തെയ്യം- ഫോക്കിലെ പൊന്‍പതക്കം

ജി. ഡി. നായര്‍

ഉത്തരകേരളത്തിന്റെതായ ഒരു അനുഷ്ഠാനകലയാണ് തെയ്യം. പ്രധാനക്ഷേത്രങ്ങളിലല്ല, കാവുകളിലും തറവാടുമുറ്റങ്ങളിലും കാലാനുസാരിയായി തെയ്യം ഭക്തജനങ്ങള്‍ക്കു പ്രസദം നല്‍കുന്നു. മനുഷ്യനില്‍ ദേവതാസങ്കല്‍പ്പം ദര്‍ശിക്കുകയാണ് തെയ്യക്കോലങ്ങളിലൂടെ നിറവേറ്റപ്പെടുന്നത്. ഓരോ തെയ്യക്കോലവും അതിന്റെതായ ആടയാഭരണങ്ങളണിഞ്ഞ് ദേവസ്ഥാനത്തിന്റെ തിരുനടയിലെത്തുമ്പോള്‍ ഭക്തജനങ്ങള്‍ അനുഗ്രഹവചനങ്ങള്‍ക്കായി തൊഴുകയ്യോടെ ശിരസ്സുകുനിക്കുന്നു. കോലധാരികള്‍ സന്ദര്‍ഭാനുസരണം ചുവടുവെക്കുകയും നൃത്തത്തിനൊപ്പം അനുയോജ്യമായ വാചാലുകളിലൂടെ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യുന്നു. നിറഭക്തിയില്‍ നിലീനമാകുന്ന ഭക്തജനങ്ങള്‍ ദൈവത്തിന്റെ പ്രതിരൂപദര്‍ശനത്താല്‍ അപ്പോള്‍ നിര്‍വൃതിയടയുന്നു.

കോലത്തിരിമാരുടെ സംഭാവനയാണ് സവിശേഷമായ ഈ കലാരൂപം. കോലത്തുനാട്ടരചന്‍മാരാണ് കോലത്തിരികള്‍. അതായത് പണ്ടത്തെ ചിറക്കല്‍ രാജാക്കന്മാര്‍. കോട്ടയം തമ്പുരാന്‍ കഥകളി എന്നകലാവിദ്യക്കു ബീജാദാനം നല്‍കി കേളിപ്പെട്ടതുപ്പോലെ നാടന്‍കലാപാരമ്പര്യത്തിലെ ഒരു പൊന്‍പതക്കമായി കോലത്തിരിമാരുടെ സംഭാവനയും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.

തെയ്യത്തിന്റെ ആവിര്‍ഭാവം 15-ാം നൂറ്റാണ്ടിലാണെന്നു കണക്കാക്കുന്നു. ഒരു തവണയല്ല, പല ഘട്ടങ്ങളിലായി തിരുത്തിയും പുതുക്കിയും കാലത്തെ കൈവിടാതെയും പൂര്‍ണ്ണത നേടുകയായിരുന്നു. പണ്ടത്തെ ജന്മിനാടുവാഴിത്തകാലഘട്ടത്തിലാണ് കലയും സാഹിത്യവും അഭൂതപൂര്‍വ്വമായ വികാസം നേടിയത്. വാരം, പാട്ടം എന്ന ചൂഷണവ്യവസ്ഥയായിരുന്നു ജന്മിനാടുവാഴിത്തമെന്നതും ചരിത്രം, ജാതീയമായ വേര്‍തിരിവുകളും ക്രൂരമായ വിവേചനങ്ങളുമെല്ലാം അതിനോടുപറ്റിചേര്‍ന്നുനിന്നതും മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. അതേ കാലത്തുതന്നെയാണ് സംയോഗത്തിന്റെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ആവേശത്തിന്റെയും അനിര്‍വചനീയമായ മുഹൂര്‍ത്തങ്ങള്‍ കാവുകളില്‍ തെയ്യക്കോലങ്ങള്‍ സൃഷ്ടിച്ചത്. ഓരോ ജാതിവിഭാഗത്തിനും അവരുടേതായ തെയ്യങ്ങളുണ്ട്. പല ദേവസ്ഥാനങ്ങളിലും ഒന്നിലധികം തെയ്യങ്ങള്‍ കെട്ടിയാടുന്നു.

ഇഷ്ടദേവതാപ്രീതിയാണ് തെയ്യാവിഷ്‌ക്കാരത്തിന്റെ പരമമായ ലക്ഷ്യം. നേരത്തെ സൂചിപ്പിച്ചതുപോലെ പ്രധാനക്ഷേത്രങ്ങളിലല്ല കാവ്, മുണ്ട്യ, സ്ഥാനം, അറ, പള്ളിയറ, കോട്ടം, തറവാടുകള്‍ എന്നിവിടങ്ങളിലാണ് തെയ്യാവിഷ്‌ക്കാരം. ജാതി ശ്രേണിയില്‍ അടിത്തട്ടില്‍ അടയാളപ്പെടുത്തിയ മലയന്‍, മാവിലന്‍, വണ്ണാന്‍, വേലന്‍ (തുളുവേലന്‍), കോപ്പാളന്‍ തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ടവരാണ് തെയ്യം കെട്ടുന്നത്. ഓരോ ജാതിവിഭാഗവും കുടുംബവും കോലധാരിയാകേണ്ട സ്ഥാനവും പണ്ടേ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. അതിനിളക്കമോ മാറ്റമോ ഏതുമില്ലാതെ അഭംഗുരം ഇന്നും തുടരുന്നു. സഹനവും ശാരീരികാദ്ധ്വാനവും കണക്കിലേറെ വേണ്ടിവരുന്ന ഈ കലാസാക്ഷാത്ക്കാരത്തിനും അടിമകളായി അന്നു കണക്കാക്കിയിരുന്ന അടിയാളരെത്തന്നെയാണ്. മേധാവിവര്‍ഗ്ഗം കണ്ടെത്തിയത്. ഇതു തികച്ചും സ്വാഭാവികം മാത്രം. അതിനാല്‍ തീണ്ടാപ്പാടകലെ നിഷ്‌ക്കരുണം അകറ്റിനിര്‍ത്തപ്പെട്ടവര്‍ ദേവതാസങ്കല്പത്തില്‍ കോലംധാരികളായിറങ്ങുമ്പോള്‍ ആഢ്യന്മാരായ സവര്‍ണ്ണത്തമ്പുരാക്കള്‍പോലും ഭക്തിപാരവശ്യത്തോടെ വരപ്രസാദത്തിനായി തലകുമ്പിട്ടു തൊഴുതുനില്‍ക്കുന്നത് അതിശയകരമാണ്.

തെയ്യാവിഷ്‌ക്കാരത്തില്‍ ദേവീദേവന്മാര്‍ മാത്രമല്ല, പുരാണങ്ങളിലെ കഥാപാത്രങ്ങളും, വീരപുരുഷന്മാരും ചതിവിലും വഞ്ചനയിലും ഹോമിക്കപ്പെട്ടവരും, സമൂഹത്തിനുവേണ്ടി പോരടിച്ചു വീരമൃത്യുവരിച്ചവരുമെല്ലാം പുനര്‍ജ്ജനിക്കുന്നു. ദേവതാസങ്കല്‍പ്പങ്ങളും വീരാരാധനയും അതിപ്രാചീനകാലം മുതലേ നമ്മുടെ സമൂഹത്തില്‍ സ്ഥാനംപിടിച്ചതാണ്. ദേവീസങ്കല്‍പ്പം ഉര്‍വരതയുമായി ഉള്‍ച്ചേര്‍ന്നതാണ്.

അത്ഭുതപ്രതിഭാസങ്ങളെ കണ്ടമ്പരന്ന പ്രാകൃതമനുഷ്യന്‍ പ്രകൃതിശക്തികളെ ആരാധിക്കാന്‍ തുടങ്ങി. മണ്‍മറഞ്ഞുപോയ ഗോത്രത്തലവന്മാരും പിന്നീട് ആരാധനാമൂര്‍ത്തികളായി. അന്യത്രപറഞ്ഞതുപോലെ വീരാരധനയും സഹതാപവും നേടി രൂപപ്പെട്ട കലാരൂപം വര്‍ഗ്ഗസംഘര്‍ഷങ്ങളുടെ ഉല്പന്നവുമാണ്. സംഘര്‍ഷങ്ങള്‍ മാത്രമല്ല പ്രതിരോധവും തലയെടുത്തുനില്‍ക്കുന്നുണ്ട്.

ജാതീയമായ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ പൊട്ടന്‍തെയ്യം അതിശക്തിയായി കലഹിക്കുന്നതുകാണാവുന്നതാണ്.

''നാങ്കളെ കൊത്തിയാലും ചോരതന്നെ

നീങ്കളെകൊത്തിയാലും ചോരതന്നെ ചൊവ്വറെ''

എന്നത് ജാതിയുടെ നിരര്‍ത്ഥകത ദ്യോതിപ്പിക്കുക മാത്രമല്ല ജാതിരഹിതമായ ഒരു സമൂഹത്തിന്റെ ഉത്കൃഷ്ടതയും ഉദ്‌ഘോഷിക്കുന്നു. ഇതുപോലെയുള്ള എത്രയോ സന്ദര്‍ഭങ്ങളുണ്ട്. 

തെയ്യക്കോലങ്ങളായി ആരാധിക്കപ്പെടുന്നവരുടെ ഉത്ഭവം, സഞ്ചാരം, സവിശേഷസന്ദര്‍ഭങ്ങള്‍ എന്നിവ വിശദീകരിക്കുന്നതാണ് പുരാവൃത്തങ്ങള്‍. പുരാവൃത്തങ്ങള്‍ക്കനുസരിച്ച് തെയ്യങ്ങളുടെ രൂപഭാവങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. രുധിരമോഹിയായ കാളിയുടേത് രൗദ്രഭാവമാണെങ്കില്‍ ചതിവില്‍ഹോമിക്കപ്പെട്ട മുച്ചിലോട്ടു ദേവിയുടേതു ശോകമാണ്. കഥാഘടനക്കൊത്ത് രൂപഭാവങ്ങളും ചുവടുവെപ്പുകളും വ്യത്യാസപ്പെട്ടിരിക്കും.

കഥാഘടനയുടെ അതായത് പുരാവൃത്തങ്ങളുടെ ഗാനാത്മകമായ ആവിഷ്‌കാരമാണ് തോറ്റം. സ്‌തോത്രം എന്നതിന്റെ നിഷ്പത്തിരൂപമാണ് തോറ്റം എന്നുപറയാം, തെയ്യംവരുന്നതിനുമുമ്പ് അതേക്കുറിച്ചുവര്‍ണ്ണിക്കുന്ന അനുഷ്ഠാനഗാനമാണ് തോറ്റം. അതില്‍നിന്ന് ആ തെയ്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ ലഭിക്കുന്നു. കഥകളിപദത്തില്‍നിന്ന് കഥാഘടനഗ്രഹിക്കാനാവുന്നതുപോലെ.

തെയ്യങ്ങള്‍ ചുവടുവെക്കുകയും ഭാവഹാവാദികള്‍ പ്രകടിപ്പിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. തെയ്യം സംസാരിക്കുന്നതിന് വാചാലുകള്‍ എന്നാണ് പറയുന്നത്. തെയ്യത്തിനനുസരിച്ച് വാചാലുകളിലും വ്യത്യാസമുണ്ട്. മുന്നില്‍ തൊഴുതു വണങ്ങി നില്‍ക്കുന്ന വ്യക്തിയുടെ പ്രത്യേകതകള്‍ഗ്രഹിച്ച് അതിനനുസരിച്ച് അതിസമര്‍ത്ഥമായിട്ടാണ് കോലധാരി ഉരിയാടുന്നത്.

മുച്ചിലോട്ടുഭഗവതി, കടാങ്കോട്ടുമാക്കം, കണ്ടംഭദ്ര തുടങ്ങിയ തെയ്യങ്ങള്‍ സാധ്വികളായ മഹിളാരത്‌നങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. കോലത്തിരിക്കുടുംബത്തിന്റെ ആരാധനാമൂര്‍ത്തിയായ തായിപ്പരദേവതയാണ് അമ്മദൈവങ്ങളുടെ മുഖ്യസ്ഥാനത്തുനില്‍ക്കുന്നത്. അമ്മാവനാല്‍ വധിക്കപ്പെട്ട ഒരു കന്യകയുടെ അവതരണമാണ് മനയില്‍ഭഗവതി. അക്ഷരവിഹീനരാല്‍ എരിയ്ക്കപ്പെട്ടവനാണ് പെരിയാട്ടുകണ്ടം.

പറയര്‍, പുലയര്‍ തുടങ്ങിയ അധ:കൃതവിഭാഗങ്ങള്‍ക്കും പ്രത്യേകം തെയ്യങ്ങളുണ്ട്. കാരിക്കുരിക്കള്‍ ഐപ്പിള്ളിത്തെയ്യം, വെള്ളൂക്കുരിക്കള്‍, വട്ട്യന്‍പൊള്ള എന്നിവ പുലയസമുദായത്തിന്റെ തെയ്യങ്ങളാണ്. വേഷംകെട്ടിവീടുതോറും കയറിയിറങ്ങുന്ന കോലങ്ങളുമുണ്ട്. ഇതിനെ ഐശ്വര്യത്തിന്റെ വരവറിയിക്കലായി കണക്കാക്കുന്നു.

ആടിവേടന്‍, കര്‍ക്കിടോത്തി, കലിയന്‍, കലിച്ചി, മറുത, ഗുളികന്‍ എന്നിവ ഈ വിഭാഗത്തിലാണ്. വടക്കന്‍പാട്ടുകളിലെ വീരനായകരില്‍ തച്ചോളി ഉദയനന്‍, പയ്യമ്പള്ളിചന്തു, മുരിക്കഞ്ചേരികേളു എന്നിവരും കോലരൂപങ്ങളായി ആദരിക്കപ്പെടുന്നു. മുരിക്കഞ്ചേരികേളു കോലത്തിരിയുടെ പടനായകനായിരുന്നു പോലും. കണ്ടനാര്‍കേളന്‍,പെരുമ്പുഴയച്ഛന്‍, പെരിയാട്ടുകണ്ടര്‍, മലവീരന്‍ തുടങ്ങിയവര്‍ ദുര്‍മൃതി പ്രാപിച്ചവരായിട്ടാണ് പുരാവൃത്തങ്ങള്‍ അനുസ്മരിപ്പിക്കുന്നത്.

തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍ പരിശോധിച്ചാല്‍ ഭൂരിഭാഗവും സാധാരണമനുഷ്യനായി ജനിച്ചുവളര്‍ന്ന് മരിച്ചവരാണെന്നുകാണാം. സമൂഹത്തിനുവേണ്ടി പോരടിച്ചു മൃത്യുവിനെ വരിച്ചവരും, അനീതികളെ പ്രതിരോധിച്ചവരും ചതിയില്‍ ജീവന്‍പൊലിഞ്ഞവരുമെല്ലാം നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

പുരുഷമേധാവിത്വം സൃഷ്ടിച്ച ദുരന്തകഥാപാത്രങ്ങളാണ് മുച്ചിലോട്ടമ്മ, തോട്ടുംകരഭഗവതി, മാക്കഭഗവതി, ചോന്നമ്മ തുടങ്ങിയവര്‍.

വീരാരാധനയും ശോകാര്‍ദ്രചിന്തകളും സ്ഥായീഭാവം നല്‍കിയ തെയ്യം എന്ന കലാരൂപം കാലം ചിതലരിക്കാതെ ഒളിചിതറിനില്‍ക്കുന്നു. ആത്മീയപരിവേഷമുള്ളതിനാല്‍ ഭക്തജനങ്ങള്‍ക്കും കുറവില്ല. മറ്റു പലതിനെയുംപോലെ ഫോക്ക്പാരമ്പര്യത്തിലെ ഒരു പൊന്‍പതക്കമായി എന്നും നമ്മുക്കിതിനെ മനസ്സില്‍ താലോലിക്കാം.

വേഷംകെട്ടി പുലരുവോളം അനേകമണിക്കൂറുകള്‍ താണ്ടിനില്‍ക്കുന്ന കോലധാരികളുടെ കദനകഥകള്‍ ഇപ്പോഴും വിസ്മൃതിയില്‍ത്തന്നെ. കലയും കലാകാരനും ഒരുപോലെ അംഗീകരിക്കപ്പെടേണ്ടവനാണ്.

    

ജി. ഡി. നായര്‍ - കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രകാരന്‍. തൊഴിലാളിപ്രസ്ഥാനം, അദ്ധ്യാപകപ്രസ്ഥാനം എന്നിവയുടെ ചരിത്രം എഴുതിയിരിക്കുന്നു. ഗവേഷണകുതുകി.
    Address:

    പയ്യന്നൂര്

Tags: Thanal Online, web magazine dedicated for poetry and literature ജി. ഡി. നായര്‍ , തെയ്യം- ഫോക്കിലെ പൊന്‍പതക്കം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക