സുരക്ഷിതസ്മാരകം

ഡോ. ടി. എന്‍ . സീമ

അടിത്തട്ട് തേടിയുള്ള യാത്രകള് ദുഷ്‌കരം;‍
ജീര്‍ണിച്ച കാലത്തിന്റെ ‍
പടവുകള്‍ താണ്ടണം.

ഇലകളുടെ അസ്ഥികൂടം‍
ചിതലിന്‍ ഗുഹാമുഖങ്ങള്‍‍
നിലകിട്ടാതൊടുങ്ങിയ നിശ്വാസം‍
ഇലതേടി വഴി തെറ്റിയൊരു വേരിന്‍ തുമ്പ്.

ഉറവുകളില്‍ സമാധിയടഞ്ഞ‍
മണ്‍കട്ടകള്‍ പറഞ്ഞുതരും‍
ഒടുക്കത്തിന്‍ പൊരുള്‍.

ആഴത്തിലാഴത്തില്‍ ‍
ഒരു കാടിന്റെ ശവമഞ്ചം‍
ഒരുപുഴയനന്തമായൊഴുകുന്നുണ്ടിവിടെ.‍
ചിതറിക്കിടക്കുന്നുണ്ടാവും ‍
ജനപദത്തിന്നോര്‍മ്മകള്‍

മതി മതി, ഇനിയാത്ര ദുഷ്‌കരം‍
ഉരുകിത്തിളയ്ക്കും ജഠരാഗ്നിക്കുമേല്‍ ‍
നിശ്വാസമര്‍പ്പിച്ചു തിരികെ വരാം.

ഖനിമൂടുന്നതിനുമുമ്പ് ‍
ഒരുപിടി മണ്ണ് കൈയില്‍ കരുതണം‍
അതിലുണ്ടെല്ലാം‍
അലിഞ്ഞുചേര്‍ന്ന പ്രാണനും പ്രണയവും‍
അതീതകാലത്തെ സ്മൃതികളും.

    

ഡോ. ടി. എന്‍ . സീമ - കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തിന്റെ അനിഷേധ്യയായ ഒരു നേതാവാണ് ഡോ. ടി. എന്‍. സീമ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റകോളേജില്‍ അദ്ധ്യാപികയായിരുന്ന സീമ ടീച്ചര്‍, കഴിവുറ്റകവിയും ജാതിമതലിംഗഭേദമില്ലാതെ ഏതുതരം മാനവികമൂല്യങ്ങള്‍ക്കുമായി സ്ഥിരമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ശക്തയായ മാനവികവാദിയാണ്. കമ്യൂണിസ്റ്റെന്ന നിലയില്‍ സ്ത്രീകളേയും ധൈഷണികസമൂഹത്തേയും അവര്‍ നയിക്കുന്നു. ഈ നേതൃത്വത്തില്‍ അവരുടെ പാണ്ഡിത്വത്തോടൊപ്പം കവിത്വവും പ്രധാനമായ ഒരുസ്ഥാനം വഹിക്കുന്നു Tags: Thanal Online, web magazine dedicated for poetry and literature ഡോ. ടി. എന്‍ . സീമ , സുരക്ഷിതസ്മാരകം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക