച്ചു.  ബോഡംഗങ്ങളില്‍ ഒരു വിഭാഗത്തെ തെരഞ്ഞെടുക്കാനും വ്യവസ്ഥയുണ്ടായി.  ത്രിതലഘടനയിലെ ഏറ്റവും ചെറിയ യൂണിറ്റ് യൂണിയനായിരുന്നു. കുറെ ഗ്രാമങ്ങള്‍ചേര്‍ത്താണ് യൂണിയന്‍ രൂപീകരിച്ചത്. യൂണഇയനുമേലെ താലൂക്ക് ബോഡുകളും അവയ്ക്ക് മേലെ ജില്ലാബോഡും എന്നതായിരുന്നു ഘടന.  ബോഡ് നടത്തിപ്പിനുള്ള ഫണ്ട് കണ്ടെത്തിയത് വീട്ടുനികുതി, മൃഗനികുതി, വണ്ടി നികുതി തുടങ്ങിയ വരുമാനങ്ങളില്‍ നിന്നായിരുന്നു.  

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ബോഡുകള്‍ പ്രബലമായിത്തീര്‍ന്നു.  1920ല്‍ മദ്രാസ് ലോക്കല്‍ വില്ലേജ് പഞ്ചായത്ത് നിയമവും മദ്രാസ് ലോക്കല്‍ ബോഡ് നിയമവും പാസായി. തുടക്കത്തില്‍ യഥാക്രമം കളക്ടറും റവന്യൂ ഓഫീസറുമാണ് ജില്ലാബോഡിലും താലൂക്ക് ബോഡിലും ആദ്ധ്യക്ഷ്യം വഹിച്ചിരുന്നതെങ്കിലും 1930 മുതല്‍ മലബാര്‍ജില്ലാബോഡ് തെരഞ്ഞെടുക്കപ്പെട്ട ഭരണസ്ഥാപനമായിത്തീര്‍ന്നു.  ക്രമേണ ജില്ലാബോഡുകള്‍ ദേശീയപ്രസ്ഥാനത്തിന്റേയും ജനാധിപത്യരാഷ്ട്രീയപ്രക്രിയയുടേയും  കേന്ദ്രമായിത്തീര്‍ന്നു.  1934ല്‍ ജില്ലാബോഡ് കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലായിത്തീര്‍ന്നു.  കെ. പി. സി. സി. യിലും സി. എസ്. പി. യിലും ബോഡ് ഭരണവുമായി ബന്ധപ്പെട്ട് വളരെയേറെ സംവാദവിവാദങ്ങള്‍ നടന്നു. 

ഇതരഫലങ്ങള്‍

മലബാറിനെ പറ്റിമാത്രമല്ല, ബ്രിട്ടീഷധിനിവേശം നടന്ന എല്ല പ്രദേശങ്ങളിലെയും ജനങ്ങളേയും അവരുടെ ഭാഗത്തനിന്നുണ്ടായ അസ്വാസ്ഥ്യങ്ങളേയും പറ്റി ഉദ്യോഗസ്ഥന്മാരും അക്കാദമിക്കകളുമായ അനേകം ചരിത്രരചയിതാക്കള്‍ ചിലപ്പോള്‍ അലസവും മിക്കപ്പോഴും തികഞ്ഞസാമ്രാജ്യ പക്ഷപാതത്തോടെയും രചനകള്‍ നടത്തിയിട്ടുണ്ട്. സത്യത്തില്‍ എന്തുകൊണ്ട് തലശ്ശേരിയുള്‍പ്പെടെയുള്ള മലബാറില്‍ ഈ ഭരണാധികാരികള്‍ ഇത്രയേറെ എതിര്‍ക്കപ്പെട്ടുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. 

1. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലൊരിടത്തും സ്വാഭാവികഭരണാധികാരികളായിരുന്നില്ല. 

2. മുന്‍കാല ആക്രമണകാരികളെ പോലെ അവര്‍ ഇവിടെ താമസിച്ച് ഇവിടുത്തെ വിഭവങ്ങളും ഈ നാട്ടിനുവേണ്ടി ചെലവഴിക്കാന്‍ തയ്യാറായിരുന്നില്ല. മറിച്ച് ഇവിടെ രാഷ്ട്രീയാധിപത്യം നിലനിര്‍ത്തുമ്പോഴും വിഭവങ്ങളും ഇതരവരുമാനങ്ങളും ഇംഗ്ലണ്ടിലേക്ക് ചോര്‍ത്തിക്കൊണ്ടുപോവുകയാണവര്‍ചെയ്തത്. 

3. കോണ്‍വാലിസ് പ്രഭുവിന്റെ ഭൂനിയമം കൂടിവന്നതോടെ മലബാറുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സാധാരണഭൂബന്ധങ്ങള്‍ തകരുകയും ഭൂനികുതിയുടേയും മറ്റു പിരിവുകളുടേയും പേരില്‍ ക്രൂരവും നിന്ദ്യവുമായ കൊള്ള നടത്തുന്ന പുതിയൊരു ജന്മിസംഘം ആവിര്‍ഭവിക്കുകയും ചെയ്തു . ഈ നാടന്‍ ജന്മിമാര്‍ ജനങ്ങളെ കൊള്ളയടിക്കുകയും മലബാറുള്‍പ്പെടെ എല്ലാപ്രദേശങ്ങളിലും കലാപങ്ങളുണ്ടാവകയും ചെയ്തു. 

4. ഭൂവുടമകളായ പഴയ ഭരണാധികാരികളുടെ ഉദാരസമീപനമോ പിതൃതുല്യവാത്സല്യമോ( Paternalism)ഇല്ലാത്ത ഇടപ്പിരിവുകാരായ  ഒരു സംഘമായി നാടുവാഴികള്‍ അധ:പതിച്ചു. ചിറക്കല്‍, ഹോസ്ദുര്‍ഗ്ഗ്, വയനാട് കോട്ടയം പ്രദേശങ്ങളിലെല്ലാം ഇത്തരം ജന്മിമാര്‍ സ്ഥിരനികുതിവ്യവസ്ഥ നടപ്പാക്കിയ രീതി ചരിത്രത്തില്‍ സമാനതയില്ലാത്തവിധം ക്രൂരമായിരുന്നു. കല്യാട്ട്, കൂടാളി തുടങ്ങിയ ജന്മികുടുംബങ്ങള്‍ പ്രാദേശികതലങ്ങളില്‍ ജനങ്ങള്‍ക്കുമേല്‍കുതിരകയറുന്നവരായിത്തീര്‍ന്നു. ദേശീയസമരത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷനല്‍കോണ്‍ഗ്രസ്സ് ഇതിനെതിരെ വിരലനക്കാത്ത സാഹചര്യത്തില്‍ കൃഷിക്കാരുടെ സംഘങ്ങള്‍ വളര്‍ന്നുവന്നു. 

5. ബ്രിട്ടീഷ്ഭരണത്തിന്റെ മറ്റൊരു തിക്തഫലം നാട്ടിന്‍പുറങ്ങളിലെല്ലാം വന്‍തോതിലുള്ള പട്ടിണിയും ദാരിദ്ര്യവും ഉണ്ടായെന്നതാണ്. വ്യാപകമായ തൊഴില്‍ രാഹിത്യമാണിതിനു കാരണം. ജനങ്ങളുടെ സ്വാഭാവികമായ തൊഴില്‍ നഷ്ടമാവുകയും,  ചെയ്യുന്ന തൊഴിലുകളില്‍തന്നെ ജീവസന്ധാരണത്തിനുതകുന്ന വേതനം ലഭിക്കാതിരിക്കുകയും ചെയ്തു. 

6. പുതിയ തൊഴില്‍സംരംഭങ്ങളായ നെയ്ത്തു്ശാലകള്‍  തൊഴിലാളിവര്‍ഗ്ഗത്തിനു ജന്മം നല്കുകയും സംഘടിതതൊഴിലാളിപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനുസഹായകമാവുകയും ചെയ്തു. 

7. ബ്രിട്ടീഷ് ഭരണാധികാരികളും ക്രൈസ്തവമിഷനറിമാരും ആരംഭിച്ച വിദ്യാലയങ്ങളിലൂടെ വിദ്യാസമ്പന്നരായി മാറിയ വരില്‍ മിക്കവരും ബ്രിട്ടീഷ് കമ്പനികളിലും   വ്യവസായശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴില്‍നേടിയെങ്കിലും അവരിലും അസംതൃപ്തിയും നൈരാശ്യവും വളര്‍ന്നുവന്നു. അവരുടെയത്രപോലും വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാര്‍ക്ക് ലഭിക്കുന്ന ഉദ്യോഗങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടു. 

8. ഫ്യൂഡലിസത്തിനെതിരെയും ജനാധിപത്യത്തിനുവേണ്ടിയും സ്വന്തം നാട്ടില്‍ നടന്ന ദീര്‍ഘകാലസമരങ്ങളുടെ അനുഭവമുള്ള ഇംഗ്ലണ്ടില്‍നിന്നുള്ള ഭരണാധികാരികള്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യം ചവിട്ടിമെതിക്കുകയും, ജനാധിപത്യം കശാപ്പ് ചെയ്യുകയും , ജനങ്ങള്‍ക്കെതിരെ നാടുവാഴികളുമായും സവര്‍ണ്ണ ജാതിമേധാവിത്വവുമായും കൂട്ടുചേരുന്നത് ജനങ്ങള്‍ കണ്ടു. 

ഇവയക്കെതിരെ കേവലമായ ദേശീയവിമോചനസമരം മതിയാകുമായിരുന്നില്ല. ഇന്ത്യക്കാരുടെ ആത്മഗൗരവം വീണ്ടെടുക്കേണ്ടിയിരുന്നു. കേരളീയരുടേയും മലബാറിന്റേയും ചരിത്രഗൗരവം പുനസ്ഥാപിക്കേണ്ടിയിരുന്നു. അതിനുവേണ്ടി സ്വാഭാവികമായി ഉരുവപ്പെട്ട ദേശീയ മുന്നേറ്റത്തെയാണ് നവോത്ഥാനമെന്ന് പറയുന്നത്. തിയോസഫിക്കല്‍ സൊസൈറ്റി.യും ബ്രഹ്മസമാജവും ആര്യസമാജവും മുതല്‍ കേരളത്തിലെ ശ്രീനാരായണപ്രസ്ഥാനവും അയ്യങ്കാളിയുടേയും വാഗ്ഭടാനന്ദന്റേയും ബ്രഹ്മാനന്ദശിവയോഗിയുടേയും പ്രസ്ഥാനങ്ങളുള്‍പ്പെടെ രാജ്യമെമ്പാടും സ്വന്തം ചൈതന്യം കണ്ടറിയുന്നതിനും വീണ്ടെടുക്കുന്നതിനും  വേണ്ടിയുള്ള യത്‌നങ്ങളുണ്ടായി.  വിദ്യാസമ്പന്നരായ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്കുന്നതിലുള്ള പക്ഷപാതത്തിനെതിരായി സുരേന്ദ്രനാഥബബാനര്‍ജിയുടെ നേതൃത്വത്തിലാവിര്‍ഭവിച്ച മുന്നേറ്റം ഇന്ത്യയിലാകമാനം ചലനങ്ങളുണ്ടാക്കി. ഇതിനെ തുടര്‍ന്ന് ദേശീയപ്രസ്ഥാനമാവിര്‍ഭവിച്ചു. ദേശീയസ്വാതന്ത്ര്യസമരത്തിന്റേയും കീഴാളജനവിഭാഗങ്ങളുടെ വിമോചനമുന്നേറ്റങ്ങളുടേയും ഭൂമികയിലാണ്  കര്‍ഷകസംഘവും തൊഴിലാളിസംഘങ്ങളും വിദ്യാര്‍ത്ഥി-യുവജന-മഹിളാപ്രസ്ഥാനങ്ങളുംസോഷ്യലിസ്റ്റ് പ്രസ്ഥാനവും ഒടുവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമായും വളര്‍ന്നുവന്നത്.  

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഫലങ്ങള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക